മകനും മരുമകൾക്കും മത്സരിക്കണം: സാരൻ മണ്ഡലത്തെച്ചൊല്ലി ലാലു കുടുംബത്തിൽ തർക്കം

Mail This Article
പട്ന ∙ സാരൻ ലോക്സഭാ സീറ്റിനെ ചൊല്ലി ലാലു പ്രസാദ് യാദവ് കുടുംബത്തിൽ തർക്കം. ആർജെഡി അധ്യക്ഷൻ ലാലുവിന്റെ മണ്ഡലമായിരുന്ന സാരൻ സീറ്റിനായി മൂത്ത മകൻ തേജ് പ്രതാപ് യാദവിനു പുറമെ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ ഭാര്യ രാജശ്രീയും രംഗത്തുണ്ട്. സാരൻ സീറ്റിൽനിന്നു ലോക്സഭയിലേക്കു മത്സരിക്കാനുള്ള താൽപര്യം മന്ത്രി തേജ് പ്രതാപ് യാദവ് അടുത്തിടെ മണ്ഡലത്തിലെ പൊതുചടങ്ങിൽ വെളിപ്പെടുത്തിയിരുന്നു.
ലാലുവിന്റെ മൂത്ത മകൾ മിസ ഭാരതി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാടലിപുത്ര മണ്ഡലത്തിൽ തോറ്റിരുന്നു. രാജ്യസഭാംഗമായ മിസ ഭാരതി ഇക്കുറി ലോക്സഭാ സ്ഥാനാർഥിയാകാൻ സാധ്യതയില്ല. ലാലു കുടുംബത്തിൽ നിന്നൊരാൾ ലോക്സഭയിലേക്കു മത്സരിക്കാൻ തീരുമാനിച്ചാൽ രാജശ്രീക്കു നറുക്കു വീഴാനാണു സാധ്യത. ആർജെഡിയിൽ തേജസ്വി – രാജശ്രീ ദമ്പതികൾ പിടിമുറുക്കുന്നതിന്റെ അപകടം മണത്താണ് തേജ് പ്രതാപ് യാദവ് സീറ്റിന് അവകാശവാദമുന്നയിക്കുന്നത്.
തേജ് പ്രതാപിനു ബിഹാറിൽ മന്ത്രിസ്ഥാനമുള്ളതിനാൽ ലോക്സഭാ സീറ്റു കൊടുക്കാൻ ലാലുവിനു താൽപര്യമില്ലെന്നാണു സൂചന. കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ട ലാലുവിനു തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിനു വിലക്കുണ്ട്. ഭാര്യ റാബ്റി ദേവി ലെജിസ്‌ലേറ്റീവ് കൗൺസിൽ അംഗമാണ്.