ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹിയിലെ അതിരൂക്ഷമായ വായുമലിനീകരണത്തിന്റെ പ്രധാന കാരണമായ പാടശേഖരങ്ങളിലെ തീയിടലിന്റെ 93 ശതമാനവും പഞ്ചാബിലാണെന്നു കേന്ദ്ര സർക്കാർ വിളിച്ച സംസ്ഥാനങ്ങളുടെ യോഗം വിലയിരുത്തി. വായുമലിനീകരണം നിയന്ത്രിക്കുന്നതിനായി സുപ്രീം കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങൾക്കു കർശന നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഇന്നു പരിഗണിക്കുന്നുണ്ട്.

കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്നലെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ യോഗം ചേർന്നത്. കമ്മിറ്റി ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് ചെയർമാനും യോഗത്തിൽ പങ്കെടുത്തു. 

നവംബർ 8 വരെ ഡൽഹിയിലെ വായു മലിനീകരണത്തിന്റെ 38 ശതമാനവും പാടങ്ങളിൽ തീയിട്ടതിൽ നിന്നാണെന്ന് യോഗം വിലയിരുത്തി. സെപ്റ്റംബർ 15 മുതൽ നവംബർ 7 വരെ പാടങ്ങളിൽ തീയിട്ട സംഭവം പഞ്ചാബിൽ 20,978, ഹരിയാനയിൽ 1,605 എന്നിങ്ങനെ ആയിരുന്നു. ഹരിയാനയിൽ വിളവെടുപ്പ് 90 ശതമാനവും പൂർത്തിയായി. അതേസമയം പഞ്ചാബിൽ ഇതുവരെ കൃഷിയിടങ്ങളിൽ 60% മാത്രമേ വിളവെടുപ്പ് നടന്നിട്ടുള്ളൂ. അതിനാൽ തീയിടുന്ന സംഭവങ്ങൾ കൂടാനിടയുണ്ടെന്നും യോഗത്തിൽ പരാമർശിക്കപ്പെട്ടു. 

കർശനനടപടിക്ക് നിർദേശം

പഞ്ചാബിൽ വിളവെടുപ്പ് സീസൺ ഇനിയും ബാക്കിയുള്ളതിനാൽ തീയിടുന്നത് തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രം നിർദേശിച്ചു. ഇതിന്റെ ഉത്തരവാദിത്തം കലക്ടർക്കും മജിസ്ട്രേട്ടിനും പൊലീസിനുമാണെന്നും കേന്ദ്രം വ്യക്തമാക്കി. കമ്മിറ്റി ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് ഹരിയാനയിലേക്കും പഞ്ചാബിലേക്കും ഫ്ലയിങ് സ്ക്വാഡിനെ അയച്ച് നിരോധനം കർശനമായി നടപ്പാക്കുന്നുണ്ടെന്നു വിലയിരുത്തി പ്രതിദിന റിപ്പോർട്ട് നൽകണമെന്നും കാബിനറ്റ് സെക്രട്ടറി നിർദേശിച്ചു

മാർഗമുണ്ടായിട്ടും അലംഭാവം

കാർഷിക അവശിഷ്ട സംസ്കരണ പദ്ധതികൾക്കായി കേന്ദ്ര സർക്കാർ പഞ്ചാബിന് 1,531 കോടി രൂപയും ഹരിയാനയ്ക്ക് 1,006 കോടിയും നൽകിയിട്ടുണ്ട്. പദ്ധതിയനുസരിച്ച് ഹരിയാനയിൽ 1.20 ലക്ഷം സീഡർ മെഷീനുകളുണ്ട്. ഹരിയാനയിൽ ഇത് 76,000 എണ്ണമാണ്. ഈ മെഷീനുകൾ പരമാവധി കർഷകർ പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കർഷകരിൽ നിന്ന് വൈക്കോൽ സംഭരിച്ച് സംസ്കരിക്കുന്നതിനുള്ള നയം ഹരിയാന സർക്കാർ രൂപീകരിച്ചിട്ടുണ്ട്. പഞ്ചാബും ഇതേ മാതൃക പിന്തുടരണമെന്നും കേന്ദ്ര സർക്കാർ നിർദേശിച്ചു. കാർഷികാവശിഷ്ടങ്ങൾ സംസ്കരിക്കുന്നതിനായി കേന്ദ്ര കൃഷി മന്ത്രാലയം നടപ്പാക്കിയ പദ്ധതി എല്ലാ സംസ്ഥാനങ്ങളും പിന്തുടരണമെന്നും നിർദേശിച്ചു.

മന്ത്രിമാർ നേരിട്ട് നിരീക്ഷിക്കും

ഡൽഹിയിലെ വായുമലിനീകരണ നിയന്ത്രണ നടപടികൾക്കായി സംസ്ഥാന മന്ത്രിമാർ രംഗത്ത്. നിയന്ത്രണ നിർദേശങ്ങൾ കർശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പിക്കാനായി എല്ലാ മന്ത്രിമാരും താഴെത്തട്ടിലേക്കിറങ്ങി പ്രവർത്തിക്കുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. 

