നെയ്‌മറുടെ കാമുകിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം, വീട് കൊള്ളയടിച്ചു
Mail This Article
സാവോപോളോ∙ ബ്രസീലിയൻ ഫുട്ബോൾ താരം നെയ്‌മറുടെ കാമുകി ബ്രൂണോ ബിയാൻകാർഡിനെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ മൂന്നംഗസംഘത്തിന്റെ ശ്രമം. ബ്രൂണോയുടെ സാവോപോളോയിലെ വീട്ടിലെത്തിയ സംഘം വീട് കൊള്ളയടിച്ചു. ആക്രമികൾ എത്തിയപ്പോൾ ഇരുവരും വീട്ടിലില്ലായിരുന്നതിനാൽ പഴ്സുകൾ, വാച്ചുകൾ, ആഭരണങ്ങൾ തുടങ്ങിയവയാണ് മോഷ്ടിച്ചത്. ബ്രൂണോയുടെ മാതാപിതാക്കളെ കെട്ടിയിട്ടശേഷമായിരുന്നു കവർച്ച. ഇവർക്ക് പരുക്കുകളില്ലെന്ന് സ്‌കൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.
വീട്ടിൽ നിന്ന് അസ്വാഭാവികമായി ശബ്ദം ഉയർന്നതിനെ തുടർന്ന് അയൽവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയത്തോടെ കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ ഒരാൾ പിടിയിലായി. മറ്റു രണ്ടുപേരെ തിരിച്ചറിഞ്ഞതായും ഉടനെ പ്രതികളെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. മോഷ്ടിച്ച സാധനങ്ങൾ പൊലീസ് വീണ്ടെടുത്തു.
ബ്രൂണയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോകാൻ ആക്രമികൾ ലക്ഷ്യമിട്ടിരുന്നതായും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞമാസമാണ് താനൊരു പെൺകുഞ്ഞിന്റെ അച്ഛനായ വിവരം നെയ്‌മർ ലോകത്തെ അറിയിച്ചത്. നിലവിൽ സൗദി അറേബ്യൻ ക്ലബ്ബ് അൽ ഹിലാലിനുവേണ്ടിയാണ് നെയ്‌മർ കളിക്കുന്നത്. പരുക്കിന്റെ പിടിയിലായ താരം ചികിത്സയിലാണ്.