ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 2 പേർക്ക് പരുക്ക്

Mail This Article
കോഴിക്കോട്∙ വടകര കരിമ്പനപ്പാലത്ത് ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരുക്കേറ്റു. പിക്കപ്പ് വാനിന്റെ ഡ്രൈവർ സേലം സ്വദേശി രാജുവാണ് മരിച്ചത്. കരിമ്പനപ്പാലം കെടിഡിസിക്ക് സമീപം ഇന്ന് രാവിലെ 6 നാണ് അപകടമുണ്ടായത്.
കണ്ണൂർ ഭാഗത്തുനിന്ന് ഫർണിച്ചർ കയറ്റി വരികയായിരുന്ന പിക്കപ്പ് വാൻ എതിർദിശയിൽനിന്നു വന്ന മീൻ ലോറിയുമായി ഇടിക്കുകയായിരുന്നു. തുടർന്ന് മറ്റൊരു വാഹനത്തിലും ഇടിച്ചാണ് വാഹനം നിന്നത്. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ അപകടത്തിൽപ്പെട്ടവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് പിക്കപ്പ് വാനിന്റെ മുൻഭാഗത്തുനിന്ന് പുക ഉയർന്നെങ്കിലും നാട്ടുകാർ ചേർന്ന് അണച്ചു. പിക്കപ്പ് വാനി്റെ മുൻഭാഗം ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു.