ADVERTISEMENT

ഹാമിർപുർ (ഹിമാചൽ പ്രദേശ്) ∙ ‘ചോദ്യത്തിനു പണം’ വിവാദത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ദേശീയ സുരക്ഷ വിട്ടുവീഴ്ച ചെയ്ത് വലിയ അഴിമതിയാണ് എംപി നടത്തിയതെന്ന് മന്ത്രി ആരോപിച്ചു. പാർലമെന്ററി കമ്മിറ്റി വിളിപ്പിച്ചാൽ ആരായാലും ഹാജരായി അവരുടെ ഭാഗം വ്യക്തമാക്കണമെന്നും മഹുവ തെറ്റുകള്‍ അംഗീകരിച്ചില്ലെങ്കിലും സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. 

എത്തിക്സ് കമ്മിറ്റിക്കു മുന്നിൽ ഹാജരാകാൻ തീയതി മാറ്റി നൽകണമെന്ന മഹുവയുടെ ആവശ്യത്തോടുള്ള പ്രതികരണമായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ‘‘എങ്ങനെയാണ് ഇത്തരം രഹസ്യവിവരങ്ങൾ ഒരു എംപി മറിച്ചുവിറ്റതെന്ന് രാജ്യത്തിന് അറിയണം. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണിത്. വലിയ അഴിമതിയാണ് ഇതിനു പിന്നിൽ. സംഭവത്തിൽ എത്രയും വേഗം അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. വളരെ ആശങ്കപ്പെടുത്തുന്ന വിഷയമാണിത്’’ – മന്ത്രി പറഞ്ഞു.

മഹുവയ്‌ക്കെതിരെ വിമർശനവുമായി നിരവധി ബിജെപി നേതാക്കൾ രംഗത്തുവന്നതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയും പ്രതികരിച്ചത്. മഹുവ ചെയ്തത്, 2005ൽ പാർലമെന്റിൽനിന്ന് പുറത്താക്കപ്പെട്ട ബിഎസ്പി എംപി രാജാ രാംപാലിന്റെ പ്രവൃത്തിക്ക് സമാനമാണെന്ന് ബിജെപി പറഞ്ഞു. അന്ന് റിലയൻസിനെതിരെ ചോദ്യമുന്നയിക്കാൻ രാംപാൽ പണം വാങ്ങിയെന്നായിരുന്നു ആരോപണമെന്നും ബിജെപി ചൂണ്ടിക്കാട്ടി.

ദർശൻ ഹിരാനന്ദാനിക്ക് ലോഗിൻ വിവരങ്ങൾ നൽകിയതായി കഴിഞ്ഞ ദിവസം ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ മഹുവ മൊയ്ത്ര വെളിപ്പെടുത്തി. താൻ പണം സ്വീകരിച്ചിട്ടില്ലെന്നും വിഷയവുമായി ബന്ധപ്പെട്ട് ഹിരാനന്ദാനിയെ ക്രോസ് വിസ്താരം നടത്താനുള്ള അവസരം നല്‍കണമെന്നും മഹുവ ആവശ്യപ്പെട്ടു. രാജ്യത്തിനു പുറത്തുനിന്ന് ലോഗിൻ ചെയ്താൽ സുരക്ഷാ വീഴ്ചയാണെന്ന ആരോപണം പരിഹാസ്യമാണെന്നും മഹുവ പറഞ്ഞു.

English Summary:

Anurag Thakur Shreds Mahua Moitra For Compromising "National Security"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com