ADVERTISEMENT

കൊൽക്കത്ത∙ ഒരു ലക്ഷം രൂപയ്ക്ക് കാർ എന്ന സ്വപ്ന പദ്ധതിയുമായി ബംഗാളിൽ ചെന്നിറങ്ങിയ ടാറ്റയ്ക്കുണ്ടായ കോടികളുടെ നഷ്ടം പരിഹരിക്കണമെന്ന ട്രൈബ്യൂണൽ വിധി ബംഗാൾ സർക്കാരിനേറ്റ തിരിച്ചടിയാണ്. 765.78 കോടി രൂപയും 2016 മുതലുള്ള പലിശയും സർക്കാർ നൽകണമെന്നാണ് ട്രൈബ്യൂണൽ ഉത്തരവ്. 2008ൽ 1500 കോടി രൂപയാണ് ടാറ്റ ബംഗാളിലെ സിംഗൂരിൽ മുടക്കിയത്. പലിശയടക്കം കിട്ടിയാലും ടാറ്റയുടെ നഷ്ടം നികത്താൻ സാധിക്കുന്ന തുക വരില്ലെന്നാണു കണക്കുകൂട്ടൽ. സിംഗൂരിലെ നാനോ കാർ പ്ലാറ്റ് ടാറ്റയ്ക്കു കനത്ത നഷ്ടമുണ്ടാക്കുക മാത്രമല്ല ബംഗാളിലെ ഇടതുപക്ഷത്തെ തകർത്തു തരിപ്പണമാക്കുകയും ചെയ്തു. ടാറ്റയുെട പ്ലാന്റ് പൂട്ടിക്കാൻ മുന്നിൽ നിന്ന മമതയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയെന്നതും ശ്രദ്ധേയം. 

ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഇടതു മുന്നണി സർക്കാർ 2006ൽ അധികാരമേറ്റ ദിവസമാണ് സിംഗൂരിലെ നാനോ കാർ പദ്ധതിക്കായി ടാറ്റാ മോട്ടോഴ്‌സുമായി കരാർ ഒപ്പുവച്ചത്. ബംഗാളിലെ ഇടതു ഭരണത്തിന്റെ കഷ്‌ടജാതകമായി ആ കരാർ മാറി. അഞ്ചു വർഷത്തിനുശേഷം, 2011ൽ ബുദ്ധദേവിനും കൂട്ടർക്കും ഭരണം നഷ്‌ടമായി.

എന്നാൽ, 34 വർഷം തുടർച്ചയായി ഭരിച്ച ഇടതു സർക്കാർ റൈറ്റേഴ്‌സ് ബിൽഡിങ്ങിൽനിന്നു പടിയിറങ്ങുംമുൻപേ, 2009ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽതന്നെ മാറ്റത്തിന്റെ വ്യക്‌തമായ സൂചനകളുണ്ടായി. സിംഗൂറും നന്ദിഗ്രാമുമാണ് പ്രശ്‌നമായതെന്നു സിപിഎം ദേശീയ നേതൃത്വം പരോക്ഷമായി സമ്മതിച്ചപ്പോൾ, ഇന്ത്യ – യുഎസ് ആണവ കരാറിന്റെ പേരിൽ യുപിഎ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതും അതിനു കാട്ടിയ തിടുക്കവുമാണ് പ്രശ്‌നമായതെന്ന് ബംഗാൾ പാർട്ടി വാദിച്ചു.

സിംഗൂരിലും നന്ദിഗ്രാമിലും ഭൂമി ഏറ്റെടുക്കുന്ന നടപടിയിൽ കമ്യൂണിസ്‌റ്റ് സർക്കാരിന്റെ ഏകാധിപത്യപ്രവണത പ്രകടമായിരുന്നു. പൊതുതാൽപര്യത്തിനു വേണ്ടിയാണു ഭൂമി ഏറ്റെടുത്തതെങ്കിലും സർക്കാർ ജനാധിപത്യരീതി അവലംബിച്ചില്ല. ചർച്ചകളിലൂടെ കർഷകരെ വിശ്വാസത്തിലെടുത്തുമില്ല. പാർട്ടി കേഡറിനെ വരെ ഉപയോഗിച്ചു പാവം കർഷകരുടെ ഒപ്പ് ബലമായി വാങ്ങി. ഇടതു സർക്കാരിന്റെ ഈ ബലാൽക്കാരത്തിനെതിരെ കർഷകരെ സംഘടിപ്പിക്കാനായി എന്നതായിരുന്നു മമത ബാനർജിയുടെ രാഷ്‌ട്രീയ നേട്ടം.

