ADVERTISEMENT

അമേരിക്കയും സമരവും– സമരസപ്പെടാനിടയില്ലെന്ന് പൊതുവിൽ നാം കരുതുന്ന രണ്ടു കാര്യങ്ങൾ. അമേരിക്കയിൽ തൊഴിലാളി സമരമോ?  മൂന്നാം ലോകരാജ്യങ്ങളിലുള്ളവർക്ക്, പ്രത്യേകിച്ച് ഇന്ത്യയിലും വിശിഷ്യാ കേരളത്തിലുമുള്ളവർക്ക് വിശ്വസിക്കാൻ കുറച്ചു ബുദ്ധിമുട്ടാകും. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കാറുള്ള സമരവും ധർണയും പണിമുടക്കുമൊക്കെ നമുക്ക് ചിരപരിചിതമാണ്. നമ്മിൽ ചിലർ ‘സമരങ്ങളില്ലാത്ത സ്വച്ഛസുന്ദരമായ’ വിദേശരാജ്യങ്ങളെ പുകഴ്ത്തുമ്പോൾ ചിലർ ‘അരാഷ്ട്രീയവൽക്കരണം മൂലം ചൂഷണം നേരിടുന്ന’ അവിടുത്തെ അസംഘടിത തൊഴിലാളി സമൂഹത്തെ ഒാർത്ത് ആശങ്കപ്പെടാറുമുണ്ട്. എന്നാൽ മേൽപറഞ്ഞ കാര്യങ്ങളിൽ ചെറുതല്ലാത്ത മാറ്റമുണ്ടാകുന്നുവെന്നാണ് അമേരിക്കയിൽനിന്നു വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. കാലങ്ങളായി പ്രതികരിക്കാതിരുന്ന അവിടുത്തെ വിവിധ മേഖലകളിലുള്ള തൊഴിലാളികൾ തങ്ങളുടെ അവകാശങ്ങൾക്കായി തെരുവിലിറങ്ങിയിരിക്കുകയാണ്. ഒരു ഡസനിലധികം സമരങ്ങളിലായി ലക്ഷക്കണക്കിനു തൊഴിലാളികളാണ് അമേരിക്കയിൽ ഇപ്പോൾ സമരമുഖത്തുള്ളത്.

യുണൈറ്റഡ് ഒാട്ടോ വർക്കേഴ്സ് യൂണിയന്റെ സമരത്തിൽനിന്ന്. Photo by SCOTT OLSON / GETTY IMAGES NORTH AMERICA / Getty Images via AFP
യുണൈറ്റഡ് ഒാട്ടോ വർക്കേഴ്സ് യൂണിയന്റെ സമരത്തിൽനിന്ന്. Photo by SCOTT OLSON / GETTY IMAGES NORTH AMERICA / Getty Images via AFP
വേതനവർധന ആവശ്യപ്പെട്ട് യുഎസിലെ മൻഹാറ്റനിലെ ആശുപത്രിക്കു മുന്നിൽ സമരം ചെയ്യുന്ന നഴ്സുമാർ. ചിത്രം: എപി
വേതനവർധന ആവശ്യപ്പെട്ട് യുഎസിലെ മൻഹാറ്റനിലെ ആശുപത്രിക്കു മുന്നിൽ സമരം ചെയ്യുന്ന നഴ്സുമാർ. ചിത്രം: എപി

