ADVERTISEMENT

ഇന്ത്യയുടെ വടക്കു കിഴക്കേ അറ്റത്ത്, ബംഗ്ലദേശ്, മ്യാൻമര്‍ തുടങ്ങിയ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഹിമാലയൻ സംസ്ഥാനം. മിസോ ഗോത്രവിഭാഗക്കാരുടെ നാട്. മിസോറം വീണ്ടുമൊരു തിരഞ്ഞെടുപ്പിനു തയാറെടുക്കുകയാണ്. മണിപ്പുർ കലാപവും അഭയാർഥി പ്രശ്നവും രാഷ്ട്രീയഗതി നിർ‌ണയിക്കുമെന്നു വിലയിരുത്തപ്പെടുന്ന തിരഞ്ഞെടുപ്പിൽ 8,51,895 വോട്ടർമാരാണ് വിധി എഴുതുന്നത്. 4,12,969 പുരുഷന്മാരും 4,38,925 വനിതകളും വോട്ടർപ്പട്ടികയിൽ ഉൾപ്പെടുന്നു. എൻഡിഎയുടെ സഖ്യകക്ഷിയായ മിസോ നാഷനൽ ഫ്രണ്ടാണ് സംസ്ഥാനം ഭരിക്കുന്നത്. വിവിധ പാർട്ടികളുടെ സഖ്യമായ സോറം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) ആണ് ഇത്തവണ എംഎൻഎഫിന്റെ പ്രധാന എതിരാളി.  

2018ൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പോളിങ് സ്റ്റേഷനു മുന്നിൽ മിസോറം വനിത∙ ചിത്രം: AFP / Arindam DEY
2018ൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പോളിങ് സ്റ്റേഷനു മുന്നിൽ മിസോറം വനിത∙ ചിത്രം: AFP / Arindam DEY

1275 പോളിങ് സ്റ്റേഷനുകളുള്ള സംസ്ഥാനത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ 13,856 വോട്ടര്‍മാർ വർധിച്ചിട്ടുണ്ട്. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ, നവംബർ ഏഴിനു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മിസോറം ആർക്കൊപ്പം നിൽക്കുമെന്നത് അപ്രവചനീയം. 

∙ മിസോകളുടെ നാട്

1972 മുതൽ അസം സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന പ്രദേശമാണ് മിസോറം. 1986 ൽ മിസോറമിനെ പുതിയ സംസ്ഥാനമായി പ്രഖ്യാപിക്കാൻ ഇന്ത്യൻ പാർലമെന്റ് തീരുമാനിച്ചു. തുടർന്ന് 1987 ഫെബ്രുവരി 20 ന് ഇന്ത്യയുടെ 23–ാമത് സംസ്ഥാനമായി മിസോറം പിറവിയെടുത്തു. ഏറ്റവും കുറവ് ജനസംഖ്യയുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നാണ് മിസോറം. 91 ശതമാനവും വനമേഖല. ഗോത്രജനതയും കുടിയേറ്റക്കാരുമാണ് ഭൂരിഭാഗവും. സംസ്ഥാനത്തെ ജനസംഖ്യയിൽ 95 ശതമാനവും ഗോത്രവർഗക്കാരാണ്. 87 ശതമാനം ജനങ്ങളും ക്രിസ്ത്യൻ മതവിശ്വാസികളാണ്. പള്ളികൾ കേന്ദ്രീകരിച്ച് നടത്തുന്ന പ്രചാരണമാണ് പലപ്പോഴും മിസോറമില്‍ ജയപരാജയങ്ങൾ നിർണയിക്കുന്നത്. പള്ളി അധികാരികള്‍ രൂപം നൽകുന്ന മിസോറം പീപ്പിൾസ് ഫോറം ഇക്കാര്യത്തിൽ നിർണായകഘടകമായി മാറുകയും ചെയ്യുന്നു.