തന്റെ ഏറ്റവും വലിയ ശത്രുവായ മാർക്‌സിസ്‌റ്റുകൾക്കെതിരെ കർഷകരുടെ പേരിൽ ഏറ്റുമുട്ടിയ മമതയുടെ നോട്ടം വോട്ടുബാങ്കുകളിൽ തന്നെയായിരുന്നു. ഭൂമി നഷ്‌ടപ്പെട്ട ന്യൂനപക്ഷങ്ങളും മമതയിൽ തങ്ങളുടെ രക്ഷകയെ കണ്ടെത്തി. വല്യേട്ടനെ ഒരു പാഠം പഠിപ്പിക്കുന്നതിനായി നക്‌സൽ സംഘടനകളും മമതയെ പിന്തുണച്ചു. ഇതോടെ, സിംഗൂരിൽ നിർമാണ പ്രവർത്തനങ്ങൾ നിലച്ചു.

നാനോ കാർ നിർമിക്കുന്നതിനായി സിംഗൂരിൽ ഏറ്റെടുത്ത 997 ഏക്കർ ഭൂമി ബംഗാൾ സർക്കാർ നഷ്‌ടപരിഹാരം നൽകിയാൽ തിരിച്ചുനൽകാമെന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റ വ്യക്‌തമാക്കി. നഷ്‌ടപരിഹാരം നൽകാതെ ഭൂമി തിരിച്ചുനൽകുന്ന പ്രശ്‌നമില്ല. കാർ ഫാക്‌ടറി സ്‌ഥാപിക്കാൻ വലിയ മുതൽമുടക്ക് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭൂമി തങ്ങളുടെ പക്കൽ തന്നെ നിലനിർത്തുന്ന പക്ഷം എന്താണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് രത്തൻ ടാറ്റ വെളിപ്പെടുത്തിയിട്ടില്ല. 1500 കോടി രൂപ ഇവിടെ മുടക്കിയിട്ടുണ്ട്. ഇപ്പോൾ അവിടെ ബദൽ പദ്ധതികളൊന്നും ആലോചനയിലില്ല. സർക്കാരിനു മറ്റെന്തെങ്കിലും പദ്ധതിയുണ്ടെങ്കിൽ അതുമായി സഹകരിക്കാൻ തയാറാണ്. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് നിർദേശമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം ഒരിക്കൽ വ്യക്തമാക്കിയിരുന്നു. ഇവിടെ റെയിൽവേ പദ്ധതി തുടങ്ങാമെന്ന മമത ബാനർജിയുടെ നിർദേശത്തെപ്പറ്റി ചോദിച്ചപ്പോൾ ഭൂമി മമതയുടേതല്ലെന്നും തങ്ങളുടെ പേരിലുള്ളതാണെന്നും അദ്ദേഹം അന്നു പറഞ്ഞു. ബലമായി ഏറ്റെടുത്ത ഭൂമിയിൽ 400 ഏക്കർ കർഷകർക്കു തിരിച്ചു നൽകിയാൽ ശേഷിക്കുന്ന സ്‌ഥലത്ത് റെയിൽവേ പദ്ധതി തുടങ്ങാമെന്നായിരുന്നു മമതയുടെ വാഗ്‌ദാനം.

ഒരുലക്ഷം രൂപയ്‌ക്ക് ഒരു ചെറുകാർ എന്ന സ്വപ്‌നപദ്ധതിക്കു ടാറ്റ തിരഞ്ഞെടുത്തതു ബംഗാളായിരുന്നു. ഫാക്‌ടറിയും അനുബന്ധ സ്‌ഥാപനങ്ങളും സിംഗൂരിൽ ഏതാണ്ട് ഒരുങ്ങിയപ്പോൾ തന്നെ വേദനാജനകവും കോടികളുടെ നഷ്‌ടം കമ്പനിക്കു വരുത്തിവയ്‌ക്കുന്നതുമായ തീരുമാനത്തിനു ടാറ്റ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റ നിർബന്ധിതനായി. രാഷ്‌ട്രീയ ഉപരോധം നേരിട്ടുകൊണ്ടു ഫാക്‌ടറി നടത്താനാവില്ലെന്നും അതിനാൽ, അനുകൂലമായ തൊഴിൽ അന്തരീക്ഷമുള്ള ഏതെങ്കിലും സംസ്‌ഥാനത്തേക്കു കാർ ഫാക്‌ടറി പറിച്ചുനടുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നു. ഒടുവിൽ ഫാക്ടറി ഗുജറാത്തിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. 

English Summary:

Tata motors and Bengal government case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com