അരവിന്ദ് കേജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്താൽ പ്ലാൻ ബി ഉണ്ടോ? ഡൽഹി മന്ത്രി പറയുന്നത്

Mail This Article
ന്യൂഡൽഹി∙ മദ്യനയ അഴിമതിക്കേസിൽ മനീഷ് സിസോദിയയുടെ ജാമ്യം നിഷേധിച്ചതും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യാൻ വിളിച്ചതും എഎപിയെ രാഷ്ട്രീയമായി ഒതുക്കാനുള്ള തന്ത്രം മാത്രമാണെന്ന് ഡൽഹി മന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ സൗരഭ് ഭരദ്വാജ്. “ഇത് അവർക്ക് രാഷ്ട്രീയമായി എഎപിയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടിയാണ്.’’ – ദേശീയമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ സൗരഭ് ഭരദ്വാജ് പറഞ്ഞു.
കേജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായാൽ പാർട്ടിക്ക് പ്ലാൻ ബി ഉണ്ടോ എന്ന ചോദ്യത്തിന്, ‘‘ഇപ്പോൾ എനിക്കറിയില്ല, അതിനെക്കുറിച്ച് എന്തെങ്കിലും ചർച്ച നടക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല. കേജ്‌രിവാൾ ഞങ്ങളുടെ നേതാവാണ്, ഞങ്ങൾ അദ്ദേഹത്തിന്റെ നിർദേശമനുസരിച്ചാണ് പ്രവർത്തിക്കുന്നത്’’ എന്ന് മന്ത്രി പറഞ്ഞു.
മനീഷ് സിസോദിയയുടെ ജാമ്യം നിഷേധിച്ച സുപ്രീം കോടതി ഉത്തരവ് ഞെട്ടലുണ്ടാക്കിയെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു. എന്നാൽ ഒരുതരത്തിൽ അത് ഇ.ഡിയുടെയും സിബിഐയുടെയും ആരോപണങ്ങളെ തള്ളിക്കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ തടവിൽ വയ്ക്കാൻ കഴിയില്ലെന്നു സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണ ഏജൻസികൾ നൽകിയ വിശദീകരണങ്ങളിൽ പലതിലും സംശയമുണ്ടെന്നും ബെഞ്ച് ഉത്തരവിൽ പറഞ്ഞു. ഇതു സൂചിപ്പിച്ചാണ് ഭരദ്വാജിന്റെ പ്രതികരണം.
അതേസമയം, 338 കോടി രൂപ കൈമാറിയതായി സ്ഥാപിക്കാൻ അന്വേഷണ ഏജൻസികൾക്കു സാധിച്ചുവെന്നു വ്യക്തമാക്കിയാണു ജഡ്ജിമാരായ സഞ്ജീവ് ഖന്ന, എസ്.വി.എൻ.ഭാട്ടി എന്നിവരുടെ ബെഞ്ച് ജാമ്യഹർജികൾ തള്ളിയത്. കേസിന്റെ വിചാരണ 6–8 മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും നടപടികൾ വേഗത്തിലല്ലെങ്കിൽ സിസോദിയയ്ക്കു 3 മാസത്തിനുള്ളിൽ വീണ്ടും ജാമ്യാപേക്ഷ നൽകാമെന്നും കോടതി പറഞ്ഞു.
കോടതിവിധി വന്ന് മണിക്കൂറുകൾക്കുള്ളിലാണ് മദ്യനയ അഴിമതിക്കേസിലെ കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേജ്‌രിവാളിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. നവംബർ രണ്ടിന് ഇ.ഡിയുടെ ഡൽഹി ഓഫിസിൽ ഹാജരാകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.