ADVERTISEMENT

2024ൽ നടക്കേണ്ട ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒരു കിരീടപ്പോരാട്ടത്തിന്റെ പകിട്ടുള്ള ‘ഫൈനൽ’ ആയി കണ്ടാൽ, അതിനു മുന്നോടിയായുള്ള സെമിഫൈനലുമായി ഉപമിക്കാവുന്ന പോരാട്ടമാണ് ഈ മാസം അഞ്ച് സംസ്ഥാനങ്ങളിലേക്കു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെന്നാണ് പൊതു വിലയിരുത്തൽ. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രധാന തിരഞ്ഞെടുപ്പു പോരാട്ടങ്ങളെന്ന നിലയിലാണ് ഛത്തീസ്ഗഡ്, മിസോറം, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളെ ‘സെമിഫൈനൽ’ എന്നു വിശേഷിപ്പിക്കുന്നത്. ഫൈനലിന്റെ ആവേശം എത്രത്തോളമെന്നും ആ പോരാട്ടത്തിന്റെ തീവ്രത എത്രത്തോളം ഉയരുമെന്നും ഈ ‘സെമി പോരാട്ട’ത്തിലൂടെ വ്യക്തമാകാനാണ് സാധ്യത. നവംബർ മാസത്തിലാകെ പരന്നു കിടക്കുന്ന വിവിധ തീയതികളിലായി ഈ അഞ്ച് സംസ്ഥാനങ്ങളിൽ വോട്ടെടുപ്പു നടക്കുമ്പോൾ, അതിന് ദേശീയ രാഷ്ട്രീയത്തിൽ പതിവിലും പ്രാധാന്യം കൈവരുന്നതും ഇക്കാരണത്താൽ തന്നെ.

∙ ഓസീസ് ക്രിക്കറ്റ് ടീമും മോദിയുടെ ബിജെപിയും

ഇന്ത്യൻ രാഷ്ട്രീയത്തെ ഒരു കൗതുകത്തിന് ക്രിക്കറ്റുമായി താരതമ്യം ചെയ്തു നോക്കിയാലോ? ഒരു കാലത്ത് ക്രിക്കറ്റ് ലോകം അടക്കി ഭരിച്ചിരുന്ന സ്റ്റീവ് വോയുടെയും റിക്കി പോണ്ടിങ്ങിന്റെയും ഓസ്ട്രേലിയൻ ടീമുമായി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ബിജെപിക്ക് ചില സമാനതകൾ കണ്ടെത്താം. ക്രിക്കറ്റ് കളത്തിൽ തികഞ്ഞ മേധാവിത്തം പുലർത്തിയിരുന്ന കാലത്ത്, എതിരാളികൾക്ക് യാതൊരു അവസരവും നൽകാതെ ഓസീസ് ടീം നേടിയെടുത്ത കിരീടങ്ങൾ എത്രയധികം! അതിന് ടെസ്റ്റ്, ഏകദിന, ട്വന്റി20 വ്യത്യാസങ്ങളില്ലാത്തതുപോലെ, ബിജെപി വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ നേടിയ വിജയങ്ങൾക്കും കണക്കില്ല. ഓസീസ് ടീം ഇടയ്ക്ക് അപ്രതീക്ഷിതമായി കൈവിട്ട ചില പരമ്പരകൾ പോലെ, ഇക്കാലയളവിൽ ബിജെപി ചില സംസ്ഥാനങ്ങളിൽ നേരിട്ട തിരഞ്ഞെടുപ്പു തിരിച്ചടികൾ മറക്കുന്നില്ല. അപ്പോഴും, ഓസീസിന്റെ ലോകകപ്പ് കിരീട വിജയങ്ങൾക്കു സമമായി, രണ്ടു തവണ തുടർച്ചയായി ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ വിജയങ്ങളുമുണ്ട്.

