ADVERTISEMENT

കൊച്ചി∙ കളമശേരി ബോംബ് സ്ഫോടനക്കേസിൽ പ്രതി ഡൊമിനിക് മാർട്ടിനെ സാക്ഷികൾ തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച വൈകിട്ടു മൂന്നിനാണു മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തിൽ കാക്കനാട് ജില്ലാ ജയിലിൽ തിരിച്ചറിയൽ പരേഡ് നടന്നത്. മാർട്ടിന്റെ അത്താണിയിലെ ഫ്ലാറ്റിലെ താമസക്കാരനും സ്ഫോടന സമയത്തു കൺവൻഷൻ സെന്ററിൽ ഉണ്ടായിരുന്ന രണ്ടു പേരുമാണു പ്രതിയെ തിരിച്ചറിഞ്ഞതെന്നാണ് വിവരം.

ജയിലിലെ റിമാൻഡ് തടവുകാർക്കൊപ്പം പ്രതിയെ നിർത്തിയാണു തിരിച്ചറിയൽ പരേഡ് നടത്തിയത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള അപേക്ഷ അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കും. മാർട്ടിന്റെ ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും വീണ്ടും രേഖപ്പെടുത്തിയേക്കും. 

അതേസമയം, സ്ഫോടന സമയത്തു കൺവൻഷൻ സെന്ററിന്റെ പരിസരത്തെ ടവറിന്റെ പരിധിയിൽ ആക്ടീവ് ആയിരുന്ന മൊബൈൽ നമ്പറുകളുടെ വിശദപരിശോധന പൊലീസ് നടത്തുന്നുണ്ട്. കൺവൻഷനിൽ രണ്ടായിരത്തഞ്ഞൂറോളം പേർ പങ്കെടുത്തിരുന്നതിനാൽ വളരെ ശ്രമകരമാണ് ഈ പരിശോധന. പൂർത്തിയാകാൻ സമയമെടുക്കുകയും ചെയ്യും. കൺവൻഷൻ സെന്ററിലോ പരിസരത്തോ സംഭവസമയത്ത് ഉണ്ടായിരുന്ന നമ്പരുകളിൽ അസ്വാഭാവികതയുണ്ടോ എന്നറിയുകയാണു ലക്ഷ്യം. 

സ്ഫോടനം നടത്തി കീഴടങ്ങുന്നതു വരെയുള്ള പ്രതി മാർട്ടിന്റെ സഞ്ചാരപഥത്തിലും ഇടയ്ക്കു സമയം ചെലവഴിച്ചിട്ടുള്ള സ്ഥലങ്ങളിലുമുള്ള ടവറുകളുടെ പരിധിയിലും ഇതേ പരിശോധന നടത്തുന്നുണ്ട്. താൻ മാത്രമാണു പ്രതി എന്നു ഡൊമിനിക് മാർട്ടിൻ പറയുന്നുണ്ടെങ്കിലും എല്ലാ തെളിവുകളും ശേഖരിച്ച ശേഷം മാത്രം ഈ നിഗമനത്തിന് അടിവരയിടാനാണു പൊലീസിന്റെ ശ്രമം. സ്ഫോടനമുണ്ടായ കൺവൻഷനിൽ പങ്കെടുത്തവരെ പറ്റിയും വിശദമായി അന്വേഷണം നടക്കുന്നുണ്ട്.

English Summary:

Kalamassery Blast: Identification parade was held; Witnesses identified the accused

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com