∙ 2018 ൽ ചരിത്രമെഴുതി എംഎന്‍എഫ്

സംസ്ഥാനം രൂപം കൊണ്ട കാലം മുതൽ മിസോ നാഷനൽ ഫ്രണ്ടും കോൺഗ്രസും മാറിമാറിയാണ് മിസോറം ഭരിച്ചിരുന്നത്. 2018ലെ തിരഞ്ഞെടുപ്പു വരെ കോൺഗ്രസ് ആയിരുന്നു എംഎൻഎഫിന്റെ പ്രധാന രാഷ്ട്രീയ എതിരാളി. 2018 നവംബറിൽ മിസോറമിലെ 40 നിയമസഭാ സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 26 എണ്ണത്തിലും വിജയിച്ച് എംഎന്‍എഫ് അധികാരത്തിൽ വന്നു. ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നിൽ പോലും അധികാരത്തിലില്ല എന്ന അവസ്ഥയിലെത്തി കോൺഗ്രസ്. മാത്രമല്ല, മിസോറമിൽ അഞ്ച് സീറ്റുകളിൽ ഒതുങ്ങുകയും ചെയ്തു. 37.7 ശതമാനമായിരുന്നു എംഎൻഎഫിന്റെ വോട്ടുവിഹിതം. മുൻതിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി എംഎൻഎഫിന്റെ വോട്ട് നില 9 ശതമാനം വർധിച്ചു. 29.8 ശതമാനമായിരുന്നു കോൺഗ്രസിന്റെ വോട്ടുനില. 14.6 ശതമാനം ഇടിവാണ് കോൺഗ്രസിന്റെ വോട്ടുനിലയിലുണ്ടായത്. 

സോറംതാംഗ∙ @jon_suante/X Platform
സോറംതാംഗ∙ @jon_suante/X Platform

എട്ട് സീറ്റുകൾ നേടി സോറം പീപ്പിൾസ് മൂവ്മെന്റ് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായി വളർന്നു. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള പ്രദേശത്ത് ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചത് അവരുടെ വലിയ നേട്ടമായിരുന്നു. 2018 ൽ, 40 ൽ 39 സീറ്റിലും മത്സരിച്ച് ഒരെണ്ണത്തിൽ മാത്രം ജയിച്ച ബിജെപി ഇത്തവണ കൂടുതൽ ജയം ലക്ഷ്യമിടുന്നു. 23 സീറ്റുകളിലാണ് ഇത്തവണ പാർട്ടി മത്സരിക്കുന്നത്.

∙ സോറം പീപ്പിൾസ് മൂവ്മന്റിന്റെ ഉദയം

മിസോറമിലെ ആറ് പ്രാദേശിക പാർട്ടികളുടെ കൂട്ടായ്മയാണ് സോറം പീപ്പിൾസ് മൂവ്മെന്റ്. 2018 ലെ തിരഞ്ഞെടുപ്പിൽ സെഡ്പിഎമ്മിനെ രാഷ്ട്രീയ പാർട്ടിയായി തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ സ്വതന്ത്ര രാഷ്ട്രീയ പാർട്ടിയായാണ് സോറം പീപ്പിൾസ് മൂവ്മെന്റ് മൽസരിക്കാനിറങ്ങിയത്. മിസോറം പീപ്പിള്‍സ് കോൺഫറൻസ്, സോറം നാഷനലിസ്റ്റ് പാർട്ടി, സോറം എക്സോഡസ് മൂവ്മെന്റ്, സോറം ഡീസെൻട്രലൈസേഷൻ ഫ്രണ്ട്, സോറം റീഫോർമേഷൻ ഫ്രണ്ട്, മിസോറം പീപ്പിൾസ് മൂവ്മെന്റ് എന്നിങ്ങനെ നാല് പ്രാദേശിക രാഷ്ട്രീയ പാർട്ടികളാണ് സോറം പീപ്പിൾസ് മുവ്മെന്റിൽ ലയിച്ചത്. 2017ൽ രൂപീകൃതമായ സഖ്യത്തെ 2019 ൽ രാഷ്ട്രീയപാർട്ടിയായി തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകരിച്ചു. ‘മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക’ എന്നതാണ് സെഡ്പിഎമ്മിന്റെ മുദ്രാവാക്യം. 2023 ല്‍ ലുങ്‌ലായ് മുനിസിപ്പൽ കൗൺസിലിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ പതിനൊന്നു വാർഡുകളിൽ സോറം പീപ്പിൾസ് മൂവ്മെന്റ് വിജയിച്ചു. 2018 ൽ മിസോറമിൽ 40 നിയമസഭാ സീറ്റുകളിൽ 36 എണ്ണത്തിലും സോറം പീപ്പിൾസ് മുവ്മെന്റ് സ്ഥാനാർഥികൾ മത്സരിച്ചിരുന്നു. എട്ടു സീറ്റുകളിൽ വിജയിച്ച് പ്രധാന പ്രതിപക്ഷമാകുകയും ചെയ്തു. 