രാഹുൽ ഗാന്ധി (File Photo: J Suresh / Manorama)
രാഹുൽ ഗാന്ധി (File Photo: J Suresh / Manorama)

ഇരുകൂട്ടരും തമ്മിലുള്ള താരതമ്യം അവിടെയും അവസാനിക്കുന്നില്ല. ലോകകപ്പിനു വരുമ്പോൾ ഓസീസ് ടീമിന് ഫോമില്ലായ്മയും പരമ്പര നഷ്ടങ്ങളും സൃഷ്ടിക്കുന്ന ആശങ്ക നമ്മൾ കണ്ടിട്ടുണ്ട്. 2019ലെ ലോകകപ്പിന് തയാറെടുക്കുമ്പോൾ ഓസീസ് ടീമിന് ആരാധകർ എത്രകണ്ട് സാധ്യത കൽപ്പിച്ചിരുന്നു എന്നു നമുക്കറിയാം. ഏറെക്കുറെ സമാനമായിരുന്നു 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ അവസ്ഥയും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ശക്തമായ തിരിച്ചുവരവു നടത്തുമെന്ന തരത്തിലായിരുന്നു നിരീക്ഷണങ്ങൾ. എന്നിട്ട് സംഭവിച്ചതോ, ലോകകപ്പ് വേദിയിൽ തികഞ്ഞ ചാംപ്യൻ ടീമിനേപ്പോലെ കളിച്ച് ഓസീസ് കിരീടം ചൂടിയതുപോലെ, ലോക്സഭാ തിരഞ്ഞെടുപ്പിൽ പതിറ്റാണ്ടുകള്‍ക്കിടെ ഒരു പാർട്ടി നേടുന്ന വൻ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം നിലനിർത്തി.

∙ ചില വർത്തമാനകാല യാഥാർഥ്യങ്ങൾ

ഇനി ചില വർത്തമാന കാല യാഥാർഥ്യങ്ങളിലേക്ക്. നിലവിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ആ പഴയ ചാംപ്യൻ ടീമിന്റെ നിഴൽ മാത്രമാണ് ഓസ്ട്രേലിയ. സമീപകാലത്ത് ലോകകപ്പ് വേദികളിൽ നേരിടേണ്ടി വന്ന ഏറ്റവും കടുത്ത പോരാട്ടമാണ് അവർ അഭിമുഖീകരിക്കുന്നത്. സെമിയിൽ സ്ഥാനം പോലും ഉറപ്പില്ലാത്ത അവസ്ഥ. അത്രതന്നെ പരിതാപകരമല്ലെങ്കിലും, ഇപ്പോഴത്തെ ബിജെപിയുടെ അവസ്ഥയിലും ചില സമാനതകളുണ്ട്. മോദിയേയും സംഘത്തെയും മുട്ടുകുത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ കക്ഷികൾ ‘ഇന്ത്യ’ മുന്നണിയെന്ന കുടക്കീഴിൽ ഒന്നിച്ച് അണിനിരക്കുമ്പോൾ, നാളിതുവരെ കാണാത്ത താരതമ്യേന കടുത്ത പോരാട്ടമാണ് ബിജെപിയെ കാത്തിരിക്കുന്നത്. പ്രതിപക്ഷ ഐക്യം രൂപപ്പെട്ടതോടെ ബിജെപിക്കുള്ളിൽത്തന്നെ ആശങ്കയുടെ ചില കാർമേഘങ്ങൾ ഉരുണ്ടുകൂടിയിട്ടുണ്ടെന്നത് വാസ്തവം. പ്രതിപക്ഷ ഐക്യം ബിജെപിക്ക് എത്രകണ്ട് വെല്ലുവിളി ഉയർത്തുമെന്ന കാര്യം കാത്തിരുന്നു കാണേണ്ടതാണെങ്കിലും, അവരെ ഒന്നു ‘കുലുക്കാൻ’ ഈ സഖ്യ രൂപീകരണത്തിനു കഴിഞ്ഞിട്ടുണ്ട് എന്ന വസ്തുത കാണാതിരിക്കാനാകില്ല.

