ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്ഇബി പിരിക്കുന്ന വൈദ്യുതി തീരുവ (ഇലക്ട്രിസിറ്റി ഡ്യൂട്ടി) മുഴുവനായി സർക്കാരിലേക്ക് അടയ്ക്കണമെന്ന് വിജ്ഞാപനം ഇറങ്ങിയതോടെ 76 ലക്ഷം കുടുംബങ്ങളുടെ വൈദ്യുതി സബ്‌സിഡി പ്രതിസന്ധിയിൽ. കെഎസ്ഇബി ഇലക്ട്രിസിറ്റി ഡ്യൂട്ടി പിരിച്ചെടുത്ത് സർക്കാരിലേക്ക് അടയ്ക്കുമ്പോൾ, ജനങ്ങൾക്ക് വൈദ്യുതി സബ്സിഡിയായി നൽകിയ തുക കഴിഞ്ഞുള്ള തുകയാണ് അടച്ചിരുന്നത്. മുഴുവൻ തുകയും അടയ്ക്കണമെന്നു വിജ്ഞാപനത്തിലൂടെ നിർദേശിച്ച സർക്കാർ, സബ്സിഡിക്കായി തുക അനുവദിക്കുമോ എന്നു വ്യക്തമാക്കിയിട്ടില്ല. സബ്സിഡി നിർത്തലാക്കിയാൽ 76 ലക്ഷം ഉപഭോക്താക്കളുടെ വൈദ്യുതി ബിൽ ഉയരും. പഴയ സംവിധാനം പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് കെഎസ്ഇബി സർക്കാരിനു കത്തു നൽകി.

സർക്കാരിന്റെ വരുമാനം വർധിപ്പിക്കാനാണ് ഇലക്ട്രിസിറ്റി ഡ്യൂട്ടി കെഎസ്ഇബി പിരിച്ചെടുക്കുകയും കൈവശം വയ്ക്കുകയും ചെയ്യുന്ന നടപടി അവസാനിപ്പിച്ചത്. ഒക്ടോബർ 31ന് ഈ രീതി അവസാനിപ്പിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ ഇതു സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങി. പിരിച്ചെടുക്കുന്ന ഇലക്ട്രിസിറ്റി ഡ്യൂട്ടിയുടെ ഒരു ശതമാനം കലക്‌ഷന്‍ ചാർജായി കെഎസ്ഇബി എടുത്തശേഷം ബാക്കി തുക സർക്കാരിലേക്ക് അടയ്ക്കാനാണ് വിജ്ഞാപനത്തിലെ നിർദേശം.

സബ്സിഡി കഴിഞ്ഞുള്ള തുകയാണ് 76 ലക്ഷം കുടുംബങ്ങളിൽനിന്ന് കെഎസ്ഇബി ഈടാക്കുന്നത്. റഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച താരിഫിനെക്കാൾ കുറഞ്ഞ നിരക്കിലാണ് വൈദ്യുതി നൽകുന്നത്. ഈ തുക സർക്കാർ കെഎസ്ഇബിക്ക് നൽകണം. തുക പണമായി നൽകുന്നതിനു പകരം, ഇലക്ട്രിസിറ്റി ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കുന്നതായിരുന്നു രീതി. 450 കോടിയോളം രൂപയാണ് ഒരു വർഷം വൈദ്യുതി സബ്സിഡി നൽകാൻ വേണ്ടത്. ഇലക്ട്രിസിറ്റി ഡ്യൂട്ടിയായി 1000 കോടി രൂപയിലധികം പിരിച്ചെടുക്കുന്നുണ്ട്. ഇലക്ട്രിസിറ്റി ഡ്യൂട്ടി തുക മുഴുവൻ സർക്കാരിലേക്ക് അടയ്ക്കാന്‍ നിർദേശിച്ചെങ്കിലും സബ്സിഡി തുക നൽകുന്നതിനെക്കുറിച്ച് സർക്കാർ ഒന്നും പറഞ്ഞിട്ടില്ല. പഴയ സ്ഥിതി പുനഃസ്ഥാപിച്ചില്ലെങ്കിൽ ഉയർന്ന നിരക്കിൽ വൈദ്യുതി നൽകേണ്ടിവരും. സബ്സിസിഡി തുക നേരിട്ടു സർക്കാർ നൽകുകയോ, നിലവിലുണ്ടായിരുന്ന രീതി തുടരുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായി കെഎസ്ഇബി അധികൃതർ പറഞ്ഞു.

ഒരു മാസം 40 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ബിപിഎൽ വിഭാഗക്കാർക്ക് സബ്സിഡിയുണ്ട്. 20 യൂണിറ്റിനു താഴെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് വൈദ്യുതി സൗജന്യമാണ്. കോവിഡ് കാലത്ത് ഈ രണ്ടു വിഭാഗങ്ങൾക്കും കൂടുതൽ ഇളവുകൾ നൽകി. 30 യൂണിറ്റുവരെ പൈസ അടയ്ക്കേണ്ടെന്നും 50 യൂണിറ്റുവരെ ഉപയോഗിക്കുന്നവർക്ക് സബ്സിഡി നൽകാനുമായിരുന്നു തീരുമാനം. ഫിക്സഡ് ചാർജ് ഒഴിവാക്കി. ഇപ്പോഴും ഈ ആനുകൂല്യം തുടരുന്നുണ്ട്. പ്രതിമാസം 120 യൂണിറ്റുവരെ ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് സബ്സിഡിയുണ്ട്. അവർ ഫിക്സഡ് ചാർജ് അടയ്ക്കണ്ട. ആദ്യത്തെ 40 യൂണിറ്റുവരെ ഓരോ യൂണിറ്റിനും 35 പൈസ സബ്സിഡി. 41–120 വരെ 50 പൈസയാണ് യൂണിറ്റിന് സബ്സിഡി. കാർഷിക വിഭാഗത്തിന് യൂണിറ്റിന് 85 പൈസയാണ് സബ്സിഡി. ലൈഫ് സപ്പോർട്ട് സംവിധാനം, എൻഡോസൾഫാൻ ബാധിതർ, കാൻസർ രോഗികൾ എന്നിവർക്കും സബ്സിഡിയുണ്ട്.

Content Highlight:

KSEB, Electricity Subsidy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com