ADVERTISEMENT

കണ്ണൂർ∙ വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ നടന്നത് കലാപശ്രമമെന്ന് എഫ്ഐആർ. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി ഉൾപ്പെടെ 10 പേർക്കെതിരെ വധശ്രമത്തിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തു. സംഭവത്തിൽ നാലു ജീവനക്കാർക്കും ഒരു തടവുകാരനും പരുക്കേറ്റിരുന്നു. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയാണ് വിയ്യൂർ പൊലീസ് കേസെടുത്തത്. 

ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവങ്ങൾ. ഭക്ഷണ വിതരണത്തെച്ചൊല്ലി കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും കൊലക്കേസ് പ്രതികളായ തിരുവനന്തപുരം സ്വദേശികളായ തടവുകാരും തമ്മിലുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിലെത്തിയത്. കൊടി സുനിയുടെ സംഘം എതിർ സംഘത്തെ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ജയിൽ ഉദ്യോഗസ്ഥർ മർദനമേറ്റ തിരുവനന്തപുരം സംഘത്തെ ജയിൽ ഓഫിസിലേക്കു മാറ്റി. എന്നാൽ പ്രശ്നം ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിനിടയിൽ ഇവരിൽ പ്രധാനിയായ കിട്ടുണ്ണി എന്ന തടവുകാരൻ കൈകൊണ്ടു ഓഫിസിലെ ചില്ലു പൊട്ടിച്ച്, സ്വന്തം കയ്യിൽ മുറിവുണ്ടാക്കി. വിവരമറിഞ്ഞെത്തിയ കൊടി സുനിയും സംഘവും ഗാർഡ് റൂം തല്ലിത്തകർത്തു.

കമ്പി അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം. പിന്തിരിപ്പിക്കാൻ ശ്രമിച്ച 3 ജയിൽ ഉദ്യോഗസ്ഥർക്കു പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ അസിസ്റ്റന്റ് പ്രിസൺ ഓഫിസർ അർജുനെ തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രിസൺ ഓഫിസർ വിജയകുമാർ, ഡപ്യൂട്ടി പ്രിസൺ ഓഫിസർ ഓം പ്രകാശ് എന്നിവർക്കും പരുക്കുണ്ട്. പിന്നീട് ജില്ലാ ജയിലിൽ നിന്നുള്ള ഉദ്യോഗസ്ഥർ കൂടി എത്തിയാണു തടവുകാരെ കീഴ്പ്പെടുത്തിയത്.

English Summary:

Case Filed Against T.P. Chandrasekharan Murder Case Accused Kodi Suni

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com