ഇനി കളിയെല്ലാം വിട്ട് കാര്യത്തിലേക്കു വരാം. ബിജെപിയെ സംബന്ധിച്ച് സമീപകാലത്ത് അവർ നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ പരീക്ഷണമാണ് അഞ്ച് സംസ്ഥാനങ്ങളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പിലെ പ്രകടനം ഏതാനും മാസങ്ങൾ മാത്രം അകലെയുള്ള ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്തുമെന്ന് മറ്റാരേക്കാളും നന്നായി ബിജെപിക്ക് അറിയാം. ഈ സാഹചര്യത്തിലാണ്, ബിജെപിയുടെ തിര‌ഞ്ഞെടുപ്പ് ഒരുക്കങ്ങളെ നമ്മൾ വിലയിരുത്തേണ്ടത്. ഇത് അത്ര ചെറിയ കളിയല്ലെന്ന് ബിജെപിക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല. വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്രമന്ത്രിമാരെയും എംപിമാരെയും ഉൾപ്പെടെ രംഗത്തിറക്കി ബിജെപി തെളിയിക്കുന്നത്, ഈ ‘സെമി പോരാട്ട’ത്തിന് അവർ നൽകുന്ന പ്രാധാന്യം തന്നെയാണ്.

∙ ‘ഇന്ത്യ’ സൃഷ്ടിക്കുന്ന ആശങ്ക

പ്രതിപക്ഷം ‘ഇന്ത്യ’ മുന്നണിയാകാൻ തീരുമാനിച്ചപ്പോൾതന്നെ ആശങ്കയുടെ ലക്ഷണം കാണിക്കുന്ന ബിജെപിക്ക് സംസ്ഥാനങ്ങളിൽ കർണാടക ആവർത്തിക്കുന്നത് ആലോചിക്കാവുന്ന കാര്യമല്ല. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രതിപക്ഷ കക്ഷികൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഒന്നിച്ചിടത്തോളം തന്നെ ബിജെപിയെ ആശങ്കപ്പെടുത്തിയത് സഖ്യത്തിന് അവർ നൽകിയ പേരാണ്; ‘ഇന്ത്യ’‘! പ്രതിപക്ഷ പാർട്ടികൾ രൂപീകരിച്ച ‘ഇന്ത്യൻ നാഷനൽ ഡവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്’ സഖ്യത്തിന് ‘ഇന്ത്യ’യെന്ന ചുരുക്കപ്പേരിട്ടതിന്റെ അലയൊലികൾ ഇപ്പോഴും അടങ്ങിയിട്ടില്ല. ഈ പേരിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന് ‘ഇന്ത്യ’ എന്ന പേരു നൽകിയതിൽ ഇടപെടാനാകില്ലെന്നു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ വ്യക്തമാക്കിയത് കഴിഞ്ഞ ദിവസമാണ്.

Photo by Sanjay KANOJIA / AFP
Photo by Sanjay KANOJIA / AFP

ഇതിനിടെയാണ് ‘ഇന്ത്യ’ എന്ന പേരുമാറ്റി ‘ഭാരതം’ എന്നാക്കാൻ ഔദ്യോഗിക തലത്തിൽ ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ടുകൾ വന്നത്. പ്രതിപക്ഷ സഖ്യത്തിന്റെ ‘ഇന്ത്യ’യെ ഭയന്നാണ് ഈ പേരുമാറ്റത്തിനുള്ള നീക്കമെന്ന വിമർശനം ശക്തമാണ്. രാജ്യത്തെ സ്കൂൾ പാഠപുസ്തകങ്ങളിൽനിന്ന് ‘ഇന്ത്യ’ ഒഴിവാക്കി ‘ഭാരതം’ എന്നാക്കി മാറ്റാനുള്ള എൻസിഇആർടി സോഷ്യൽ സയൻസ് സമിതിയുടെ ശുപാർശയാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവാദം.