2023 – അമേരിക്കൻ സമരസംസ്കാരം ഉരുത്തിരിഞ്ഞ വർഷം

സമരമെന്നത് കേട്ടുകേൾവി പോലുമില്ലാതിരുന്ന അമേരിക്കയിൽ ‘സമരസംസ്കാരം’ രൂപപ്പെട്ട വർഷമാണ് 2023. മേയ് മാസത്തിൽ റൈറ്റേഴ്സ് ഗിൽഡ് ഒാഫ് അമേരിക്ക ആരംഭിച്ച 148 ദിവസം നീണ്ടു നിന്ന സമരത്തിലാണ് ഇൗ സമരനിരയുടെ തുടക്കം. പിന്നാലെ അഭിനേതാക്കളുടെ സംഘടന, സ്റ്റാർബക്സ് ജീവനക്കാർ, ആരോഗ്യമേഖലയിലെ ജീവനക്കാർ, പാക്കേജ് ഡെലിവറി കമ്പനിയായ യുപിഎസിലെ ജീവനക്കാർ... അങ്ങനെ ഏറ്റവുമൊടുവിൽ വാഹനനിർമാണരംഗത്തെ ഏറ്റവും പ്രമുഖ യൂണിയനായ യുണൈറ്റഡ് ഒാട്ടോ വർക്കേഴ്സ് യൂണിയനിലെ ഒന്നര ലക്ഷം അംഗങ്ങൾ നടത്തുന്ന പണിമുടക്കു വരെ നീളുന്ന ചെറുതും വലുതുമായ സമരങ്ങൾ നിരവധി. രാജ്യത്തിന്റെ വ്യാവസായിക, നിർമാണ, ആരോഗ്യ, സാംസ്കാരിക മേഖലകളെ ഇൗ സമരങ്ങളും പണിമുടക്കും നിർണായകമായി ബാധിച്ചു. ആദ്യമൊക്കെ കണ്ടില്ലെന്നു നടിച്ചെങ്കിലും പിന്നീട് കമ്പനികളും രാഷ്ട്രീയക്കാരും ഉൾപ്പടെയുള്ളവർ സമരക്കാരുമായി ചർച്ചയ്ക്കു തയാറായി. ശമ്പള വർധന, ജോലിസ്ഥലത്തെ സുരക്ഷ, ജോലിയുടെ സുരക്ഷ, പെൻഷൻ, ഹെൽ‌ത്ത് ഇൻഷുറൻസ് തുടങ്ങി സമരക്കാർ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങൾ പലതാണ്. അതിൽ പലതും ന്യായവുമാണ്. 

സമരം കൂടിയില്ല, സമരക്കാർ കൂടി

2023 ൽ സമരങ്ങൾ കൂടിയെന്ന തരത്തിൽ പൊതുവികാരം ഉണ്ടായെങ്കിലും കഴിഞ്ഞ വർഷങ്ങളിലേതു പോലെ തന്നെയാണ് സമരങ്ങളുടെ എണ്ണമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പക്ഷേ സമരത്തിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം കൂടി. അംഗസംഖ്യ കൂടുതലുള്ള യൂണിയനുകൾ സമരവും പണിമുടക്കും ആരംഭിച്ചതാണ് കാരണം. അതോടെ ചില മേഖലകൾ പൂർണമായി സ്തംഭിച്ചു, ഒപ്പം അതൊക്കെ വലിയ വാർത്തയുമായി. യുണൈറ്റഡ് ഒാട്ടോ വർ‌ക്കേഴ്സ് യൂണിയൻ നടത്തിയ സമരത്തിൽ ഫോഡ്, ജനറൽ മോട്ടോഴ്സ്, സ്റ്റെല്ലാന്റിസ് തുടങ്ങിയ കമ്പനികളിലെ ഒന്നരലക്ഷം ആളുകളാണ് പങ്കെടുത്തത്. വാഹനനിർമാണ മേഖലയെ വലിയ പ്രതിസന്ധിയിലാക്കി ഇൗ സമരം മുന്നേറുകയാണ്. 

യുഎസിൽ അഭിനേതാക്കളുടെ സംഘടന നടത്തിയ സമരത്തിൽനിന്ന്. Photo by MARIO TAMA / GETTY IMAGES NORTH AMERICA / Getty Images via AFP
യുഎസിൽ അഭിനേതാക്കളുടെ സംഘടന നടത്തിയ സമരത്തിൽനിന്ന്. Photo by MARIO TAMA / GETTY IMAGES NORTH AMERICA / Getty Images via AFP

അഭിനേതാക്കളുടെയും എഴുത്തുകാരുടെയും സംഘടനകൾ നടത്തിയ സമരത്തിൽ ആകെ പങ്കെടുത്തത് 80000 പേരാണ്. സമരങ്ങൾ ആരംഭിക്കാനും അതു വിജയകരമായി നടത്താനും പ്രയാസമുള്ള അമേരിക്കയിൽ ഇത്രയധികം ആളുകൾ ഇതിൽ പങ്കെടുത്തുവെന്നതാണ് ശ്രദ്ധേയമായ വസ്തുത. പണിമുടക്കുകളുടെ എണ്ണം വർധിച്ചില്ലെങ്കിലും പണിമുടക്കുന്നവർ വർധിച്ചത് സമരങ്ങൾ ആകെത്തുകയിൽ കൂടിയെന്ന പൊതുബോധനിർമിതിക്കു കാരണമായി.