ഐസ്വാളിൽ കോൺഗ്രസിന്റെ പദയാത്രയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നു. ചിത്രം: പിടിഐ
ഐസ്വാളിൽ കോൺഗ്രസിന്റെ പദയാത്രയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നു. ചിത്രം: പിടിഐ

∙ മിസോ ദേശീയതയും മോദി തരംഗവും പ്രചാരണായുധം

മിസോറം ജനതയുടെ രക്തത്തിൽ അലിഞ്ഞു ചേർ‌ന്ന വികാരമാണ് മിസോ ദേശീയത. ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ടിന്റെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണതന്ത്രവും ഇതുതന്നെയാണ്. മ്യാൻമറിലെ ചിൻ വംശജർക്കും മണിപ്പുരിലെ കുക്കി വിഭാഗക്കാർക്കും അഭയം നൽകാൻ സോറംതാംഗയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ തീരുമാനിച്ചിതിന്റെ പ്രധാന കാരണവും മിസോ ദേശീയതയാണ്. മിസോ ദേശീയതയിൽ നിന്നാണ് മിസോ നാഷനൽ ഫ്രണ്ട് പിറവിയെടുത്തതെന്നാണ് പാർട്ടിയുടെ അവകാശവാദം. ചിൻ, കുക്കി–സോമി, മിസോ വിഭാഗക്കാരെല്ലാം തന്നെ ‘സോ’ വംശപരമ്പരയിൽപ്പെടുന്നവരാണെന്ന വാദമാണ് മണിപ്പുർ, മ്യാൻമർ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് അഭയം നൽകാനുള്ള സർക്കാർ തീരുമാനത്തിനു പിന്നിൽ. ഗ്രേറ്റർ മിസോറമും സോ വംശജർ ഒരുമിച്ചു താമസിക്കേണ്ടതിന്റെ ആവശ്യകതയും പ്രചാരണ വിഷയമാണ്. 

രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനായി ഐസോളിൽ എത്തിയ പ്രവർത്തകർ. ചിത്രം∙ പിടിഐ
രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനായി ഐസോളിൽ എത്തിയ പ്രവർത്തകർ. ചിത്രം∙ പിടിഐ

മിസോറമിൽ‌ ബിജെപിയുടെ ഹിന്ദുത്വവാദം കോൺഗ്രസ് പ്രചാരണായുധമാക്കുമ്പോള്‍ മോദി  തരംഗവുമായാണ് ബിജെപി കളംപിടിക്കാനൊരുങ്ങുന്നത്. ബിജെപിക്കെതിരെ പ്രാദേശിക പാർട്ടികളെ കൂട്ടുപിടിക്കാനുള്ള നീക്കവും കോൺഗ്രസ് നടത്തുന്നുണ്ട്. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ചരടുവലിക്കനുസരിച്ചാണ് സംസ്ഥാന സർക്കാർ പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ഇത്തവണ 26 സീറ്റുവരെ നേടി അധികാരത്തിലെത്തുമെന്ന ശുഭപ്രതീക്ഷയും കോൺഗ്രസിനുണ്ട്. 

രാജ്യമാകെയുള്ള മോദി തരംഗം മിസോറമിൽ വോട്ടായി മാറുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഭരണപക്ഷത്തെ രണ്ടു പ്രമുഖ നേതാക്കൾ ബിജെപിയിലേക്കു വന്നത് പാർട്ടിക്ക് പ്രതീക്ഷ നൽകുന്നുണ്ട്. 

