ADVERTISEMENT

ന്യൂഡൽഹി ∙ തെന്നിന്ത്യൻ നടി രശ്മിക മന്ദാനയുടേതെന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ വ്യാജ വിഡിയോ പ്രചരിച്ച സംഭവത്തിൽ പ്രതികരണവുമായി യഥാർഥ വിഡിയോയിലെ ഇൻഫ്ലുവൻസർ സാറ പട്ടേൽ. സംഭവത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും വളരെയധികം അസ്വസ്ഥയാണെന്നും ഇൻസ്റ്റഗ്രാമിൽ സാറ കുറിച്ചു.

‘‘എന്റെ ശരീരവും പ്രമുഖ ബോളിവുഡ് താരത്തിന്റെ മുഖവും ചേർത്ത് ചിലർ ഒരു ഡീപ് ഫെയ്ക് വിഡിയോ നിർമിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ എനിക്ക് യാതൊരു പങ്കുമില്ല. മാത്രമല്ല, ഞാൻ വളരെയധികം അസ്വസ്ഥയുമാണ്. സമൂഹമാധ്യമങ്ങളിൽ സ്വന്തം കാര്യങ്ങൾ പങ്കുവയ്ക്കാൻ കൂടുതൽ ഭയപ്പെടേണ്ട സ്ത്രീകളുടെയും പെൺകുട്ടികളുടെയും ഭാവിയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. ഇന്റർനെറ്റിൽ നിങ്ങൾ കാണുന്നതിന്റെ വസ്തുത ഉറപ്പാക്കുക. ഇന്റർനെറ്റിലെ എല്ലാം യഥാർഥമല്ല.’’

സമൂഹമാധ്യമ താരമായ സാറ പട്ടേലിന്റെ വി‍ഡിയോയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ചു തയാറാക്കിയ ഡീപ്ഫെയ്ക് വിഡിയോയായി രശ്മികയുടേതെന്ന പേരിൽ വ്യാപകമായി പ്രചരിച്ചത്. സാറയുടെ മുഖത്തിനു പകരം എഐ ഉപയോഗിച്ച് രശ്മികയുടെ മുഖം ചേർക്കുകയായിരുന്നു.

സംഭവത്തിൽ പ്രതികരണവുമായി രശ്മികയും രംഗത്തെത്തി. ‘‘അങ്ങേയറ്റം ഭയാനകമാണിത്... സ്കൂളിലോ കോളജിലോ പഠിക്കുമ്പോഴാണ് ഇതു സംഭവിച്ചതെങ്കിൽ, ​എങ്ങനെ നേരിടുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. കൂടുതൽ പേർ ഇരയാകും മുൻപ് ഈ വിഷയത്തെ അഭിസംബോധന ചെയ്യണം.’’- രശ്മിക പറഞ്ഞു.

സംഭവത്തിൽ നിയമനടപടി സ്വീകരിക്കണമെന്ന് നടൻ അമിതാഭ് ബച്ചൻ അടക്കം ആവശ്യപ്പെട്ടിരുന്നു. ഡീപ്ഫെയ്ക്കുകൾ അത്യന്തം അപകടകരമാണെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. ഐടി ചട്ടമനുസരിച്ച് വ്യാജ ഉള്ളടക്കം വരാതിരിക്കേണ്ട ഉത്തരവാദിത്തം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കുണ്ട്. സർക്കാരോ ഉപയോക്താവോ ശ്രദ്ധയിൽപെടുത്തിയാൽ 36 മണിക്കൂറിനുള്ളിൽ ഇവ നീക്കം ചെയ്യണം. അഥവാ നിയമനടപടി നേരിടേണ്ടിവരും.

∙ ഡീപ്ഫെയ്ക്?

എഐയുടെ സഹായത്തോടെ തയാറാക്കുന്ന കൃത്രിമ വിഡിയോകളാണ് ഡീപ്ഫെയ്ക്. വിഡിയോ എടുത്ത് ശബ്ദം മാറ്റുകയോ തലമാറ്റി മോർഫ് ചെയ്യുകയോ ചെയ്യുന്ന പഴയ സൂത്രമല്ല. ഒരാളുടെ ലഭ്യമായ വിഡിയോകളും ദൃശ്യങ്ങളുമെല്ലാം വിശദമായി പരിശോധിച്ച്, മുഖത്തെ പേശീചലനങ്ങൾ പോലും പഠിച്ച്, അയാൾ സംസാരിക്കുന്ന രീതിയിലും ശബ്ദത്തിലും അംഗവിക്ഷേപങ്ങളോടെയും വിഡിയോ തയാറാക്കുകയാണ് ചെയ്യുന്നത്.

English Summary:

Raaction of Zara Patel whose face was used to create deep fake video of Rashmika Mandanna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com