‘മുതലാളിത്ത രാജ്യത്തെ’ തൊഴിലാളി വിരുദ്ധതയോ?

മുതലാളിത്ത രാജ്യമെന്ന അമേരിക്കയുടെ വിശേഷണത്തെ നാം പലപ്പോഴും പരിഹാസരൂപേണയാണ് കാണാറുള്ളതെങ്കിലും ആ രാജ്യത്തെ  പല നിയമങ്ങളും സത്യത്തിൽ തൊഴിലാളി വിരുദ്ധമാണെന്നാണ് വിദഗ്ധർ പറയുന്നത്. ഒരു തൊഴിലാളിയെ അയാൾ ജോലി ചെയ്യുന്ന സ്ഥലത്തു നിന്നു പുറത്താക്കുക എന്നാൽ ഫെഡറൽ ലേബർ നിയമങ്ങളനുസരിച്ച് നിസാരമാണ്. തൊഴിൽസംബന്ധിയായ പല നയങ്ങളും മുതലാളിക്ക് അനുകൂലവും തൊഴിലാളിക്ക് പ്രതികൂലവുമാണ്. അതിനാൽ തൊഴിലാളികളെ സമരങ്ങളിൽ പങ്കെടുപ്പിക്കുക എന്നത് യൂണിയനുകളെ സംബന്ധിച്ചും ശ്രമകരമാണ്. ഇനി ഇങ്ങനെ സമരത്തിൽ പങ്കെടുത്താൽത്തന്നെ അവരുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കുമെന്ന് ആർക്കും ഒരു ഉറപ്പുമില്ല, ചിലപ്പോൾ ജോലി തന്നെ നഷ്ടപ്പെടാനും സാധ്യതയുണ്ട്. പക്ഷേ ഇൗ ‘റിസ്കുകൾ’ എല്ലാം ഏറ്റെടുക്കാൻ ഒടുവിൽ തൊഴിലാളികൾ തയാറായി. വേതനവ്യവസ്ഥയിലെ അസന്തുലിതാവസ്ഥ, പണപ്പെരുപ്പത്തിനൊത്ത ശമ്പളവർധനയില്ലായ്മ, ജോലി സ്ഥലത്തെ അരക്ഷിതാവസ്ഥ അങ്ങനെ തൊഴിലാളികളെ സമരമുഖത്തേയ്ക്കു നയിച്ച കാരണങ്ങൾ പലതാണ്. 

യുവതയുടെ സമരോത്സുക – ‘ജെൻ സി നേതൃത്വം’

1980 കൾക്കു ശേഷം ട്രേഡ് യൂണിയനുകളു‍െട പ്രസക്തിയും അംഗസംഖ്യയും കുറഞ്ഞു വരുന്നതാണ് അമേരിക്കയിൽ കണ്ടുവന്നത്. തൊഴിലാളികൾക്ക് ഒട്ടും അനുകൂലമല്ലാത്ത നിയമങ്ങൾ തന്നെയായിരുന്നു കാരണം. സമാനസ്വഭാവമുള്ള സാമ്പത്തിക ശക്തികളിൽ യൂണിയൻ പ്രവർത്തനവും സംഘടിത തൊഴിലാളികളും ഏറ്റവും കുറവുള്ള രാജ്യമായി അമേരിക്ക മാറാനുള്ള കാരണവും ഇതു തന്നെയായിരുന്നു. പിന്നെങ്ങനെയാണ് ഇതുവരെയില്ലാതിരുന്ന സമരസംസ്കാരം ഇത്ര പെട്ടെന്നു രൂപപ്പെട്ടത് ?

