ADVERTISEMENT

കോട്ടയം∙ വിദ്യാർഥികൾക്കായി ഊട്ടുപുരയിൽ രുചിസദ്യയൊരുക്കാൻ മനസ്സുമാറ്റി പാചകവിദഗ്ധൻ പഴയിടം മോഹനൻ നമ്പൂതിരി. സ്കൂൾ കലോത്സവങ്ങളും കായിക, ശാസ്ത്രമേളകളും നടക്കവേ, സ്കൂൾ മേളകളുടെ ഊട്ടുപുരയിൽ ഉണ്ടാകില്ലെന്ന കടുത്ത നിലപാടാണു തൽക്കാലത്തേക്കു പഴയിടം മാറ്റിയത്. എറണാകുളം റവന്യൂ ജില്ലാ ശാസ്ത്രമേളയുടെ പാചകം പഴയിടം ഏറ്റെടുത്തു. കളമശേരിയിലെ സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തിനും പഴയിടത്തിന്റെ പാചകസംഘം സദ്യയൊരുക്കും.

‘‘നമ്മുടെ തീരുമാനങ്ങൾ പുനഃപരിശോധിക്കപ്പെടേണ്ട സാഹചര്യം വന്നു. കഴിഞ്ഞ ദിവസം എറണാകുളത്തെത്തി പാചകപ്പുരയിൽ അടുപ്പ് കത്തിച്ചത് ഞാനാണ്. സ്കൂൾ കലോത്സവത്തിലേക്കു മടങ്ങിയെത്തുമോ എന്ന് ഇപ്പോൾ പറയാനില്ല. എന്നാലും ഇതൊരു തുടക്കമാണെന്നു കരുതിക്കോളൂ’’– തീരുമാനം മാറ്റിയതിനെക്കുറിച്ചു ചോദിച്ചപ്പോൾ പഴയിടം മോഹനൻ നമ്പൂതിരി ‘മനോരമ ഓൺലൈനിനോട്’ പറഞ്ഞു.

വിവാദങ്ങളെ തുടർന്നു ജനുവരിയിൽ കോഴിക്കോട്ടെ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അടുക്കളയിൽനിന്നാണു പഴയിടം യാത്ര പറഞ്ഞിറങ്ങിയത്. 2000ൽ കോട്ടയത്തെ റവന്യു ജില്ലാ കലോത്സവം മുതൽ ഏറ്റെടുത്ത പാചകച്ചുമതലയിലൂടെ ഇതുവരെ രണ്ടേകാൽ കോടി കുട്ടികൾക്കു ഭക്ഷണം വിളമ്പിയെന്നാണു പഴയിടത്തിന്റെ കണക്ക്. പാചകച്ചുമതല മറ്റുള്ളവർക്ക് ഏറ്റെടുക്കാൻ അവസരം നൽകാൻ വേണ്ടിക്കൂടിയുമാണു പിന്മാറ്റമെന്നും ജോലിക്കാരുടെ കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടെന്നും പഴയിടം പറഞ്ഞിരുന്നു.

സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടകരുടെ നിര്‍ബന്ധത്തെ തുടർന്നാണു പഴയിടം ഇപ്പോൾ തീരുമാനം മാറ്റിയത്. നവംബര്‍ എട്ടു മുതല്‍ പത്തുവരെ കളമശേരിയിലാണു സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം. ശാസ്ത്രമേളയുടെ സംഘാടകരും വിളിച്ചപ്പോള്‍ രണ്ടുംകൂടി ചെയ്യാമല്ലോ എന്നു കരുതിയാണു ഇറങ്ങിയതെന്നും പഴയിടം പറഞ്ഞു. കോഴിക്കോട്ടെ വിവാദങ്ങളും പ്രതികരണങ്ങളും ചർച്ചകളും മനസ്സിൽ ആഴത്തിലുള്ള മുറിവേൽപിച്ചെങ്കിലും അതെല്ലാം ഉണങ്ങി. മന്ത്രിമാരായ വി.എൻ.വാസവൻ നേരിട്ടെത്തിയും വി.ശിവൻകുട്ടി ഫോണിൽ വിളിച്ചും സാന്ത്വനിപ്പിച്ചു. ഒട്ടേറെപ്പേർ കൂടെ നിന്നതിൽ സന്തോഷമുണ്ടെന്നും പഴയിടം വ്യക്തമാക്കി.

English Summary:

Culinary expert Pazhayidom Mohanan Namboothiri changed his mind to prepare food for students at school fest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com