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പോളിങ് ബൂത്തിനു പുറത്തേക്ക് വരുന്ന സ്ത്രി∙ ചിത്രം: (Photo by ARINDAM DEY / AFP)
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പോളിങ് ബൂത്തിനു പുറത്തേക്ക് വരുന്ന സ്ത്രി∙ ചിത്രം: (Photo by ARINDAM DEY / AFP)

∙ ചരിത്രം കുറിക്കാൻ 15 വനിതകൾ

പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളുള്ള സംസ്ഥാനമാണ് മിസോറമെങ്കിലും രാഷ്ട്രീയത്തിൽ അവർക്കു വലിയ പ്രാധാന്യമില്ല. മിസോറമിന്റെ ചരിത്രത്തിലിതുവരെ നാലു വനിതകള്‍ മാത്രമാണ് നിയമസഭയിലെത്തിയത്. കഴിഞ്ഞ തവണ 16 വനിതകൾ മത്സരിച്ചെങ്കിലും എല്ലാവരും തോറ്റു. മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്), സോറാം പീപ്പിൾസ് മുവ്െമന്റ് (സെഡ്പിഎം) എന്നിവർ രണ്ട് വനിതാസ്ഥാനാർഥികളെയാണ് ഇത്തവണ മത്സരിപ്പിക്കുന്നത്. ബിജെപി ടിക്കറ്റിൽ മൂന്നു വനിതാ സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. ഐസോൾ–2ൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥി വി.ചാങ്തു മാത്രമാണ്  മുൻപ് എംഎൽഎയായത്. 2014ലെ ഉപതിരഞ്ഞെടുപ്പിൽ ജയിച്ച ഇവർ പിന്നീട് മന്ത്രിയായി. 

∙ മണിപ്പുരും മ്യാൻമറും വിധിയെഴുതുന്ന മിസോറം

മണിപ്പുരിലെ വംശീയ കലാപവും അയൽരാജ്യമായ മ്യാൻമറിലെ അഭയാർഥിപ്രശ്നവും മിസോറം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. കലാപത്തെ തുടർന്ന് മണിപ്പുരിൽനിന്ന് നിരവധി പേർ മിസോറമിൽ അഭയം തേടിയിട്ടുണ്ട്. മ്യാന്‍മറിൽനിന്ന് 50,000ൽ അധികം അഭയാർഥികളാണ് മിസോറമിൽ എത്തിയത്. സംസ്ഥാനത്ത് ഇവർക്കൊന്നും വോട്ടവകാശം ഇല്ലെങ്കിലും അവരുടെ സാന്നിധ്യം ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കും. പട്ടാള അട്ടിമറിയെ തുടർന്ന് മ്യാൻമറിലെ ചിന്നിൽ നിന്നുള്ളവർ മിസോറമിൽ അഭയം തേടി. അഭയാർഥികൾക്ക് മണിപ്പുർ നിയന്ത്രണം ഏർപ്പെടുത്തിയപ്പോഴും മിസോറം തുറന്ന സമീപനമാണ് എടുത്തത്. ‘ചിന്‍ ജനത നമ്മുടെ സഹോദരങ്ങളാണ്. അവർക്ക് അഭയം നൽകണം’ എന്നായിരുന്നു മിസോറം മുഖ്യമന്ത്രി സോറംതാംഗയുടെ പ്രതികരണം. 

കഴിഞ്ഞ ജൂണിൽ ഐസ്വാളിൽ നടന്ന സൊ വംശജരുടെ കൂട്ടായ്മയിൽ നിന്ന് (Photo: The Mizos/FB)
കഴിഞ്ഞ ജൂണിൽ ഐസ്വാളിൽ നടന്ന സൊ വംശജരുടെ കൂട്ടായ്മയിൽ നിന്ന് (Photo: The Mizos/FB)

മണിപ്പുരിൽ കുക്കി–മെയ്തെയ് വിഭാഗക്കാർ തമ്മിൽ സംഘർഷമുണ്ടായപ്പോഴും കുക്കികൾ സോ ഗോത്രവർഗത്തിന്റെ ഭാഗമാണെന്ന വാദം ഉന്നയിച്ച് മിസോറം സർക്കാര്‍ അവർക്കും അഭയം നൽകി. അഭയാർഥികളെ സ്വാഗതം ചെയ്യുന്നതിൽ മിസോറം സർക്കാർ എടുത്ത തുറന്ന സമീപനം വോട്ടായി മാറുമെന്നു തന്നെയാണ് ഭരണകക്ഷിയായ എംഎൻഎഫിന്റെ പ്രതീക്ഷ. മിസോ ദേശീയത ആഴത്തിൽ വേരോടിയ ജനങ്ങള്‍ക്കിടയിൽ സോ ഗോത്രപരമ്പരയിൽപ്പെട്ടവർക്ക് അഭയം നൽകാൻ സർക്കാർ മുൻകൈ എടുത്തത് വോട്ടായി മാറുമെന്നും മിസോ നാഷനൽ ഫ്രണ്ടിനു കണക്കുകൂട്ടലുണ്ട്. 