പ്രതിപക്ഷ പാർട്ടികൾ എല്ലാ അഭിപ്രായ ഭിന്നതകളും മാറ്റിവച്ച് അപ്രതീക്ഷിതമായി ഒരു കുടക്കീഴിൽ അണിനിരക്കുന്നതിനൊപ്പം, ‘ബിജെപി Vs ഇന്ത്യ’ എന്ന രീതിയിൽ തിരഞ്ഞെടുപ്പു പോരാട്ടം ലേബൽ ചെയ്യപ്പെടുന്നതിന്റെ ആശങ്കയും ബിജെപിക്കുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പു മുൻനിർത്തിയാണ് ഈ സഖ്യ രൂപീകരണമെങ്കിലും, മുന്നണിയും ബിജെപിയും തമ്മിലുള്ള പോരാട്ടത്തിന്റെ ‘അരങ്ങേറ്റ’മാകും അഞ്ച് സംസ്ഥാനങ്ങളിലേക്കു തിരഞ്ഞെടുപ്പ്. മിക്ക സംസ്ഥാനങ്ങളിലും ‘ഇന്ത്യ’ മുന്നണിയിലെ പാർട്ടികൾ പിരിഞ്ഞാണു മത്സരിക്കുന്നതെങ്കിലും, ഒരുമിച്ചു നിൽക്കുന്ന ഇടങ്ങളിൽ അവർ സൃഷ്ടിക്കുന്ന ചലനം ബിജെപിയെ സംബന്ധിച്ച് നിർണായകമാകും.

ദേശീയതലത്തിലുള്ള ഇന്ത്യാ മുന്നണി ഈ തിരഞ്ഞെടുപ്പിൽ മിക്കയിടങ്ങളിലും ഇല്ലാത്തത് ബിജെപിക്ക് ആശ്വാസമാണ്. പ്രതിപക്ഷ സഖ്യ രൂപീകരണം വിജയകരമായി നടന്നെങ്കിലും സീറ്റു വിഭജനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽത്തട്ടി സഖ്യം തകരുമെന്ന പ്രതീക്ഷ ബിജെപിക്കു തുടക്കം മുതലേയുണ്ട്. ആ വിശ്വാസം ശരിവയ്ക്കുന്ന വിധത്തിലാണ് അഞ്ച് സംസ്ഥാനങ്ങളിലും സീറ്റു വിഭജന ചർച്ചകൾ പൂർത്തിയായത്. മധ്യപ്രദേശിൽത്തന്നെ സമാജ്‌വാദി പാർട്ടിയും ആം ആദ്മി പാർട്ടിയുമൊക്കെ ഒറ്റയ്ക്കാണു മത്സരിക്കുന്നത്. തെലങ്കാനയില്‍ 'കൈ' പിടിക്കാതെയാണ് സിപിഎം മത്സരരംഗത്തുള്ളത്.

∙ ഹിന്ദിഭൂമിയിലെ തിരഞ്ഞെടുപ്പു പരീക്ഷണം

കർണാടക തിരഞ്ഞെടുപ്പിലെ തോൽവിയോടെ ദക്ഷിണേന്ത്യയിൽ അധികാരത്തിൽനിന്ന് ഏറെക്കുറെ വേരറ്റുപോയ ബിജെപിക്ക്, ഹിന്ദി ഹൃദയഭൂമിയിൽ കൂടി കോൺഗ്രസിനോടു തോൽക്കുന്നത് അചിന്ത്യം. നിലവിൽ രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ അധികാരത്തിലുള്ള കോൺഗ്രസിന്, മധ്യപ്രദേശിൽ ബിജെപിയുടെ കോട്ട തകർക്കുന്നത് 2024ലേക്കുള്ള വിക്ഷേപണത്തറയുമാണ്. ഈ സാഹചര്യത്തിൽ മൂന്നു സംസ്ഥാനങ്ങളിലും ഭരണം പിടിക്കാൻ കോൺഗ്രസും ബിജെപിയും കൈമെയ് മറന്നു പോരാടുകയാണ്. ജനക്ഷേമപദ്ധതികൾ പറഞ്ഞു വോട്ടു തേടിയിരുന്ന ബിജെപി ഇപ്പോൾ രാമക്ഷേത്രവും സനാതന ധർമവും പറഞ്ഞു തുടങ്ങിയത് പാർട്ടിയുടെ ആത്മവിശ്വാസമില്ലായ്മ പുറത്തുകൊണ്ടുവരുന്നുണ്ട്. ശക്തമായ സംഘടനാബലവും നേരത്തേ തന്നെയുള്ള ചിട്ടയായ പ്രവർത്തനങ്ങളുംകൊണ്ടു ദൗർബല്യങ്ങളെ മറികടക്കാവുന്നതേയുള്ളൂവെന്നാണ് ബിജെപി കരുതുന്നത്.

