‘റീ കൗണ്ടിങ്ങിന്റെ പേരിൽ തിരഞ്ഞെടുപ്പ് അട്ടിമറിച്ചു; അസാധു വോട്ടുകൾ എസ്എഫ്ഐക്ക് അനുകൂലമായി എണ്ണി’
Mail This Article
തൃശൂർ ∙ കേരളവർമ കോളജിൽ റീ കൗണ്ടിങ്ങിന്റെ പേരിൽ തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്നും ഇടതുപക്ഷ അനുകൂല അധ്യാപകർ ഇതിനായി കൂട്ടുനിന്നുവെന്നും കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ്‍ സേവ്യർ. റീകൗണ്ടിങ് അടുത്ത ദിവസത്തേക്കു മാറ്റിവയ്ക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടിട്ടും അധികൃതർ തിടുക്കപ്പെട്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കി. റീ കൗണ്ടിങ്ങിൽ അസാധു വോട്ടുകൾ എസ്എഫ്ഐക്ക് അനുകൂലമായി എണ്ണിയെന്നും അലോഷ്യസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
‘‘എസ്എഫ്ഐയുടെ രാഷ്ട്രീയ സമീപനത്തെ കേരളത്തെ വിദ്യാർഥികൾ എതിർക്കുന്നതാണു കഴിഞ്ഞ കുറച്ചു വർഷങ്ങളായി നാം കാണുന്നത്. കണ്ണൂർ, എംജി, കാലിക്കറ്റ് സർവകലാശാലകൾക്കു കീഴിൽ എസ്എഫ്ഐ കാലങ്ങളായി കയ്യടക്കി വച്ചിരുന്ന പല ക്യാംപസുകളും തിരികെപ്പിടിച്ച് മുന്നേറാൻ കെഎസ്‌യുവിന് കഴിയുന്നുണ്ട്.
ഇവിടെയെല്ലാം എസ്എഫ്ഐയോടു വിദ്യാർഥികൾക്കുള്ള എതിർപ്പ് വ്യക്തമായി കാണാവുന്നതാണ്. ഇതിൽ വിറളിപൂണ്ട എസ്എഫ്ഐ ക്യാംപസുകൾ പിടിച്ചടക്കാൻ മറ്റു മാർഗങ്ങൾ സ്വീകരിക്കുകയാണ്.
കേരള വർമ കോളജിൽ 32 വർഷങ്ങൾക്കു ശേഷം കെഎസ്‌യുവിന്റെ പാനലിൽനിന്ന് ചെയർമാൻ സ്ഥാനത്തേക്കു മത്സരിച്ച ശ്രീക്കുട്ടൻ വിജയിക്കുന്നു. വർഷങ്ങളായി കെഎസ്‌യുവിനു കടന്നുചെല്ലാൻ കഴിയാതിരുന്ന ഒരു ക്യാംപസിലാണ് ജനാധിപത്യപരമായി നടന്ന തിരഞ്ഞെടുപ്പിൽ ശ്രീക്കുട്ടൻ വിജയിക്കുന്ന സാഹചര്യമുണ്ടായത്. ആ വിജയത്തെ അംഗീകരിക്കാനാവാത്ത എസ്എഫ്ഐ റീ കൗണ്ടിങ്ങിന് ആവശ്യപ്പെടുകയാണ്. റീ കൗണ്ടിങ് ജനാധിപത്യ പ്രക്രിയയുടെ ഭാഗമായതിനാൽ അതിൽ ഞങ്ങൾക്ക് എതിർപ്പില്ല.
എന്നാൽ രാത്രി വൈകിയും തുടർന്ന റീകൗണ്ടിങ് അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്ന് രേഖാമൂലം ആവശ്യപ്പെട്ടപ്പോൾ അധികൃതർ അത് പരിഗണിക്കാന്‍ തയാറായില്ല.
പ്രിൻസിപ്പൽ തയാറായെങ്കിലും റിട്ടേണിങ് ഓഫിസർ ചുമതലയിലുള്ള അധ്യാപകൻ ഇതിനു തയാറായില്ല. രാത്രി രണ്ടുതവണ വൈദ്യുതിബന്ധം നഷ്ടപ്പെട്ടിട്ടും റീകൗണ്ടിങ് നിർത്തിയില്ല. ഇതിനിടയിൽ ബാലറ്റ് പേപ്പറുകളുടെ എണ്ണം കൂടുകയും അസാധു വോട്ടുകൾ എസ്എഫ്ഐക്ക് അനുകൂലമായി എണ്ണുകയും ചെയ്തു. ഇതോടെ കൃത്യമായ ഗൂഢാലോചനയുണ്ടെന്നു മനസ്സിലാക്കി ഞങ്ങൾ റീകൗണ്ടിങ് ബഹിഷ്കരിച്ച് പുറത്തേക്കിറങ്ങി. എന്നിട്ടും ഇവർ വോട്ടെണ്ണൽ തുടരുകയും എസ്എഫ്ഐ സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.
വലിയ അട്ടിമറിയാണ് നടന്നത്. എസ്എഫ്ഐക്ക് ഇടതുപക്ഷ അനുകൂല അധ്യാപകരുടെ പിന്തുണ ഈ തിരഞ്ഞെടുപ്പിന്റെ തുടക്കം മുതലുണ്ട്. സമാനമായ സംഭവം 2011ൽ എറണാകുളം മഹാരാജാസ് കോളജിലും നടന്നിട്ടുണ്ട്. അന്ന് കെഎസ്‌യു സ്ഥാനാർഥി വിജയിച്ചപ്പോൾ എസ്എഫ്ഐ റീകൗണ്ടിങ് ആവശ്യപ്പെട്ടു. തുടർന്ന് പിറ്റേദിവസം ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ നടത്തിയ റീകൗണ്ടിങ്ങിലും കെഎസ്‌യു സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചു. എന്നാൽ ഇവിടെ നേരത്തെ തയാറാക്കിയ പദ്ധതി നടപ്പാക്കുകയായിരുന്നു. തങ്ങളുടെ കൊടിയിൽ എഴുതിവച്ച ‘സ്വാതന്ത്ര്യം’ പോലും നടപ്പാക്കാൻ എസ്എഫ്ഐക്ക് സാധിക്കുന്നില്ല’’ –അലോഷ്യസ് പറഞ്ഞു.