ADVERTISEMENT

ന്യൂഡൽഹി ∙ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്കെതിരെ മാധ്യമപ്രവർത്തകയുടെ പരാതി ലഭിച്ചെന്നു കേരള വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി. പത്രപ്രവർത്തക യൂണിയന്റെയും പരാതി ലഭിച്ചു. പൊലീസിനോട് ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദേശം നൽകി. പരാതിയിൽ അന്വേഷണം നടത്തി കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയോട് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 31നു കോട്ടയത്ത്‌ പബ്ലിക് ഹിയറിങ് നടക്കുമെന്നും സതീദേവി പറഞ്ഞു.

മാപ്പു പറഞ്ഞാൽ തീരുന്ന പ്രശ്നമല്ലെന്നും വിഷയത്തെ ഗൗരവമായാണു വനിത കമ്മിഷൻ കാണുന്നതെന്നും സതീദേവി വ്യക്തമാക്കി. ‘‘മാപ്പ് സ്വീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത് അധിക്ഷേപത്തിന് ഇരയായ സ്ത്രീയാണ്. സുരേഷ് ഗോപിയുടെ മാപ്പു പറച്ചിൽ തുറന്ന മാപ്പു പറച്ചിലായി പരാതിക്കാരി കാണുന്നില്ല. തുടർനടപടികൾ സ്വീകരിക്കും എന്നാണു പരാതിക്കാരി പറഞ്ഞിട്ടുള്ളത്’’– സതീദേവി ചൂണ്ടിക്കാട്ടി.

ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യംചോദിക്കവേയാണു സുരേഷ് ഗോപി മാധ്യമപ്രവർത്തകയുടെ തോളിൽ കൈവയ്ക്കുകയും മോളെ എന്നു വിളിക്കുകയും ചെയ്തത്. സുരേഷ് ഗോപിയുടെ മോശം പെരുമാറ്റത്തിൽ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നു മാധ്യമപ്രവർത്തക വ്യക്തമാക്കി.

‘‘തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു അദ്ദേഹം മോളെ എന്നു വിളിക്കുകയും തോളിൽ തഴുകുകയും ചെയ്തത്. ആ സമയത്തു പെട്ടെന്ന് ഷോക്കായി. എന്താണു നടക്കുന്നതെന്നു മനസ്സിലായില്ല. അദ്ദേഹത്തിന്റെ കൈ എടുത്തു മാറ്റാൻ വേണ്ടിയാണു പിന്നിലേക്കു വലിഞ്ഞത്.  മാധ്യമ പ്രവർത്തകയായതിനാൽ എനിക്കതിൽ തുടർ ചോദ്യങ്ങളുണ്ടായിരുന്നു.

അതുകൊണ്ടു തന്നെ വീണ്ടും അദ്ദേഹത്തോടു ചോദ്യം ചോദിച്ചു. അപ്പോഴും അദ്ദേഹത്തിന്റെ പ്രതികരണം അങ്ങനെ തന്നെയായിരുന്നു. സുരേഷ് ഗോപി തോളിൽ കൈവച്ചത് സഹിക്കാൻ പറ്റുന്ന കാര്യമായിരുന്നില്ല. എനിക്കത് കംഫർട്ട് ആയിരുന്നില്ല. ഞാൻ പോയിരിക്കുന്നത് സുരേഷ് ഗോപി എന്ന രാഷ്ട്രീയ നേതാവിനോടു ചോദ്യം ചോദിക്കാനാണ്, അല്ലാതെ മറ്റൊരു സൗഹൃദ സംഭാഷണത്തിനല്ല’’– മാധ്യമപ്രവർത്തക പറഞ്ഞു.

English Summary:

P Sathidevi says they got complaint from journalist against Suresh Gopi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com