കിഴക്കൻ മിസോറമിലെ അഭയാർഥി ക്യാംപിൽ മ്യാൻമർ അഭയാർഥികൾ. ചിത്രം: എഎഫ്പി
കിഴക്കൻ മിസോറമിലെ അഭയാർഥി ക്യാംപിൽ മ്യാൻമർ അഭയാർഥികൾ. ചിത്രം: എഎഫ്പി

∙ ബിജെപിയോട് മുഖം തിരിച്ച് സോറംതാംഗ

കേന്ദ്രത്തിൽ എൻഡിഎയുടെ ഭാഗമാണെങ്കിലും സംസ്ഥാനത്ത് ബിജെപിയോട് ഇടഞ്ഞു നിൽക്കുകയാണ് ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ടും മുഖ്യമന്ത്രി സോറംതാംഗയും. മണിപ്പുർ കലാപത്തിലെ കേന്ദ്രത്തിന്റെ നിലപാട് എംഎൻഎഫിനെ ചൊടിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രചാരണത്തിനായി നരേന്ദ്ര മോദി സംസ്ഥാനത്തെത്തിയാൽ വേദി പങ്കിടില്ലെന്നു മുഖ്യമന്ത്രി സോറംതാംഗ നേരത്തേ വ്യക്തമാക്കിയിരുന്നു. 

മിസോറം മുഖ്യമന്ത്രി സോറംതങ്ങ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം (Photo: X/@ZoramthangaCM)
മിസോറം മുഖ്യമന്ത്രി സോറംതങ്ങ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം (Photo: X/@ZoramthangaCM)

അതേസമയം മണിപ്പുർ കലാപം മിസോറമിൽ തിരിച്ചടിയാകുമോ എന്ന് ബിജെപി നേതൃത്വത്തിന് ആശങ്കയുണ്ട്. അതുകൊണ്ടു തന്നെ മിസോറമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയിട്ടില്ല. മണിപ്പുർ സന്ദർശിക്കാത്ത മോദി അയൽസംസ്ഥാനമായ മിസോറമിൽ വോട്ടു തേടി എത്തിയാൽ വിപരീതഫലം ചെയ്യുമെന്ന വിലയിരുത്തലുണ്ട്. 

മിസോറം കോൺഗ്രസ് പ്രസിഡന്റ് ലാൽസോത്ത∙ ചിത്രം: പിടിഐ
മിസോറം കോൺഗ്രസ് പ്രസിഡന്റ് ലാൽസോത്ത∙ ചിത്രം: പിടിഐ

∙ ഇവരാണ് മത്സരരംഗത്തെ പ്രമുഖർ

വിവിധ പാർട്ടികളിൽനിന്നായി അഞ്ച് പ്രമുഖരാണ് മത്സരരംഗത്തുള്ളത്. മുഖ്യമന്ത്രി സോറംതാംഗ തന്നെയാണ് മത്സരരംഗത്തുള്ള പ്രമുഖരിൽ ഒന്നാമൻ. ഐസോൾ ഈസ്റ്റ്–1ലാണ് നിലവിലെ മുഖ്യമന്ത്രിയും എംഎൻഎഫ് നേതാവുമായ സോറംതാംഗ ജനവിധി തേടുന്നത്. തോൻലുയ (എംഎൻഎഫ്), ലാൽസാവ്ത (കോൺഗ്രസ്), ലാൽദുഹോമ (സെഡ്പിഎം), വൻലാൽമൗക (ബിജെപി) എന്നിവരാണ് മത്സര രംഗത്തുള്ള മറ്റുപ്രമുഖർ. 

English Summary:

New Political Movements In Mizoram, Who Win In November-7 Assembly Election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com