ADVERTISEMENT

ന്യൂയോർക്ക്∙ ഗാസയില്‍ ഇസ്രയേൽ ആക്രമണം ശക്തമാക്കുന്നതിനിടെ സമാധാന ആഹ്വാനവുമായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഗുട്ടെറെസ് സമാധാനത്തിനായി അഭ്യർഥിച്ചത്. ‘‘മധ്യ ഏഷ്യയിൽ വെടിനിർത്തലിന് ആവർത്തിച്ച് ആവശ്യപ്പെടുകയാണ്. ബന്ദികളെ ഉപാധികളില്ലാതെ വിട്ടയയ്ക്കണം. ജീവൻ രക്ഷാ വസ്തുക്കൾ വിതരണം ചെയ്യാൻ സാധിക്കണം. എല്ലാവരും ഉത്തരവാദിത്തം നിറവേറ്റണം. ഇതു ന്യായത്തിന്റെ സമയമാണ്. ചരിത്രം നമ്മളെ വിധിക്കും.’’– ഗുട്ടെറസ് കുറിച്ചു. 

ഇതിനിടെ ഗാസയില്‍ കരയുദ്ധത്തിലേക്ക് കടന്ന ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിച്ചു. തുരങ്കങ്ങളെ ലക്ഷ്യമാക്കി 150 ആക്രമണങ്ങള്‍ 24 മണിക്കൂറിനിടെ നടത്തിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഹമാസിന്റെ വ്യോമനീക്കങ്ങളെ ഏകോപിപ്പിച്ചിരുന്ന കമാന്‍ഡര്‍ അസിം അബു റകാബയെ കൊലപ്പെടുത്തിയതായും ഇസ്രയേല്‍ അവകാശപ്പെട്ടു. വെടിനിര്‍ത്തല്‍ ആഹ്വാനങ്ങളെ പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് ഇസ്രയേല്‍ നീക്കങ്ങള്‍. വെടിനിര്‍ത്തല്‍ എന്ന വാക്ക് പോലും തങ്ങള്‍ പരിഗണിക്കുന്നില്ല. ഹമാസിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം നേടാതെ തങ്ങള്‍ക്ക് വിശ്രമമില്ലെന്ന് ഇസ്രയേല്‍ അറിയിച്ചു.

ഇസ്രയേൽ സൈന്യം കര വഴിയുള്ള ആക്രമണം കടുപ്പിച്ചതോടെ ഗാസയിൽ മരണസംഖ്യ ഉയർന്നു. ഈ മാസം 7 മുതൽ ഇതുവരെ 7326 പലസ്തീൻകാർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രയേൽ കരസേന, വ്യോമസേനയുടെ പിന്തുണയോടെ വടക്കൻ ഗാസയിൽ വീണ്ടും മിന്നലാക്രമണം നടത്തി. വ്യോമാക്രമണം കിഴക്കൻ ഗാസയിലേക്കു കൂടി വ്യാപിപ്പിക്കുകയും ചെയ്തു.

പ്രദേശത്ത് അതിരൂക്ഷമായ ബോംബാക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ, ഫോൺ, ഇന്റർനെറ്റ് ബന്ധങ്ങൾ വിച്ഛേദിച്ചു. ഗാസയിൽ ജലവിതരണം ഉൾപ്പെടെ അടിസ്ഥാന സേവനങ്ങളെല്ലാം താറുമാറായി ജനം ഗുരുതരമായ അനാരോഗ്യത്തിന്റെ വക്കിലാണെന്നു യുഎൻ ദുരിതാശ്വാസ ഏജൻസി മുന്നറിയിപ്പു നൽകി. മലിനജലം ഒഴുകിപ്പരന്ന് ഗാസയിലെ തെരുവുകൾ രോഗകേന്ദ്രങ്ങളായി മാറുകയാണെന്ന് ഏജൻസി കമ്മിഷണർ ജനറൽ ഫിലിപ്പെ ലസറീനി പറഞ്ഞു.

English Summary:

History will judge us all,’ UN chief Antonio Guterres

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com