ADVERTISEMENT

തിരുവനന്തപുരം∙ കോൺഗ്രസിന്റെ കക്ഷത്തെ കീറ സഞ്ചിയല്ല മുസ്‌ലിം ലീഗെന്ന് ആ പാർട്ടി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ. പലസ്തീന്‍ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഎം ലീഗിനെ ക്ഷണിച്ചിരുന്നു. ക്ഷണിച്ചാൽ റാലിക്ക് വരുമെന്ന ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീറിന്റെ  പ്രതികരണത്തിനു മറുപടിയായിട്ടായിരുന്നു സിപിഎമ്മിന്റെ ക്ഷണം. ഇതിനോടുള്ള ചോദ്യങ്ങൾക്കു മറുപടിയായി, മുസ്‌ലിം ലീഗ് ചില കാര്യങ്ങളിൽ അന്തസുള്ള തീരുമാനം എടുക്കുന്നതായി ബാലൻ പ്രതികരിച്ചു.

സിപിഎമ്മിന്റെ റാലിക്കു വരാൻ തയാറാണ് എന്ന നിലപാടാണ് ലീഗിനെന്ന് ബാലൻ പറഞ്ഞു. ശക്തമായ രാഷ്ട്രീയ തീരുമാനം ലീഗ് എടുത്തു കഴിഞ്ഞു. കോൺഗ്രസ് എടുക്കുന്ന സമീപനത്തെ ഒരുതരത്തിലും പിന്തുണയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ് ലീഗ്. രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളിൽ ഇടതുപക്ഷ തീരുമാനങ്ങൾക്ക് അനുകൂലമായ സമീപനമാണ് ലീഗ് സ്വീകരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാഷിനുള്ള പിന്തുണയും ഗവർണറെ വിമർശിക്കുന്നതിലും അത് കണ്ടതാണ്. കോൺഗ്രസിന്റെ തെറ്റായ വ്യാഖ്യാനങ്ങളെ ലീഗ് തിരുത്തുന്നു. കോൺഗ്രസിന്റെ വെറുപ്പുണ്ടായിട്ടും സിപിഎം റാലിയിൽ സഹകരിക്കുമെന്ന് പറയുന്നതിലൂടെ ലീഗ് നൽകുന്നത് സന്ദേശമാണ്. മുസ്‌ലിം ലീഗിന്റെ സമീപനം ശ്ലാഘനീയമാണ്.

സിവിൽ കോഡ് വിഷയത്തിലും ലീഗിന് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അന്നും സിപിഎം ലീഗിനെ പ്രതിഷേധത്തിനായി ക്ഷണിച്ചിരുന്നു. യുഡിഎഫിലെ ഘടകക്ഷി എന്ന നിലയിൽ, യുഡിഎഫ് തീരുമാനിച്ച കാര്യത്തിനെതിരായി തങ്ങളെങ്ങനെ നിലപാടെടുക്കും എന്നാണ് ലീഗ് അന്നെടുത്ത സമീപനം. ഇന്ന് ആ സമീപനത്തിൽനിന്ന് കടകവിരുദ്ധമായി ശക്തമായ രാഷ്ട്രീയ തീരുമാനം അവർ എടുത്തു കഴിഞ്ഞു. ഇത് കേരള രാഷ്ട്രീയത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും എ.കെ.ബാലൻ പറഞ്ഞു.

English Summary:

A B Balan praise Muslim League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com