യുഎസിൽ അഭിനേതാക്കളുടെ സംഘടന നടത്തിയ സമരത്തിൽനിന്ന്. Photo by MARIO TAMA / GETTY IMAGES NORTH AMERICA / Getty Images via AFP
യുഎസിൽ അഭിനേതാക്കളുടെ സംഘടന നടത്തിയ സമരത്തിൽനിന്ന്. Photo by MARIO TAMA / GETTY IMAGES NORTH AMERICA / Getty Images via AFP

‘ജെൻ സി’ എന്നു വിശേഷിപ്പിക്കപ്പെടുന്ന പുതുതലമുറയാണ് അടുത്തിടെ പൊട്ടിപ്പുറപ്പെട്ട സമരങ്ങളുടെയെല്ലാം ചുക്കാൻ പിടിച്ചതെന്നാണ് ബിബിസി ഉൾപ്പടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അംഗസംഖ്യ കുറഞ്ഞു വന്നെങ്കിലും യൂണിയനുകളോട് പുതുതലമുറയിൽ പെട്ട തൊഴിലാളികൾക്കുള്ള ആഭിമുഖ്യവും പിന്തുണയും കൂടി വന്നു. ‘മോസ്റ്റ് പ്രോ–യൂണിയൻ ജനറേഷൻ’ എന്നാണ് ജെൻ സിയെ സെന്റർ ഫോർ അമേരിക്കൻ പ്രോഗ്രസ് വിശേഷിപ്പിക്കുന്നത്. നമ്മുടെ നാട്ടിലെ ആളുകൾ ട്രേഡ് യൂണിയനുകളോട് പൊതുവിൽ മുഖം തിരിക്കാറാണ് പതിവെങ്കിൽ അമേരിക്കയിലെ 71% ആളുകളും യൂണിയനുകൾ ആവശ്യമാണെന്ന നിലപാടാണ് എടുക്കുന്നത്.

യുഎസിൽ അഭിനേതാക്കളുടെ സംഘടന നടത്തിയ സമരത്തിൽനിന്ന്. Photo by Robyn Beck / AFP
യുഎസിൽ അഭിനേതാക്കളുടെ സംഘടന നടത്തിയ സമരത്തിൽനിന്ന്. Photo by Robyn Beck / AFP

എന്തുകൊണ്ടാകാം യുവതലമുറ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായത്? അവർ കണ്ടു വളർന്ന സാഹചര്യങ്ങൾ തന്നെയെന്നാണ് ഉത്തരം. തൊഴിലാളികളായ മാതാപിതാക്കൾ നേരിടുന്ന പ്രതിസന്ധികൾ അവർ അടുത്തറിഞ്ഞു. നിരവധി സ്വപ്നങ്ങളുമായി ജോലിയിൽ പ്രവേശിച്ച പലർക്കും അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ സാധിക്കാതെ വന്നു. ഒരുതരം അരക്ഷിതാവസ്ഥയിലൂടെ ഇക്കൂട്ടർ കടന്നു പോകുന്ന വേളയിലാണ് കോവിഡ് മഹാമാരി എത്തുന്നത്. അക്കാലത്ത് താഴേക്കിടയിലുള്ള അസംഘടിത തൊഴിലാളികൾക്ക് പെയ്ഡ് സിക്ക് ലീവുകൾ, ആരോഗ്യപരിചരണം എന്നിവ ലഭ്യമായില്ല. പിപിഇ കിറ്റുകൾ പോലും നൽകുന്ന സാഹചര്യമില്ലായിരുന്നു. എന്നാൽ യൂണിയനിൽ അംഗങ്ങളായിരുന്നവർ അവരുടെ ആവശ്യങ്ങൾ ചോദിച്ചു വാങ്ങി. ഇതൊക്കെ ഒരു തരത്തിൽ തൊഴിലാളികളെ സംഘടിക്കുന്നതിനായി പ്രേരിപ്പിച്ചു. 

