ADVERTISEMENT

കൊച്ചി∙ സ്വർണക്കടത്ത് കേസിന് പിന്നാലെ ഡോളർ കടത്തിയ സംഭവത്തിലും നടപടിയുമായി കസ്റ്റംസ്. കേസിലെ 4 പ്രതികൾ 65 ലക്ഷം വീതം അടയ്‌ക്കണമെന്നാണ് കസ്റ്റംസ് ഉത്തരവ്. കേസിലെ പ്രതികളായ സ്വപ്‌‍നാ സുരേഷ്, എം. ശിവശങ്കർ, സരിത്ത്, സന്ദീപ് എന്നിവർക്കാണ് 65 ലക്ഷം വീതമുള്ള പിഴ. കസ്റ്റംസ്  പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്ര കുമാറാണ് ഉത്തരവിട്ടത്.

ഇതിന് പുറമെ യൂണിടാക് എംഡി സന്തോഷ് ഈപ്പന് ഒരു കോടി പിഴ ചുമത്തി. ഈജി‌പ്ഷ്യൻ പൗരൻ ഖാലിദ് മുഹമ്മദ് അലി ഷൗക്രിക്കെതിരെയും കസ്റ്റംസ് നടപടിയുണ്ട്. ഇയാൾ 1.3 കോടിയാണ് പിഴ അടയ്‌ക്കേണ്ടത്. 

സ്വർണക്കടത്തിലും ഡോളർകടത്തിയതിലും അന്വേഷണം പൂർത്തിയാക്കുന്നതിന്റെ തുടർനടപടിയായിട്ടാണ് പിഴ ചുമത്തിയത്. എം.ശിവശങ്കർ സ്വർണം കടത്തിയതിനും ഡോളർക്കടത്തിലും സൂത്രധാരനായി പ്രവർത്തിച്ച് പങ്കാളിയായിട്ടുണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തൽ. പ്രതികൾക്ക് മൂന്നു മാസത്തേക്ക് അപ്പീൽ സമർപ്പിക്കാനും സമയം അനുവദിച്ചിട്ടുണ്ട്. അതിന്ശേഷം സ്വത്ത് കണ്ടുകെട്ടുന്ന നടപടികളിലേക്ക് നീങ്ങാനാണ് കസ്റ്റംസിന്റെ ശ്രമം. 

സ്വർണക്കടത്ത് കേസിൽ തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ 2 മുൻ നയതന്ത്ര ഉദ്യോഗസ്ഥരടക്കം 44 പ്രതികൾക്ക് ആകെ 66.60 കോടി രൂപയാണ് കസ്റ്റംസ് പിഴ ചുമത്തിയത്.  മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ 50 ലക്ഷം രൂപയും സ്വപ്ന സുരേഷ് 6 കോടി രൂപയും പിഴയടയ്ക്കണമെന്നാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ രാജേന്ദ്രകുമാറിന്റെ ഉത്തരവ്. 

യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ ജമാൽ ഹുസൈൻ അൽസാബി, മുൻ അഡ്മിൻ അറ്റാഷെ റാഷിദ് ഖാമിസ് അൽ അഷ്മേയി, പി.എസ്.സരിത്, സന്ദീപ് നായർ, കെ.ടി.റമീസ് എന്നിവരും 6 കോടി രൂപ വീതം പിഴയടയ്ക്കണം. 2020 ജൂലൈ 5നു തിരുവനന്തപുരം കാർഗോ കോംപ്ലക്സിൽനിന്നു 14.82 കോടി രൂപ വിലവരുന്ന 30.245 കിലോഗ്രാം കള്ളക്കടത്തു സ്വർണം പിടിച്ചെടുത്ത കേസിലെ കസ്റ്റംസ് നടപടിക്രമത്തിന്റെ ഭാഗമായാണ് ഉത്തരവ്.

English Summary:

Customs with action on dollar smuggling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com