ram-temple
നിർമാണം നടക്കുന്ന രാമക്ഷേത്രം.

മധ്യപ്രദേശിൽ ഭരണവിരുദ്ധ വികാരം മറികടക്കാൻ കേന്ദ്രമന്ത്രിമാരടക്കം 7 ദേശീയ നേതാക്കളെയാണ് ബിജെപി രംഗത്തിറക്കുന്നത്. മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല. രാജസ്ഥാനിലും സിറ്റിങ് എംപിമാർക്ക് സീറ്റ് നൽകിയാണ് ബിജെപിയുടെ പരീക്ഷണം. മുൻ കേന്ദ്രമന്ത്രിയും ഒളിംപിക് മെഡൽ ജേതാവുമായ രാജ്യവർധൻ സിങ് റാത്തോഡ് ഉൾപ്പെടെ മത്സരരംഗത്തുണ്ട്. അതേസമയം, എംഎൽഎമാരുടെയും സംസ്ഥാന നേതാക്കളുടെയും അനിഷ്ടം അവഗണിച്ചു കേന്ദ്ര മന്ത്രിമാരെയും എംപിമാരെയും നിയമസഭാ സ്ഥാനാർഥികളാക്കി ബിജെപി നടത്തുന്ന പരീക്ഷണം ഫലം കണ്ടില്ലെങ്കിൽ ആഘാതമേൽക്കുക ദേശീയ നേതൃത്വത്തിനാണ്. 

∙ തലയെടുപ്പുള്ള നേതാക്കൾ, ‘തലക്കനം’ ഭീഷണി

തിരഞ്ഞെടുപ്പു പോരാട്ടം മുറുകുന്തോറും പാർട്ടിയിലെ ആഭ്യന്തര കലഹവും വർധിക്കുന്നത് ബിജെപിക്ക് സൃഷ്ടിക്കുന്ന ആധി ചില്ലറയല്ല. സീറ്റ് നിഷേധിക്കപ്പെട്ടവർ ഏറ്റവും പ്രതിഷേധമുയർത്തിയത് മധ്യപ്രദേശിലും രാജസ്ഥാനിലുമാണ്. മധ്യപ്രദേശിൽ സീറ്റ് നിഷേധിക്കപ്പെട്ട മുതിർന്ന നേതാവ് മുൻ ആഭ്യന്തരമന്ത്രി ഉമാശങ്കർ ഗുപ്ത ഹൃദയാഘാതം മൂലം ആശുപത്രിയിലുമായി. സീറ്റ് നഷ്ടപ്പെട്ട അനുയായികൾ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യയുടെ വീട്ടിൽ ബഹളമുണ്ടാക്കി.

സീറ്റ് നിഷേധിക്കപ്പെട്ടവരുടെ അതൃപ്തി മാറിയിട്ടില്ലെങ്കിലും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ പരമ്പര പൂർത്തിയാകുന്നതോടെ അതൃപ്തരായ പാർട്ടി അണികൾ ആവേശത്തോടെ ബൂത്തിലേക്കെത്തുമെന്നാണ് ബിജെപി പ്രതീക്ഷ. മോദിയുടെ പേരിൽ വോട്ടുപിടിക്കുക എന്ന പതിവു ഫോർമുലയാണ് ഇത്തവണയും എല്ലായിടത്തും ബിജെപി പയറ്റുന്നത്. ഈ 5 സംസ്ഥാനങ്ങളിൽ ബിജെപി ഏറ്റവുമധികം വിജയസാധ്യത കാണുന്ന രാജസ്ഥാനിലും സ്ഥിതി വ്യത്യസ്തമല്ല. അവിടെ ഭരണവിരുദ്ധ വികാരവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിഛായയും വോട്ടാകുമെന്നാണു പ്രതീക്ഷ. തയാറെടുക്കാൻ സ്ഥാനാർഥികളോടു മുൻകൂട്ടി നിർദേശിച്ചും പട്ടിക നേരത്തേ പ്രഖ്യാപിച്ചും പ്രചാരണത്തിൽ മേൽക്കൈയുണ്ടാക്കാൻ ബിജെപി ശ്രമിച്ചിട്ടുമുണ്ട്.

