ADVERTISEMENT

വാഷിങ്ടൻ ∙ ആരോഗ്യ രംഗത്ത് പുതുചരിത്രമെഴുതി ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം വച്ചുപിടിപ്പിച്ച രണ്ടാമത്തെയാളും മരണത്തിനു കീഴടങ്ങി. യുഎസ് പൗരനായ അൻപത്തെട്ടുകാരൻ ലോറൻസ് ഫോസിറ്റാണ് മരിച്ചത്. ശസ്ത്രക്രിയയ്ക്കുശേഷം 40 ദിവസത്തോളം ജീവിച്ച ഫോസിറ്റ്, തിങ്കളാഴ്ചയാണ് മരണത്തിനു കീഴടങ്ങിയത്. ഹ‍ൃദയപരാജയത്തെത്തുടർന്ന് മരണം ഉറപ്പായിരുന്ന ലോറൻസ് ഫോസിറ്റിനെ സെപ്റ്റംബർ 20നാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൽനിന്ന് ലാബ് ടെക്നീഷ്യനായി വിരമിച്ചയാളാണ് ഫോസിറ്റ്.

യുഎസിലെ ബാൾട്ടിമോറിൽ മേരിലാൻഡ് സർവകലാശാലാ മെഡിക്കൽ സെന്ററിലായിരുന്നു ഫോസിറ്റിന്റെ ശസ്ത്രക്രിയ. ഇത്തരത്തിലുള്ള രണ്ടാമത്തെ ശസ്ത്രക്രിയയായിരുന്നു ഇത്. മേരിലാൻഡ് സർവകലാശാലയിൽ കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ഇത്തരത്തിലുള്ള ആദ്യ ശസ്ത്രക്രിയ. അന്നു ഹൃദയം സ്വീകരിച്ച ഡേവിഡ് ബെന്നറ്റ് (60) രണ്ടു മാസം ജീവിച്ചു.

ഫോസിറ്റിന്റെ ശസ്ത്രക്രിയയ്ക്കുശേഷം ആദ്യ സൂചനകൾ പ്രതീക്ഷാജനകമാണെന്ന് ഡോക്ടർമാർ സൂചന നൽകിയിരുന്നു. വച്ചുപിടിപ്പിച്ച ഹൃദയം ആദ്യ മാസം സജീവമായി പ്രവർത്തിച്ചെങ്കിലും പിന്നീട് ചില തകരാറുകൾ കണ്ടതായാണു വിവരം. രണ്ടു ദിവസത്തിനുശേഷം ഫോസിറ്റ് കസേരയിലിരിക്കാനും തമാശകൾ പറയാനും കഴിയുന്ന ആരോഗ്യസ്ഥിതിയിലായെന്നു ഡോക്ടർമാർ അറിയിച്ചിരുന്നു.

‘‘ശസ്ത്രക്രിയയ്ക്കുശേഷം ഫോസിറ്റിന്റെ ആരോഗ്യനിലയിൽ ശ്രദ്ധേയമായ പുരോഗതിയുണ്ടായിരുന്നു. ഫിസിക്കൽ തെറപ്പി ചെയ്തും കുടുംബാംഗങ്ങളോടൊപ്പം സമയം ചെലവഴിച്ചും ഭാര്യ ആനിനൊപ്പം ചീട്ടുകളിച്ചും അദ്ദേഹം സജീവമായിരുന്നു. ഏതാനും ദിവസങ്ങളായി ഫോസിറ്റിന്റെ ശരീരം ഹൃദയത്തെ നിരാകരിക്കുന്നതിന്റെ പ്രാരംഭ ലക്ഷണങ്ങൾ കാട്ടിയിരുന്നു. മെഡിക്കൽ സംഘം പരമാവധി ശ്രമിച്ചെങ്കിലും ഒക്ടോബർ 30ന് ഫോസിറ്റ് മരണത്തിനു കീഴടങ്ങി’’ – ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ആദ്യ ശസ്ത്രക്രിയയിലൂടെ ആർജിച്ചെടുത്ത അനുഭവപാഠങ്ങളുടെ കരുത്തിലാണ് സെപ്റ്റംബർ 20ന് ഡോ.ബാർട്‌ലി പി.ഗ്രിഫിത്ത്, ഡോ. മുഹമ്മദ് മുഹിയുദ്ദീൻ എന്നിവർ ലോറൻസ് ഫോസിറ്റിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്.

ജീൻ എഡിറ്റിങ്ങിലൂടെ മാറ്റം

ജീൻ എഡിറ്റിങ് വഴി 10 മാറ്റങ്ങൾ വരുത്തിയാണ് മേരിലാൻഡിലെ ഡോക്ടർമാർ ഇതു മനുഷ്യർക്കു യോജ്യമാക്കിയത്. തുന്നിച്ചേർക്കുന്ന അവയവത്തെ മനുഷ്യശരീരം നിരാകരിക്കുന്നതിനു കാരണമാകുന്ന 3 ജീനുകളെ പന്നിയുടെ കോശങ്ങളിൽനിന്ന് എഡിറ്റിങ് വഴി നീക്കുകയും അവയവത്തെ ശരീരവുമായി ഇണക്കുന്ന 6 ജീനുകളെ ഉൾപ്പെടുത്തുകയും ചെയ്ത ശേഷമായിരുന്നു ശസ്ത്രക്രിയ.

English Summary:

US Man Dies 40 Days After Receiving World's Second Pig Heart Transplant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com