ADVERTISEMENT

തിരുവനന്തപുരം∙ സഹകരണവകുപ്പ് 101 കോടിരൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് എൻ.ഭാസുരാംഗനെ അംഗത്വത്തിൽനിന്നു പുറത്താക്കി മുഖം രക്ഷിക്കാനാണ് സിപിഐ ശ്രമമെങ്കിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) തുടർ അന്വേഷണത്തിൽ നേതൃത്വത്തിന് ആശങ്ക. തൃശൂരിൽ കരുവന്നൂർ സഹകരണ ബാങ്ക് വിഷയത്തിൽ സിപിഎം പ്രതിസന്ധിയിലായെങ്കിൽ അതേ അവസ്ഥയാണ് തലസ്ഥാനത്ത് സിപിഐയും നേരിടുന്നത്.

സിപിഐ, സിപിഎം ഉന്നത നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്ന ആളാണ് 2006ൽ കോൺഗ്രസിൽനിന്ന് സിപിഐയിലെത്തിയ ഭാസുരാംഗൻ. നിലവിൽ മിൽമ തിരുവനന്തപുരം മേഖല യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനറാണ്. ഉന്നത നേതാക്കളുമായുള്ള ബന്ധമാണ് വലിയ തട്ടിപ്പ് നടത്താൻ ഭാസുരാംഗനെ സഹായിച്ചതെന്ന് സിപിഐയിൽ ആക്ഷേപമുണ്ട്. പ്രാദേശിക സിപിഎം നേതൃത്വത്തിനും ഭാസുരാംഗനെ താൽപര്യമില്ല. നേതാക്കൾക്ക് ഭാസുരാംഗൻ മാസപ്പടി നൽകിയിരുന്നതായി ആരോപണമുണ്ട്. തെളിവുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശേഖരിച്ചാൽ പാർട്ടി പ്രതിരോധത്തിലാകും. ബാങ്കിനെതിരെ ആരോപണം ഉയർന്നിട്ടും ഇത്രയും നാൾ ആരാണ് ഭാസുരാംഗനെ സംരക്ഷിച്ചതെന്ന ചോദ്യവും ഉയരും.

30 വർഷമായി ബാങ്കിന്റെ പ്രസിഡന്റ് പദം വഹിച്ചത് ഭാസുരാംഗനാണ്. ബാങ്കിലെ ഇടപാടുകളെ സംബന്ധിച്ച് ആക്ഷേപം ഉയർന്നപ്പോഴെല്ലാം സിപിഐ നേതൃത്വത്തിൽ ചിലർ ഭാസുരാംഗനെ സംരക്ഷിച്ചു. മിൽമയിൽ ഭാസുരാംഗൻ നടത്തിയ ചില നിയമനങ്ങളെ സംബന്ധിച്ചും പാർട്ടിയിൽ ആക്ഷേപം ഉയർന്നിരുന്നു. സിപിഐ മന്ത്രിമാർ ഉൾപ്പെടെ ചിലരുടെ പിന്തുണ ഭാസുരാംഗന് ലഭിച്ചതായി പാർട്ടിയിലെ ഒരു വിഭാഗം പറയുന്നു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെയാണ് 2005 മുതൽ 2021വരെയുള്ള ബാങ്കിന്റെ പ്രവർത്തനം പരിശോധിക്കാൻ സഹകരണവകുപ്പ് തീരുമാനിച്ചത്. ബാങ്കിന് ഈ കാലയളവിൽ 101 കോടിരൂപയുടെ മൂല്യശോഷണം സംഭവിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. ഭരണസമിതി അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥർക്കുമുള്ള പങ്കും പുറത്തുവന്നു. ഭാസുരാംഗനും കുടുംബവും വലിയ രീതിയിൽ സ്വത്ത് സമ്പാദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. സഹകരണ വകുപ്പിൽനിന്നും അന്വേഷണ റിപ്പോർട്ടുകള്‍ ശേഖരിച്ച ഇഡി ഒരു മാസം മുൻപാണ് അന്വേഷണം ആരംഭിച്ചത്. 

ഇന്നലെ ഭാസുരാംഗനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ബാങ്കിലെ ഉദ്യോഗസ്ഥരുടെ വീടുകളിലും പരിശോധന നടന്നു. ബന്ധുക്കളുടെ പേരിൽ അനധികൃതമായി വായ്പ എടുത്തെന്നും ചിട്ടി നടത്തിപ്പിന്റെ മറവിൽ അനധികൃതമായി ലക്ഷങ്ങൾ കമ്മിഷനായി ജീവനക്കാർ കൈപ്പറ്റിയെന്നും ഇഡി അന്വേഷണത്തിൽ കണ്ടെത്തി. ഈ പണം ഉന്നത നേതാക്കളിലേക്ക് എത്തിയെന്നാണ് ഇഡി സംശയിക്കുന്നത്. സാമ്പത്തിക ഇടപാടുകളിൽ പൊലീസ് വഞ്ചനാകുറ്റത്തിന് കേസ് റജിസ്റ്റർ ചെയ്താൽ ഇഡിക്ക് ഇടപെടാനാകും. കണ്ടല ബാങ്കുമായി ബന്ധപ്പെട്ട പരാതിയിൽ പൊലീസ് വഞ്ചനാകുറ്റം ചുമത്തിയതോടെയാണ് ഇഡി രംഗപ്രവേശനം ചെയ്തത്. കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരുടെ പണം ഇഡിക്ക് കണ്ടുകെട്ടാം.

ഭാസുരാംഗന്റെ ഇടപാടുകളിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് നേതൃത്വം വിശദീകരിക്കുന്നു. ജില്ലാ എക്സിക്യൂട്ടീവ് യോഗം ചേരുന്നതിനു മുൻപു തന്നെ ഭാസുരാംഗനെ പുറത്താക്കാൻ നേതൃത്വം തീരുമാനമെടുത്തിരുന്നു. ഇതു അംഗങ്ങളെയും അറിയിച്ചു. ഭാസുരാംഗനെ അംഗത്വത്തിൽനിന്ന് പുറത്താക്കുന്നകാര്യം ജില്ലാ സെക്രട്ടറി കമ്മിറ്റിയെ അറിയിച്ചു. പ്രതീക്ഷിച്ച കാര്യമായതിനാൽ ചർച്ച ഉണ്ടായില്ല. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ, സിപിഐ മത്സരിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിൽ രാഷ്ട്രീയ എതിരാളികൾക്ക് ശക്തമായ ആയുധമാകും കണ്ടല ബാങ്ക് തട്ടിപ്പ്. 

English Summary:

Kandala bank scam; CPI and Bhasurangan to defend

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com