ജ്യോതിരാദിത്യ സിന്ധ്യ (PTI Photo/Shahbaz Khan)
ജ്യോതിരാദിത്യ സിന്ധ്യ (PTI Photo/Shahbaz Khan)

ഇതിനെല്ലാം ഇടയിലാണ് സംസ്ഥാന തലത്തിൽ തലയെടുപ്പുള്ള നേതാക്കൾ സൃഷ്ടിക്കുന്ന ഭീഷണി. രാജസ്ഥാനിൽ വസുന്ധര രാജെയും മധ്യപ്രദേശിൽ കൈലാഷ് വിജയ്‌വർഗിയയും തലയെടുപ്പുള്ള നേതാക്കളാണെങ്കിലും, ആ തലയെടുപ്പിനെയാണ് ബിജെപിക്ക് പേടി. രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിസ്ഥാനാർഥിയെക്കുറിച്ചു വ്യക്തത നൽകാത്തത് എല്ലാ നേതാക്കളുടെയും ഉത്സാഹം ഉറപ്പാക്കാനുള്ള തന്ത്രമാണ്. എന്നാൽ, അതും വിപരീതഫലം നൽകാമെന്ന് ആശങ്കയുള്ളവർ പാർട്ടിയിലുണ്ട്. കാരണം, എല്ലാ സംസ്ഥാനത്തും ഗ്രൂപ്പ് വഴക്ക് ശക്തമാണ്. 

അതേസമയം തന്നെ, കർണാടക തിരഞ്ഞെടുപ്പു പാഠവും ബിജെപി മറക്കുന്നില്ല. നയിക്കാൻ മോദിയുണ്ടെങ്കിലും സംസ്ഥാന നേതൃത്വവും ഒപ്പം വേണമെന്ന പാഠം ബിജെപിക്കു നൽകിയത് കർണാടകയാണ്. ഒട്ടൊക്കെ അനിഷ്ടത്തോടെയെങ്കിലും രാജസ്ഥാനിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെയടക്കം ചേർത്തുനിർത്തുന്നതും അതുകൊണ്ടുതന്നെ.

∙ ബിജെപിക്കുണ്ട്, ഒരു‘ജാതി’ ആശങ്ക

സമീപകാലത്തെ തിരഞ്ഞെടുപ്പു നേട്ടങ്ങളുടെയെല്ലാം മൂലക്കല്ലായ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ കോൺഗ്രസ് ‘ജാതി സെൻസസ്’ എന്ന തുറുപ്പുചീട്ടിറക്കിയതിന്റെ ആശങ്കയും ബിജെപിക്കുണ്ട്. ബിജെപി സെറ്റ് ചെയ്യുന്ന അജൻഡയുടെ പിന്നാലെ പോയി സമയം കളയുന്ന പതിവു രീതിക്കു പകരം, ഇത്തവണ കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷമാണ് അജൻഡ സെറ്റ് ചെയ്തിരിക്കുന്നത്. അതിനോടു പ്രതികരിക്കാൻ ബിജെപി നിർബന്ധിതമാവുന്നു എന്നതാണ് അവസ്ഥ. ഈ വിഷയത്തിൽ ഇനി ഒഴികഴിവുകൾ പറ്റില്ലെന്ന ബോധ്യം ബിജെപിക്കുമുണ്ട്.