കേന്ദ്ര സർക്കാർ ഡൽഹിയിൽ ഏർപ്പെടുത്തിയ നാലാം ഘട്ട മലിനീകരണ നിയന്ത്രണ നടപടികൾ‌ കർശനമായി നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ വീഴ്ച വരുത്തുന്നുണ്ട്. അതിനാലാണു മന്ത്രിമാർ നേരിട്ടു നിരീക്ഷണത്തിന് ഇറങ്ങുന്നതെന്നും ഗോപാൽ റായ് പറഞ്ഞു. ഡൽഹിയുടെ വടക്കുകിഴക്കൻ മേഖലയിൽ ഗോപാൽ റായിയും പടിഞ്ഞാറൻ ഡൽഹിയിൽ മന്ത്രി കൈലാഷ് ഗെലോട്ടും പരിശോധന നടത്തി. കിഴക്കൻ, തെക്കുകിഴക്കൻ ഡൽഹിയുടെ ചുമതല മന്ത്രി അതിഷിക്കാണ്. സൗത്ത് ഡൽഹിയും ന്യൂ‍ഡൽഹി ജില്ലയും സൗരഭ് ഭരദ്വാജ് നോക്കും. ഇമ്രാൻ ഹുസൈന് സെൻട്രൽ ഡൽഹിയുടെയും ഷാഹ്‌ദ്രയുടെയും ചുമതലയാണ്. വടക്കു പടിഞ്ഞാറൻ ഡൽഹിയുടെ ചുമതല രാജ്കുമാർ ആനന്ദിനാണ്. 

നിയന്ത്രണ നടപടികളുടെ ഭാഗമായി ഡൽഹിയിൽ എല്ലാത്തരം നിർമാണ പ്രവർത്തനങ്ങളും നിർത്തിവച്ചിരിക്കുകയാണ്. മറ്റു സ്ഥലങ്ങളിൽ നിന്നുള്ള ട്രക്കുകൾക്കു നഗരത്തിലേക്കു പ്രവേശനമില്ല. 

മലിനീകരണം അതിരൂക്ഷമായത് കണക്കിലെടുത്ത് ഡൽഹിയിലെ സ്കൂളുകൾക്ക് 18 വരെ അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്. 

എഎപിയെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രിയും കോൺഗ്രസും

വായു മലിനീകരണത്തിൽ ആം ആദ്മി പാർട്ടിക്കെതിരെ രൂക്ഷവിമർശനം ഉയർത്തി കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. ‘അരവിന്ദ് കേജ്‌രിവാളിനെപ്പോലെ ഒരു വലിയ നുണയനെ രാജ്യം ഇതുവരെ കണ്ടിട്ടില്ല. ഈ വർഷം കൃഷിയിടത്തിൽ തീയിട്ട സംഭവത്തിൽ 93 ശതമാനവും പഞ്ചാബിലായിരുന്നു. അതുകൊണ്ട് മാത്രമാണ് ഡൽഹിയിലെ വായുമലിനീകരണം ഇത്രയേറെ രൂക്ഷമായത്. പഞ്ചാബിലെ കർഷകർക്കു ബദൽ സംവിധാനം ഒരുക്കുന്നതിൽ ആം ആദ്മി പാർട്ടി പരാജയപ്പെട്ടു. ഭരണനിർവഹണത്തിൽ ആം ആദ്മി പാർട്ടിയുടെ ഭാഗത്തു നിന്നുണ്ടായ കുറ്റകരമായ വീഴ്ചയാണ്.’ – മന്ത്രി പറഞ്ഞു. 

അതേസമയം, ഡൽഹിയിൽ അതിരൂക്ഷമായ വായു മലിനീകരണം കുറയ്ക്കാൻ സർക്കാർ നടപടിയെടുക്കുന്നില്ല എന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. ഡിപിസിസി അധ്യക്ഷൻ അർവിന്ദർ സിങ് ലാവ്‌ലിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർ സെൻട്രൽ ഡൽഹിയിൽ മൗനജാഥയും നടത്തി.

കൃത്രിമമഴ: മുഴുവൻ ചെലവും വഹിക്കാം

വായുമലിനീകരണം തടയുന്നതിനു കൃത്രിമമഴ പെയ്യിക്കുന്നതിനുള്ള മുഴുവൻ ചെലവും വഹിക്കുമെന്നു സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ചുള്ള സംസ്ഥാന സർക്കാരിന്റെ നിലപാട് ചീഫ് സെക്രട്ടറി ഇന്നു സുപ്രീം കോടതിയെ ധരിപ്പിക്കും. കേന്ദ്ര സർക്കാർ അനുമതി നൽകിയാൽ 20നു മുൻപ് കൃത്രിമമഴ പെയ്യിക്കാനുള്ള ക്രമീകരണങ്ങൾ നടത്താനാണ് ഡൽഹി സർക്കാരിന്റെ നീക്കം. ഇതിനുള്ള നടപടികൾ സംബന്ധിച്ച് കാൻപുർ ഐഐടിയിലെ വിദഗ്ധരുമായി മന്ത്രി ഗോപാൽ റായ് ചർച്ച നടത്തിയിരുന്നു.

English Summary:

States meet to seek solution to air pollution

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com