ADVERTISEMENT

കൊച്ചി∙ ദത്തുപുത്രിയുമായി ഒത്തുപോകാനാകാത്ത സാഹചര്യത്തിൽ ദത്തെടുക്കൽ നടപടികൾ റദ്ദാക്കി കിട്ടാൻ തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾ നൽകിയ ഹർജിയിൽ ഹൈക്കോടതി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ റിപ്പോർട്ട് തേടി. പെൺകുട്ടിയെ കണ്ടു സംസാരിച്ചു വിശദമായ റിപ്പോർട്ട് നൽകാൻ സെക്രട്ടറിക്ക് നിർദേശം നൽകി. ഹർജി 17നു വീണ്ടും പരിഗണിക്കും.

ദത്തെടുക്കൽ നടപടി റദ്ദാക്കാൻ തിരുവനന്തപുരം സ്വദേശിയായ റിട്ട. സർക്കാർ ഉദ്യോഗസ്ഥനും ഭാര്യയും നൽകിയ ഹർജിയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിക്കുന്നത്. പെൺകുട്ടിക്കു പ്രായപൂർത്തിയായതോടെ തിരുവനന്തപുരത്തെ സ്വാദർ ഹോമിലേക്ക് മാറ്റിയിരുന്നു. മാതാപിതാക്കൾക്കു താൽപര്യമില്ലാത്തതിനാലാണു താൻ ഇവിടെ കഴിയുന്നതെന്നു പെൺകുട്ടി പറഞ്ഞതായി ഗവൺമെന്റ് പ്ലീഡർ അറിയിച്ചു.

ഹർജിയുടെ പശ്ചാത്തലം

ഏക മകൻ 2017ൽ കാറപകടത്തിൽ മരിച്ചതിന്റെ ദുഃഖം മറികടക്കാനാണു കുട്ടിയെ ദത്തെടുക്കാൻ തീരുമാനിച്ചതെന്നു ഹർജിക്കാർ പറയുന്നു. കേരളത്തിൽനിന്നു ദത്തെടുക്കാൻ സമയമെടുക്കുമെന്നതിനാൽ പഞ്ചാബിലെ ലുധിയാനയിലെ സേവാ ആശ്രമത്തിൽനിന്നു പതിമൂന്നുകാരിയെ 2018 ഫെബ്രുവരി 16നു ദത്തെടുത്തു. ഒത്തുപോകാനാകില്ലെന്നു ബോധ്യപ്പെട്ടതോടെ കുട്ടിയെ 2022 സെപ്റ്റംബർ 29നു തിരുവനന്തപുരം ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാക്കി. ദത്തെടുത്ത നടപടി റദ്ദാക്കി കുട്ടിയെ ലുധിയാനയിലെ ആശ്രമത്തിലേക്കു തിരിച്ചയയ്ക്കണമെന്ന് അപേക്ഷയും നൽകി. നേരത്തേ ഹൈക്കോടതിയിൽ ഈയാവശ്യത്തിനു ഹർജി നൽകിയെങ്കിലും ചട്ടപ്രകാരം നടപടിയെടുക്കണമെന്ന നിർദേശത്തോടെ 2022 ഡിസംബർ12നു ഹർജി തീർപ്പാക്കിയിരുന്നു. എന്നാൽ, അധികൃതർ നടപടിയെടുക്കുന്നില്ലെന്നും ലുധിയാനയിലെ ആശ്രമം അധികൃതർ കുട്ടിയെ തിരിച്ചെടുക്കാൻ തയാറാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണു വീണ്ടും ഹർജി.

‘അക്രമസ്വഭാവം കാണിക്കുന്നു’

മകൾ ചിലപ്പോൾ അക്രമസ്വഭാവം കാണിക്കാറുണ്ടെന്നും വാശി പിടിച്ച് ഭക്ഷണം കഴിക്കാതെ മുറിയടച്ചിരിക്കാറുണ്ടെന്നും രക്ഷിതാവ് ശിശുക്ഷേമ സമിതിക്കു നൽകിയ അപേക്ഷയിൽ വ്യക്തമാക്കി. 2021ൽ തന്റെ ഭാര്യയെ ആക്രമിച്ചു, വീടു വിട്ടുപോകാനും ശ്രമിച്ചു. പലതവണ കൗൺസലിങ് നൽകിയിട്ടുണ്ടെന്നും അപേക്ഷയിൽ വ്യക്തമാക്കി.

English Summary:

Petition to Cancel Adoption

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com