വനിതാസംവരണ ബിൽ പാസാക്കിയത് തങ്ങളുടെ നേട്ടമായി ബിജെപിയും പ്രധാനമന്ത്രി മോദിയും പ്രചരിപ്പിക്കുന്നതിനിടയിലാണു ജാതി സെൻസസ് എന്ന ആവശ്യം കോൺഗ്രസും ഇന്ത്യ മുന്നണിയും മുന്നോട്ടുവച്ചത്. രാജ്യം മുഴുവൻ ജാതി സെൻസസ് നടത്തണമെന്നതു കോൺഗ്രസ് തിരഞ്ഞെടുപ്പു വിഷയമായി ഉയർത്തിക്കൊണ്ടുവന്നു. ജാതിരാഷ്ട്രീയത്തിനു വലിയ സ്വാധീനമുള്ള ഹിന്ദി ഹൃദയഭൂമിയിൽ ജാതി സെൻസസ് എന്ന ആവശ്യം മുഖ്യ പ്രചാരണായുധമാക്കാനാണു പ്രതിപക്ഷ ഇന്ത്യ മുന്നണി ശ്രമിക്കുന്നത്.

നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും. Photos: PTI
നരേന്ദ്ര മോദി, രാഹുൽ ഗാന്ധി (Photo/ PTI)

അതിനു പുറമേ, നിർധനരും സമ്പന്നരും തമ്മിലുള്ള പോരാട്ടം എന്ന നിലയിലേക്ക് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചിത്രം മാറ്റാനും കോൺഗ്രസ് കച്ചമുറുക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂട്ടാളികളായ ഒരുപറ്റം വ്യവസായികൾ രാജ്യത്തെ സമ്പത്ത് കൈക്കലാക്കുന്നതിനെതിരെ നിർധനരെയും പിന്നാക്ക വിഭാഗങ്ങളെയും അണിനിരത്തിയുള്ള പോരാട്ടമാണ് കോൺഗ്രസ് മുന്നോട്ടു വയ്ക്കുന്ന ആശയം. അദാനിക്കെതിരെ രാഹുൽ ഗാന്ധി നടത്തുന്ന കടന്നാക്രമണങ്ങളുടെ തുടർച്ചയാണ് ഇത്തരമൊരു നീക്കം. രാജ്യത്ത് ജാതി സെൻസസിനു പുറമേ സാമ്പത്തിക സർവേയും കോൺഗ്രസ് നടത്തുമെന്ന  രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്.

വാൽക്കഷ്ണം: നടക്കാനിരിക്കുന്ന 5 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൂന്നിടത്തും കോൺഗ്രസിനു മുൻതൂക്കം പ്രവചിച്ച അഭിപ്രായ സർവേ പുറത്തുവന്നത് ഒക്ടോബർ പത്തോടെയാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളിൽ കോൺഗ്രസ് മുന്നിലെത്തുമെന്നായിരുന്നു എബിപി – സീ വോട്ടർ സർവേ ഫലം. അതേസമയം, രാജസ്ഥാനിൽ ബിജെപി മികച്ച ഭൂരിപക്ഷം നേടുമെന്നും പ്രവചനമുണ്ട്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ജയം ഉറപ്പിക്കാമെന്നും രാജസ്ഥാനിൽ ആഞ്ഞുപിടിച്ചാൽ ജയമെന്നുമാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. മണിപ്പുർ വിഷയത്തിലെ നിലപാട് മിസോറമിൽ സഹായിക്കുമെന്നാണു കോൺഗ്രസ് പ്രതീക്ഷ. തെലങ്കാനയിലും മിസോറമിലും നല്ല പോരാട്ടമെന്നതാണ് കോൺഗ്രസിന്റെ കാഴ്ചപ്പാടെങ്കിൽ, ബിജെപിക്ക് അങ്ങനെയൊരു തോന്നൽ ഇനിയുമായിട്ടില്ല.

English Summary:

Caste census and bjp politics on coming assembly election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com