യുഎസിൽ അഭിനേതാക്കളുടെ സംഘടന നടത്തിയ സമരത്തിൽനിന്ന്. Photo by Robyn Beck / AFP
യുഎസിൽ അഭിനേതാക്കളുടെ സംഘടന നടത്തിയ സമരത്തിൽനിന്ന്. Photo by Robyn Beck / AFP
റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്കയിലെയും സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡിലെയും അംഗങ്ങളും പിന്തുണക്കാരും കാലിഫോർണിയയിലെ ഹോളിവുഡിലുള്ള പാരാമൗണ്ട് സ്റ്റുഡിയോയ്ക്ക് പുറത്ത് പിക്കറ്റ് ലൈനിൽ നടക്കുന്നു. (ഫോട്ടോ റോബിൻ ബെക്ക് / AFP)
റൈറ്റേഴ്‌സ് ഗിൽഡ് ഓഫ് അമേരിക്കയിലെയും സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡിലെയും അംഗങ്ങളും പിന്തുണക്കാരും കാലിഫോർണിയയിലെ ഹോളിവുഡിലുള്ള പാരാമൗണ്ട് സ്റ്റുഡിയോയ്ക്ക് പുറത്ത് പിക്കറ്റ് ലൈനിൽ നടക്കുന്നു. (ഫോട്ടോ റോബിൻ ബെക്ക് / AFP)

സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നവർ എന്നാണ് പുതുതലമുറയെ പൊതുവെ ലോകം വിലയിരുത്തുന്നത്. 2018 ലെ മഹാപ്രളയം പോലുള്ള അവശ്യഘട്ടങ്ങളിൽ കൈമെയ് മറന്ന് പ്രവർത്തിച്ചിട്ടം കേരളത്തിൽ പോലും യുവജനതയെ അരാഷ്ട്രീയവാദികളും സ്വാർഥരുമായാണ് പലരും മുദ്രകുത്തുന്നത്. എന്നാൽ സ്റ്റാൻഫഡ് യൂണിവേഴ്സിറ്റി അടുത്തിടെ നടത്തിയ പഠനപ്രകാരം, 1995 നും 2010 നും മധ്യേ ജനിച്ച ആളുകൾ ഒന്നിച്ചു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവരും അതിനു കഴിവുള്ളവരുമാണ് എന്നാണ് പറയുന്നത്. ഒന്നിച്ചു നിന്ന് മുന്നോട്ടു പോയി കാര്യങ്ങൾ നേടിയെടുക്കണമെന്ന ദൃഢനിശ്ചയം ഇക്കൂട്ടർക്കുണ്ടത്രേ. സമരനേതൃത്വത്തിലേക്ക് ഇവർ കടന്നു വന്നതിൽ അതു കൊണ്ട് അദ്ഭുതമേതുമില്ല. 

പണിമുടക്കിക്കോളൂ, പൊതുജനം കൂടെയുണ്ട്

അമേരിക്കയിലെ തൊഴിലാളി സമരത്തെ വ്യത്യസ്തമാക്കുന്നത് സാധാരണ ജനങ്ങൾ പണിമുടക്കിനു നൽകുന്ന പിന്തുണയാണ്. 60% അമേരിക്കക്കാരും മുതലാളിയുടെ വരുമാനം വർധിക്കുന്നതിനനുസരിച്ച് തൊഴിലാളിയുടെ വേതനവും വർധിപ്പിക്കണം എന്ന അഭിപ്രായക്കാരാണ്. തൊഴിലാളിയുടെ വേതനവർധന ഉപഭോക്താക്കളായ ജനങ്ങളെയും ബാധിക്കുമെങ്കിലും അതു കൊടുക്കേണ്ടത് കമ്പനിയുടെ ബാധ്യതയാണെന്ന് ഭൂരിഭാഗം സാധാരണക്കാരും പറയുന്നു. യുണൈറ്റഡ് ഒാട്ടോ വർക്കേഴ്സ് യൂണിയൻ നടത്തുന്ന സമരത്തെ 50% അമേരിക്കൻ പൗരന്മാരും അനുകൂലിക്കുന്നുണ്ടത്ര. സമരങ്ങളെ ജനകീയമാക്കുന്നതിനായി സമൂഹമാധ്യമങ്ങളെ വളരെ വിദഗ്ധമായി ജെൻ സി ഉപയോഗിച്ചു. സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ ആവശ്യങ്ങൾ പ്രചരിപ്പിക്കുന്നതിനും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നിതിനും തൊഴിലാളികൾക്കായി. പൊതുജനത്തിന് തങ്ങളുടെ പിന്തുണ സമൂഹമാധ്യമങ്ങൾ വഴി അറിയിക്കാനും സാധിച്ചു.

