ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ യശസ്സ് വർധിപ്പിക്കാൻ ഖജനാവിൽനിന്ന് കോടിക്കണക്കിന് രൂപ ചെലവഴിച്ച് നടത്തിയ കേരളീയം പരിപാടിയിൽ കേരളത്തിനുതന്നെ അപമാനകരമാവുന്ന കാര്യങ്ങളാണു നടന്നിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. നമ്മുടെ നാടിന്റെ ഏറ്റവും വലിയ അഭിമാനസ്തംഭം ആയിട്ടുള്ള ആദിവാസി വിഭാഗങ്ങളെ പച്ചയായി അപമാനിക്കുന്ന നടപടിയാണ് കേരളീയത്തിൽ കണ്ടത്. ആദിവാസി ഗോത്ര ജനവിഭാഗങ്ങളെ വികൃതമായ രീതിയിൽ വേഷം കെട്ടിച്ച് അവരെ പരസ്യമായി പൊതുസമൂഹത്തിനു മുൻപിൽ അപമാനിച്ചെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

കേരളത്തിലെ ഗോത്ര സമൂഹത്തിന്റെ സ്വത്വത്തിനുനേരെ അവരുടെ അഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായത്. ഒരു ജനവിഭാഗത്തെ ആകെ ആക്ഷേപിച്ച് പരിഹാസ കഥാപാത്രമാക്കുന്ന നിലപാടാണ് അവിടെ ചിത്രീകരിക്കപ്പെട്ടത്. ഇത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇതിന് സംഘാടകർ ആദിവാസി ഗോത്ര ജനവിഭാഗങ്ങളോട് മാപ്പ് പറയണം. കേരളത്തെ രാജ്യാന്തര തലത്തിൽ പരിചയപ്പെടുത്താൻ സഹായകരമാകുന്ന നിലയിൽ പ്രമുഖ വ്യക്തികൾ അണിചേരുമെന്നാണു മുഖ്യമന്ത്രി അവകാശപ്പെട്ടത്. പക്ഷേ ഇതുവരെ നാം കണ്ടത് ഏതാനും ചലച്ചിത്ര താരങ്ങളെ മാത്രമാണ്.

കേരളീയത്തോടനുബന്ധിച്ചു ഒരുക്കങ്ങൾ വീക്ഷിക്കാൻ കനകക്കുന്നിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനു മുന്നിൽ ആദിവാസി കലാരൂപം അവതരിപ്പിക്കുന്ന കലാകാരന്മാർ. മന്ത്രി വി.ശിവൻകുട്ടി സമീപം.                                                 ചിത്രം: മനോരമ
കേരളീയത്തോടനുബന്ധിച്ചു ഒരുക്കങ്ങൾ വീക്ഷിക്കാൻ കനകക്കുന്നിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയനു മുന്നിൽ ആദിവാസി കലാരൂപം അവതരിപ്പിക്കുന്ന കലാകാരന്മാർ. മന്ത്രി വി.ശിവൻകുട്ടി സമീപം. ചിത്രം: മനോരമ

കേരളീയത്തിന്റെ ചെലവ് നിക്ഷേപം ആണെന്നാണ് ധനമന്ത്രിയും സിപിഎം നേതാക്കളും പറഞ്ഞത്. പക്ഷേ കേരളത്തിലേക്ക് എന്തെങ്കിലും പുതിയ നിക്ഷേപങ്ങൾ വരുന്ന രീതിയിലുള്ള ഒരു ഇടപെടലും ഉണ്ടായിട്ടില്ല. ഒരു നിക്ഷേപകനും ഈ കേരളത്തിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല എന്നുള്ളതാണ് സത്യം. ഇതു പച്ചയായിട്ടുള്ള കാപട്യമായിരുന്നു. ജനങ്ങളെ കബളിപ്പിക്കാനുള്ള നാടകം. മാത്രമല്ല, മാനവീയം വീഥിയിൽ രാത്രി മുഴുവൻ ജനങ്ങൾക്ക് ആസ്വദിക്കാനുള്ള തരത്തിലുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത് എന്ന് പറഞ്ഞാണ് യുവതി- യുവാക്കളെ അങ്ങോട്ട് ക്ഷണിച്ചത്. പക്ഷേ അവിടെ എത്തിയ യുവതി യുവാക്കൾക്ക് നേരിടേണ്ടി വന്നത് ക്വട്ടേഷൻ സംഘങ്ങളുടെ ആക്രമണമാണ്. 

