യുഎസിലേക്ക് രക്ഷപ്പെട്ട പത്തൊൻപതുകാരനെതിരെ ഇന്റർപോൾ നോട്ടിസ്; വിവരം നൽകിയാൽ 1.5 ലക്ഷം
Mail This Article
ന്യൂഡൽഹി∙ ഹരിയാന സ്വദേശിയായ പത്തൊൻപതുകാരനെതിരെ ഇന്റർപോൾ െറഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചു. നിരവധി ക്രിമിനൽ ഗൂഢാലോചനകളിലും കൊലപാതക ശ്രമങ്ങളിലും പങ്കുള്ള യോഗേഷ് കദ്യാനെതിരെയാണ് നോട്ടിസ് പുറപ്പെടുവിച്ചത്. 2 വർഷം മുമ്പ് യുഎസിലേക്ക് രക്ഷപ്പെട്ട യോഗേഷ് കദ്യാൻ, ഗുണ്ടാനേതാവ് ലോറൻസ് ബിഷ്‌ണോയിക്കെതിരെ പ്രവർത്തിക്കുന്ന സംഘത്തിപ്പെട്ട ആളാണെന്ന് അധികൃതർ അറിയിച്ചു.
17-ാം വയസ്സിൽ വ്യാജ പാസ്‌പോർട്ടിൽ കദ്യാൻ യുഎസിലേക്ക് രക്ഷപ്പെടുകയായിരുന്നു. നിലവിൽ യുഎസിലെ ബബിൻഹ സംഘത്തിന്റെ ഭാഗമായ കദ്യാൻ അത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ വിദഗ്ധനാണ്. ഖലിസ്ഥാൻ ഭീകരരുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് അധികൃതർ അറിയിച്ചു. കദ്യാന്റെ വീട്ടിലും ഇയാളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അടുത്തിടെ റെയ്ഡ് നടത്തിയിരുന്നു. ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 1.5 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ, ഗുണ്ടാനേതാവ് ഭൗവു എന്നു വിളിക്കപ്പെടുന്ന ഹിമാൻഷുവിനെതിരെയും ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
ലോറൻസ് ബിഷ്‌ണോയി സംഘത്തെ തകർത്ത് യുഎസിലും കാനഡയിലും ആധിപത്യം സ്ഥാപിക്കാനാണ് ഇവരുടെ നീക്കമെന്നും അന്വേഷണ ഏജൻസി അറിയിച്ചു. ലഹരിമരുന്ന് കള്ളക്കടത്ത് കേസിൽ പിടിയിലായ ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയി ഇപ്പോൾ അഹമ്മദാബാദ് ജയിലിലാണ്. ഗായകൻ സിദ്ദു മൂസവാലയെ കൊലപ്പെടുത്തിയ കേസിലും ബിഷ്‌ണോയി പ്രതിയാണ്. അടുത്തിടെ കാനഡയിൽ ഖാലിസ്ഥാൻ ഭീകരൻ സുഖ്ദൂൽ സിങ്ങിനെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തവും ബിഷ്ണോയിയുടെ സംഘം ഏറ്റെടുത്തിരുന്നു. ബിഷ്ണോയ് നേരത്തെ പലതവണ നടൻ സൽമാൻ ഖാനെയും ഭീഷണിപ്പെടുത്തിയിട്ടുണ്ട്.