ഡൽഹി മദ്യനയക്കേസ്: മനിഷ് സിസോദിയയ്ക്ക് തിരിച്ചടി; ജാമ്യം അനുവദിക്കാതെ സുപ്രീംകോടതി
Mail This Article
ന്യൂഡൽഹി ∙ ഡല്‍ഹി മദ്യനയ കേസിൽ മുൻ ഡൽഹി ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനിഷ് സിസോദിയയ്ക്ക് ജാമ്യം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതി. അന്വേഷണ ഏജൻസി ആറു മുതൽ എട്ടു മാസത്തിനുള്ളിൽ വിചാരണ തീര്‍ക്കണമെന്നും കോടതി നിർദേശിച്ചു. നടപടികൾ വേഗത്തിലായില്ലെങ്കിൽ സിസോദിയയ്ക്ക് വീണ്ടും ജാമ്യാപേക്ഷ നൽകാമെന്നും കോടതി വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിൽ പങ്കുണ്ടെന്നു കാണിച്ച് സിസോദിയയെ സിബിഐ അറസ്റ്റു ചെയ്തത്. ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ സിസോദിയയെ തടവിൽ വയ്ക്കാൻ കഴിയില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ കോടതിയുടെ എല്ലാ ചോദ്യങ്ങൾക്കും മതിയായ മറുപടി നൽകിയിട്ടില്ലെന്ന് കോടതി ഇന്നും ആവർത്തിച്ചു. ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന, എസ്.വി.എൻ.ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ എഎപി നേതാവ് സഞ്ജയ് സിങ്ങിനെ ഒക്ടോബർ നാലിന് സിബിഐ അറസ്റ്റു െചയ്തിരുന്നു. 2021-22ലെ ഡല്‍ഹി സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് കേസ് റജിസ്റ്റര്‍ ചെയ്തതും സിബിഐ അന്വേഷണം തുടങ്ങിയതും. തുടര്‍ന്ന് മദ്യനയം സര്‍ക്കാരിനു പിന്‍വലിക്കേണ്ടി വന്നു. കേസുമായി ബന്ധപ്പെട്ട് ഏപ്രിലില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ഒന്‍പതു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
നയരൂപീകരണത്തില്‍ മദ്യക്കമ്പനികളുടെ ഇടപെടലുണ്ടായെന്നും സ്ഥാപനങ്ങള്‍ക്ക് 12 ശതമാനം ലാഭം ലഭിക്കുന്ന അവസ്ഥ ഉണ്ടായെന്നും സിബിഐ കണ്ടെത്തി. 'സൗത്ത് ഗ്രൂപ്പ്' എന്നറിയപ്പെടുന്ന മദ്യലോബി ഇതിനായി വന്‍തുക കൈക്കൂലി നല്‍കിയെന്നും സിബിഐ ആരോപിക്കുന്നു. 12 ശതമാനം ലാഭത്തില്‍നിന്ന് ആറ് ശതമാനം ഇടനിലക്കാര്‍ വഴി പൊതുപ്രവര്‍ത്തകര്‍ക്കു ലഭിച്ചുവെന്നും സിബിഐ അവകാശപ്പെടുന്നു. കൈക്കൂലിയായി ലഭിച്ച പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസാണ് ഇഡി അന്വേഷിക്കുന്നത്.