ADVERTISEMENT

കൊച്ചി ∙ ഷവർമ കഴിച്ചുവെന്നു കരുതുന്ന പാലാ ചെമ്പിളാവ് സ്വദേശി രാഹുൽ ഡി.നായർ (24) മരിച്ച കേസിൽ സമാനരീതിയിലെ ഭക്ഷ്യവിഷബാധയുമായി 6 പേർ കൂടി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതായി തൃക്കാക്കര നഗരസഭാ മെഡിക്കൽ ഓഫിസർ ജില്ലാ മെഡിക്കൽ ഓഫിസർക്കു റിപ്പോർട്ട് നൽകി. കാക്കനാട് സ്വദേശികളായ ഐഷ്ന അജിത് (34), അഥർവ് അജിത് (8), ആഷ്മി അജിത് (3), ശ്യാംജിത് (30), അഞ്ജലി (26), ശരത് (26) എന്നിവരാണു വിവിധ ദിവസങ്ങളിലായി ചികിത്സ തേടിയതായി കണ്ടെത്തിയത്. മരണമടഞ്ഞ രാഹുലിനെ സൺറൈസ് ആശുപത്രിയിലെത്തിച്ച ദിവസം മറ്റു 2 പേർ കൂടി ഇതേ ലക്ഷണങ്ങളുമായി ചികിത്സയ്ക്കെത്തിയതായി ആശുപത്രി അധികൃതരും ഡിഎംഒയ്ക്ക് റിപ്പോർട്ട് നൽകി.

രാഹുലിന്റെ രക്തം അമൃത ആശുപത്രിയിൽ വിശദമായി പരിശോധിച്ചപ്പോൾ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട സാൽമൊണല്ല ബാക്ടീരിയയുടെ സാന്നിധ്യം ബോധ്യപ്പെട്ടതായി അധികൃതർ പറഞ്ഞു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ലഭ്യമായ ശേഷമേ ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കാനാക‌ൂ എന്നു പൊലീസ് പറഞ്ഞു. രാഹുലിന്റെ സഹോദരൻ കാർത്തിക്കിന്റെ പരാതിയിൽ മാവേലിപുരത്തെ ലെ ഹയാത്ത് ഹോട്ടൽ ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. 

സംസ്കാരം നടത്തി

ഷവർമയിലൂടെ ഭക്ഷ്യവിഷബാധ ഉണ്ടായെന്ന സംശയത്തെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച കിടങ്ങൂർ ചെമ്പിളാവ് ചിറക്കരക്കുഴിയിൽ രാഹുൽ ഡി.നായരുടെ (24) സംസ്കാരം വീട്ടുവളപ്പിൽ നടത്തി.

ബർഗറും സാൻഡ്‍വിച്ചും കഴിച്ച  11 പേർക്ക് ഭക്ഷ്യവിഷബാധ

വെള്ളറട (തിരുവനന്തപുരം) ∙ അമ്പൂരിയിൽ ബേക്കറിയിൽ പാകം ചെയ്ത ചിക്കൻ ബർഗറും സാൻഡ്‍വിച്ചും കഴിച്ച 11 പേർക്ക് ഭക്ഷ്യവിഷബാധ. ചികിത്സ തേടിയവരിൽ ബേക്കറി ഉടമയും ഭാര്യയും ഉൾപ്പെടുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ബേക്കറി പൂട്ടി. തിങ്കളാഴ്ചയാണ്  ഇവർ ബർഗറും സാൻഡ്‌വിച്ചും കഴിച്ചത്.

പിറ്റേന്നു മുതൽ ഛർദിയും വയറിളക്കവും തുടങ്ങിയതോടെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി.  പനിയും ബാധിച്ചു.  അമ്പൂരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തക സ്വകാര്യ ആശുപത്രികളിൽ എത്തി വിവരങ്ങൾ ശേഖരിച്ച് ഭക്ഷ്യ വിഷബാധയാണെന്നു സ്ഥിരീകരിച്ചു. ആരുടെയും നില ഗുരുതരമല്ല.

English Summary:

Kochi Youth Death after eating Shawarma: 6 more people with similar food poisoning sought treatment at various hospitals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com