‘ലക്കുകെട്ട്’ കാറ്റ് ആഞ്ഞുവീശി; ബവ്കോ ഔട്ട്‌ലെറ്റിലെ 3000 മദ്യക്കുപ്പികൾ താഴെവീണു പൊട്ടി– വിഡിയോ

Mail This Article
കൊച്ചി∙ കനത്ത മഴയ്‌ക്കൊപ്പം വീശിയടിച്ച ശക്തമായ കാറ്റിൽ ബവ്കോ ഔട്ട്‌ലെറ്റിൽ വൻ നാശനഷ്ടം. കാക്കനാട് ഇൻഫോപാർക്കിനു സമീപമുള്ള ബവ്കോ ഔട്ട്‌ലെറ്റിലെ അലമാര മറിഞ്ഞുവീണ് മൂവായിരത്തോളം മദ്യക്കുപ്പികള്‍ പൊട്ടുകയായിരുന്നു. ശക്തമായ കാറ്റിൽ ജനലിന്റെ ചില്ലുകൾ തകർന്ന് മദ്യം സൂക്ഷിച്ചിരുന്ന റാക്കിലേക്ക് വീഴുകയും തുടർന്ന് റാക്കിലുണ്ടായിരുന്ന കുപ്പികൾ താഴെ വീഴുകയുമായിരുന്നു. മദ്യം വാങ്ങാനെത്തിയവരും ജീവനക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
വെള്ളിയാഴ്ച വൈകിട്ട് കനത്ത മഴയും കാറ്റുമാണ് പ്രദേശത്ത് ഉണ്ടായത്. നിരവധി മരങ്ങൾ കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റുകൾ പലയിടത്തും വൈദ്യുതി മുടങ്ങി. ഇൻഫോപാർക്കിന് സമീപം എക്സ്പ്രസ് വേയിലും സമീപ റോഡുകളിലുമാണ് മരങ്ങൾ ഒടിഞ്ഞുവീണത്. ചില വാഹനങ്ങൾക്ക് മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റുകൾ അടക്കം മറിഞ്ഞു. ആർക്കും പരുക്കില്ല.