ADVERTISEMENT

ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിൽ രാഷ്ട്രീയ വിവാദത്തിനു തിരികൊളുത്തിയ, ദുബായ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഓൺലൈൻ വാതുവയ്പ് ശൃംഖലയായ മഹാദേവ് ബെറ്റിങ് ആപ് ഉൾപ്പെടെ, 22 നിയമവിരുദ്ധ ബെറ്റിങ് ആപ്പുകളും വെബ്സൈറ്റുകളും നിരോധിച്ച് കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഞായറാഴ്ച പുറത്തുവന്നു. ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ആവശ്യപ്രകാരമാണ് ഈ ആപ്പുകളും വെബ്സൈറ്റുകളും നിരോധിക്കുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ‘‘അനധികൃത വാതുവയ്പ് ആപ് സിൻഡിക്കറ്റുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങളുടെയും ഛത്തീസ്ഗഡിലെ മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ടുള്ള റെയ്ഡുകളുടെയും പശ്ചാത്തലത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടി’’ എന്ന് ഐടി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

മഹാദേവ് ബെറ്റിങ് ആപ്പിന്റെ പ്രമോട്ടർമാർ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് 508 കോടി രൂപ നൽകിയെന്നു വെളിപ്പെടുത്തിയ ഇ.ഡി, അതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചത് വലിയ രാഷ്ട്രീയ കോലാഹലത്തിനു കാരണമായിരുന്നു. ബിജെപി നിരയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും എതിർപക്ഷത്തു നിന്ന് കോൺഗ്രസ് നേതാക്കളും ആരോപണ, പ്രത്യാരോപണങ്ങളുമായി രംഗത്തിറങ്ങി.

മഹാദേവ് ആപ്പിനെതിരെ അന്വേഷണം നടത്തിയതും കേസെടുത്തതും കോൺഗ്രസ് സർക്കാരാണെന്നും കമ്പനിയുടെ പ്രമോട്ടർമാരെ സംരക്ഷിക്കുന്നത് ബിജെപിയാണെന്നും കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ചൂണ്ടിക്കാട്ടി. മഹാദേവ് ആപ്പിനെതിരെ കേസെടുക്കാത്തതും ആരെയും അറസ്റ്റ് ചെയ്യാത്തതും സംബന്ധിച്ച് പ്രതിപക്ഷം ആരോപണം കടുപ്പിക്കുന്നതിനിടെയാണ് വിവാദ ആപ് ഉൾപ്പെടെ 22 ആപ്പുകൾക്കും വെബ്സൈറ്റുകൾക്കും നിരോധനം ഏർപ്പെടുത്തിയത്.

നേരത്തേ, ഛത്തീസ്ഗഡിൽ നടത്തിയ റെയ്ഡിൽ അസീം ദാസ് എന്ന ഹവാല ഇടപാടുകാരനിൽനിന്ന് 5.39 കോടി രൂപ കഴിഞ്ഞ ദിവസം ഇ.ഡി പിടിച്ചെടുത്തിരുന്നു. മഹാദേവ് ആപ്പിന്റെ പ്രമോട്ടർമാരുടെ പണവുമായി യുഎഇയിൽനിന്ന് എത്തിയതാണെന്നും തിരഞ്ഞെടുപ്പ് ചെലവുകൾക്കായി ബാഗേൽ എന്നയാൾക്കു നൽകാനായിരുന്നു നിർദേശമെന്നും ഇയാൾ വെളിപ്പെടുത്തിയതായി ഇ.ഡി അറിയിച്ചു.

ദാസിന്റെ ഫോൺ പരിശോധിച്ചപ്പോൾ മഹാദേവ് കമ്പനിയിലെ ഉയർന്ന ഉദ്യോഗസ്ഥനായ ശുഭം സോണി അയച്ച ഇ മെയിൽ ലഭിച്ചു. ബാഗേലിന് ഇതുവരെ 508 കോടി രൂപ നൽകിയതിന്റെ വിശദാംശങ്ങൾ ഇതിൽനിന്നാണു ലഭിച്ചതെന്നും ഇ.ഡി വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് തോൽവി ഉറപ്പിച്ചതോടെയാണ് ബിജെപി ഇ.ഡിയെ രംഗത്തിറക്കിയതെന്ന് ബാഗേൽ തിരിച്ചടിച്ചു.

English Summary:

Government issues orders to ban 22 illegal betting apps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com