ADVERTISEMENT

തിരുവനന്തപുരം∙ ആരാധനാലയങ്ങളിൽ അസമയത്തു വെടിക്കെട്ട് പാടില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍. വെടിക്കെട്ട് സംസ്കാരത്തിന്റെ ഭാഗമാണെന്നും അസമയം ഏതാണെന്നു കൃത്യമായി പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

ഓരോ ക്ഷേത്രങ്ങളിലും പൂജകള്‍ക്ക് സമയം ഉള്ളതുപോലെ വെടിക്കെട്ടിനും സമയമുണ്ട്. അപകടരഹിതമായ രീതിയില്‍ വെടിക്കെട്ട് പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടപടികള്‍ക്ക് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വിവിധ ദേവസ്വം ബോര്‍ഡുകളും അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

‘രാത്രികാലങ്ങൾ എന്നല്ല, അസമയത്തുള്ള വെടിക്കെട്ട് നിർത്തണം എന്നാണ് പറഞ്ഞിരിക്കുന്നത്. ഈ അസമയം എന്നത്, സമയം നിശ്ചയിച്ചിട്ടില്ല. വെടിക്കെട്ട് ഉത്സവങ്ങളുടെ ഭാഗമാണ്. തൃശൂർ പൂരം നടക്കുമ്പോൾ, വെടിക്കെട്ടില്ലാത്ത പൂരമാണെങ്കിൽ ആ പൂരത്തിന് യാതൊരു പ്രസക്തിയും ഇല്ല. നടത്തുന്നതിന് സമയപരിധിയില്ല. ഏതു സമയത്തും വെടിക്കെട്ടുണ്ടാകും. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. വെടിക്കെട്ട് അപകടമാണ് എന്നു പറയുമ്പോഴും അതിനോട് നമ്മുടെ സമൂഹത്തിന് വലിയ താൽപര്യമുണ്ട്’– മന്ത്രി പറഞ്ഞു. 

ആരാധനാലയങ്ങളിൽ അസമയത്തു പടക്കം പൊട്ടിക്കരുതെന്ന് ഉത്തരവിട്ട ഹൈക്കോടതി, എല്ലാ ജില്ലകളിലെയും ആരാധനാലയങ്ങളിൽ പരിശോധന നടത്തി അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പടക്കങ്ങൾ പിടിച്ചെടുക്കാനും നിർദേശിച്ചിരുന്നു. ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന നിർദേശം വിശുദ്ധ പുസ്തകങ്ങളിൽ ഇല്ലെന്നു കോടതി പറഞ്ഞു. കോടതിയുടെ ഉത്തരവ് എല്ലാ കലക്ടർമാർക്കും നൽകണമെന്നും നിർദേശം ലംഘിച്ചെന്നു കണ്ടാൽ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com