‘2024 തിരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ പുരോഗതിയില്ല’; കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി നിതീഷ് കുമാര്‍

Mail This Article
പട്‌ന∙ പ്രതിപക്ഷ ഐക്യമായ ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനം ഉന്നയിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകള്‍ പുരോഗമിക്കാത്തതിനാണ് നിതീഷ് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയത്. മധ്യപ്രദേശില്‍ സീറ്റ് വിഭജനം സംബന്ധിച്ച് അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് നിതീഷും അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നത്.
രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിനു പിന്നാലെയാണ് ഇന്ത്യ മുന്നണിയിലെ മുഖ്യകക്ഷിയായ കോണ്‍ഗ്രസ് എന്ന് നിതീഷ് പറഞ്ഞു. പട്‌നയില്‍ സിപിഐ റാലിയിലാണ് നിതീഷ് കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്.
‘‘ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പല വട്ടം കോണ്‍ഗ്രസുമായി സംസാരിച്ചു. യാതൊരു പുരോഗതിയും കാണുന്നില്ല. അവര്‍ക്കു കൂടുതല്‍ താല്‍പര്യം അഞ്ചിടത്തു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലാണെന്നു തോന്നുന്നു. മുന്നണിയില്‍ കോണ്‍ഗ്രസിനു പ്രമുഖ സ്ഥാനം നല്‍കാന്‍ ഞങ്ങള്‍ സമ്മതിച്ചതാണ്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞു മാത്രമേ അടുത്ത യോഗം വിളിക്കൂ എന്ന നിലപാടിലണ് അവര്‍’’ - നിതീഷ് കുമാര്‍ പറഞ്ഞു.
സെപ്റ്റംബര്‍ 1ന് മുംബൈയിലാണ് ഇന്ത്യ മുന്നണിയുടെ അവസാന യോഗം നടന്നത്. അടുത്ത തീയതി കോണ്‍ഗ്രസ് തീരുമാനിക്കുമെന്ന് അന്നു പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹിയില്‍ ഇതു സംബന്ധിച്ചു ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമുണ്ടായില്ല. യോഗം മധ്യപ്രദേശിലാകുമെന്ന് അഭ്യൂഹമുണ്ടായെങ്കിലും അതു നടന്നില്ല. ബിജെപിക്കെതിരെ കൂട്ടായ പോരാട്ടം അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി ഇന്ത്യ മുന്നണി രൂപീകരണത്തിന് മുന്നില്‍നിന്നത് നിതീഷ് കുമാറാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരുള്‍പ്പെടെ വിവിധ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി സഖ്യത്തിലേക്ക് എത്തിച്ചതില്‍ പ്രധാന പങ്കു വഹിച്ചതും നിതീഷാണ്.