ADVERTISEMENT

മുംബൈ ∙ തന്റെ വീട്ടുജോലിക്കാരിയുടെ മകളെ കണ്ടെത്തിയ സന്തോഷം പങ്കുവച്ച് ബോളിവുഡ് നടി സണ്ണി ലിയോണി. ഒൻപതു വയസ്സുകാരിയായ കുട്ടിയെ കാണാതായെന്നും കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 രൂപ പാരിതോഷികം നൽകുമെന്നും കഴിഞ്ഞ ദിവസം സണ്ണി സമൂഹമാധ്യമങ്ങളിൽ അറിയിച്ചിരുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള കുട്ടിയുടെ ചിത്രത്തിനൊപ്പമാണ് താരം സന്തോഷക്കുറിപ്പ് പങ്കിട്ടത്.

‘‘ഞങ്ങളുടെ പ്രാർഥനയ്ക്കു ഫലമുണ്ടായിരിക്കുന്നു. ദൈവം മഹാനാണ്. ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ. കുട്ടിയുടെ കുടുംബത്തിനു വേണ്ടി മുംബൈ പൊലീസിനോടു നന്ദി പറയുന്നു. നഷ്ടപ്പെട്ട് 24 മണിക്കൂറില്‍ ഞങ്ങള്‍ക്ക് അനുഷ്‌കയെ തിരിച്ചുകിട്ടി. പോസ്റ്റ് ഷെയര്‍ ചെയ്തും വാർത്തയാക്കിയും വൈറലാക്കിയതിന് എന്നെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് നന്ദി അറിയിക്കുന്നു.’’– സണ്ണി കുറിച്ചു. ബുധനാഴ്ച വൈകിട്ട് മുംബൈയിലെ ജോഗേശ്വരിയിൽ നിന്നാണ് കുട്ടിയെ കാണാതായത്. കുട്ടിയുടെ പേരും വിവരങ്ങളും ചിത്രവും ഉൾപ്പെടെ താരം പങ്കുവച്ചിരുന്നു.

‘‘ഇത് അനുഷ്ക, എന്റെ വീട്ടുജോലിക്കാരിയുടെ മകളാണ്. എട്ടാം തീയതി വൈകിട്ട് ഏഴ് മുതൽ ജോഗേശ്വരി വെസ്റ്റിൽനിന്ന് കുട്ടിയെ കാണാതായി. 9 വയസ്സാണ്. അവൾക്കായി തിരച്ചിലിലാണ് മാതാപിതാക്കൾ. അവളെ കണ്ടെത്തുകയോ വിവരം നൽകുകയോ ചെയ്യുന്നവർക്ക് 11,000 രൂപ പ്രതിഫലം നൽകും. ഇതു കൂടാതെ 50,000 രൂപ ഞാനും നൽകും. നിങ്ങളുടെ കണ്ണുകൾ തുറന്ന് ഈ മോളെ തിരയൂ’’– എന്നായിരുന്നു സണ്ണിയുടെ വാക്കുകൾ. വിവരം ലഭിക്കുന്നവർക്കു കുട്ടിയുടെ അച്ഛനെയോ അമ്മയെയോ ബന്ധപ്പെടുകയോ തനിക്ക് സന്ദേശം അയയ്ക്കുകയോ ചെയ്യാം എന്നും സണ്ണി പറഞ്ഞ‌ിരുന്നു.

English Summary:

Sunny Leone Thanks Mumbai Police For Finding Her House Help's Daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com