യുഎസിൽ അഭിനേതാക്കളുടെ സംഘടന നടത്തിയ സമരത്തിൽനിന്ന്. Photo by Robyn Beck / AFP
യുഎസിൽ അഭിനേതാക്കളുടെ സംഘടന നടത്തിയ സമരത്തിൽനിന്ന്. Photo by Robyn Beck / AFP
Image Credits: rarrarorro/istockphoto.com
Image Credits: rarrarorro/istockphoto.com

യുണൈറ്റഡ് ഒാട്ടോ വർക്കേഴ്സ് യൂണിയൻ നടത്തിയ സമരത്തിൽ തൊഴിലാളികളെ സന്ദർശിച്ച ശേഷം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്. ‘‘1973–ൽ ഞാൻ സെനറ്റർ ആയിരുന്ന കാലത്ത് ഇതു പോലെ സമരങ്ങളിൽ പങ്കെടുത്ത് സംസാരിച്ചിട്ടുണ്ട്. പക്ഷേ പ്രസിഡന്റായ ശേഷം ഇങ്ങനെയൊന്ന് അദ്യമാണ്. 2008 ലെ പ്രതിസന്ധി കാലഘട്ടത്തിലും അതിനു മുമ്പും നിങ്ങൾ വാഹനനിർമാണ മേഖലയെ സംരക്ഷിച്ചു നിർത്തി. അതിനായി നിങ്ങൾ ഒരുപാട് ത്യാഗങ്ങൾ ചെയ്തു. അന്നൊക്കെ കമ്പനികളും വലിയ പ്രതിസന്ധിയിലായിരുന്നു. പക്ഷേ ഇന്ന് കമ്പനികൾ എല്ലാം നല്ല നിലയിൽ പ്രവർത്തിക്കുന്നു. അതിന്റെ പ്രയോജനം സ്വാഭാവികമായി നിങ്ങൾക്കും ലഭിക്കേണ്ടതാണ്. സമരം തുടരുക.’’ അഭിനേതാക്കളുടെയും എഴുത്തുകാരുടെയും സമരത്തിന് പിന്തുണയുമായി എത്തിയത് നിരവധി സെലിബ്രിറ്റികളാണ്. പണിമുടക്കിയ സമരക്കാരുടെ ദൈനംദിന ആവശ്യങ്ങൾക്കായുള്ള പണം പോലും അവരിൽ ചിലരാണ് നൽകിയതും.

സമരങ്ങളുടെ ഭാവി ?

അമേരിക്കയിലെ സമരങ്ങൾ കൂടുതൽ കരുത്താർജിച്ച് മുന്നോട്ടു പോകുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിൽ ചിലതിനെങ്കിലും നല്ല ഫലമുണ്ടാക്കാനായാൽ കൂടുതൽ ആളുകൾ സമരരംഗത്തേക്കു വരികയും കൂടുതൽ സമരങ്ങൾ ഉണ്ടാകുകയും ചെയ്യും. റൈറ്റേഴ്സ് ഗിൽഡ് നടത്തിയ 148 ദിവസം നീണ്ടു നിന്ന സമരം സെപ്റ്റംബർ 24 ന് അവസാനിപ്പിച്ചപ്പോൾ അവരുടെ ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിക്കപ്പെട്ടു. രണ്ടു ദിവസം മുമ്പ് അഭിനേതാക്കളുടെ സംഘടന സമരം അവസാനിപ്പിച്ചതും തങ്ങളുടെ പ്രധാന ആവശ്യങ്ങൾ നിറവേറ്റി നൽകാമെന്ന ഉറപ്പിന്മേലാണ്. അങ്ങനെ നോക്കിയാൽ അമേരിക്കയിലെ സമരങ്ങളുടെ ഭാവി ‘ശോഭനമെന്ന്’ പറയേണ്ടി വരും.

English Summary:

How 'strike culture' took hold in the US in 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com