ADVERTISEMENT

തിരുവനന്തപുരം∙ കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ടു സമൂഹമാധ്യമത്തിൽ കുറിപ്പിട്ട ബിജെപി നേതാവ് സന്ദീപ് വാരിയര്‍ക്കെതിരെ എഐവൈഎഫ്‌ സംസ്ഥാന പ്രസിഡന്റ് എൻ.അരുൺ, കളമശ്ശേരി പൊലീസിൽ പരാതി നൽകി. സമൂഹത്തിൽ വർഗീയ കലാപങ്ങൾ ഉണ്ടാക്കുക, മുസ്‌ലിം സമുദായത്തിൽ വിശ്വസിക്കുന്ന ജനങ്ങളെ തീവ്രവാദികളായി ചിത്രീകരിക്കുക തുടങ്ങിയ ഗൂഢരാഷ്ട്രീയ ലക്ഷ്യത്തോടെയാണു പ്രചാരണമെന്നു പരാതിയിൽ ആരോപിച്ചു. സന്ദീപ് വാരിയർ പിൻവലിച്ച ഫെയ്സ്ബുക് കുറിപ്പിന്റെ സ്ക്രീൻഷോട്ട് സഹിതമാണു പരാതി നൽകിയിട്ടുള്ളത്.

കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ടു വിദ്വേഷ പ്രചരണം നടത്തിയവർക്കെതിര സർക്കാർ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ചോദിച്ചു. ചില വാർത്താ ചാനലുകൾ, ഓൺലൈൻ ചാനലുകൾ, സന്ദീപ് വാരിയർ തുടങ്ങിയവർ വിദ്വേഷ പ്രചരണം നടത്തിയെന്നും ഇവർക്കെതിരെ 153 (എ) പ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ടു യൂത്ത് ലീഗ് ഡിജിപിക്ക് പരാതി നൽകിയെന്നും അദ്ദേഹം അറിയിച്ചു.

കൊല്ലത്ത് സൈനികൻ പുറത്ത് സ്വയം ചാപ്പ കുത്തിയതും കാസർകോട്ട് വിദ്യാർഥികൾ ബസ് തടഞ്ഞതും സമാനമായ രീതിയിൽ വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചിരുന്നെന്നു ഫിറോസ് പറഞ്ഞു. വിദ്വേഷ പ്രചരണം നടത്തുന്നവർക്കെതിരെ നേരത്തേതന്നെ ഡിജിപിക്ക് യൂത്ത് ലീഗ് പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. വെറുപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നു പറയുന്ന ആഭ്യന്തര വകുപ്പ്, നിരന്തരം ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെട്ടിട്ടും മൗനം തുടരുന്നതു സംശയാസ്പദമാണ്. ആഭ്യന്തര വകുപ്പിന്റെ ഒത്താശയോടെയാണ് ഇത്തരത്തിലുള്ള പ്രചരണങ്ങൾ നടക്കുന്നതെന്നു സംശയിക്കേണ്ടി വരും. നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി യൂത്ത് ലീഗ് മുന്നോട്ടുവരുമെന്നും ഫിറോസ് വ്യക്തമാക്കി.

English Summary:

Complaint lodged against Sandeep Warrier for social media post about Kalamassery blast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com