കരാറുകാരിൽനിന്നും ക്വാറിക്കാരിൽനിന്നുമൊക്കെ ഭീഷണിപ്പെടുത്തി കാശ് വാങ്ങുന്നുവെന്നാണു കേൾക്കുന്നത്. 25 ലക്ഷം രൂപ വാങ്ങിയ കേസ് ഇപ്പോൾ പുറത്തുവന്നു. ഉദ്യോഗസ്ഥരെ കൊണ്ട് വിളിപ്പിക്കുകയാണ്. അങ്ങനെ കോടിക്കണക്കിന് രൂപയാണ് പിരിച്ചെടുത്തത്. മാർക്സിസ്റ്റ് പാർട്ടി നേതാക്കൾക്കും മന്ത്രിമാർക്കും കോടിക്കണക്കിന് രൂപ ഇങ്ങനെ പിരിച്ചെടുക്കാൻ ആരാണ് അവസരം കൊടുത്തത്? സംസ്ഥാനത്ത് ജനങ്ങളാകെ കഷ്ടപ്പെടുകയാണ്. സപ്ലൈകോയിൽ സാധനങ്ങളില്ല. വൈദ്യുതി ചാർജ് വർധിപ്പിച്ചു. തൊഴിലാളികൾക്ക് ബോണസില്ല. അധ്യാപകർക്കും ജീവനക്കാർക്കും ഡിഎ കൊടുക്കാൻ കഴിയുന്നില്ല. കെഎസ്ആർടിസിയിൽ ശമ്പളമില്ല, പെൻഷനില്ല. തൊഴിലുറപ്പ് പദ്ധതി അവതാളത്തിലായി. ജല ജീവൻ മിഷൻ പദ്ധതി സ്തംഭിച്ചു.

വലിയ ധൂർത്തും കൊള്ളയുമാണ് ഈ വറുതിയുടെ കാലത്ത് നടത്തുന്നത്. കേന്ദ്രത്തിൽനിന്നു കേരളത്തിന് നിയമപരമായി ഒന്നും തന്നെ ഇനി ലഭിക്കാനില്ല. ഇവിടെ എന്തുകൊണ്ടാണ് സ്കൂളിൽ ഉച്ചക്കഞ്ഞി മുടങ്ങിയത് എന്ന് കെ.എൻ.ബാലഗോപാൽ പറയണ്ടേ? കെഎസ്ആർടിസി മര്യാദയ്ക്ക് നടത്താൻ കഴിയാത്തതിന്റെ ഉത്തരവാദിത്തം മോദി സർക്കാരിന്റെ തലയിൽ കെട്ടിവയ്ക്കാൻ നാണമില്ലേ?– സുരേന്ദ്രൻ ചോദിച്ചു.

സംസ്ഥാന സർക്കാരിന്റെ അഴിമതി തുറന്നു കാണിക്കുമ്പോൾ, കരുവന്നൂർ അടക്കമുള്ള കേസുകൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമ്പോൾ, എന്നാ പിന്നെ ബിജെപിക്കാരെയും കുടുക്കാം എന്നുള്ള ധാരണയിലാണ് പിണറായി വിജയൻ. അതൊന്നും വിലപ്പോവില്ല എന്ന് മാത്രമേ പറയാനുള്ളൂ. ഇത്തരം രാഷ്ട്രീയ സ്റ്റണ്ടുകൾ ഒന്നും ഞങ്ങളെ സംബന്ധിച്ച് പുതിയ കാര്യമല്ലെന്നും ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസിനെ പറ്റിയുള്ള ചോദ്യത്തോടു സുരേന്ദ്രൻ പ്രതികരിച്ചു.

English Summary:

K. Surendran has said that in the Keraleeyam programme have been done which are humiliating for Kerala itself.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com