പിതാവിന്റെ അമിതമദ്യപാനം, നിസാര കാര്യങ്ങൾക്കും വഴക്ക്; അമ്മ മരിച്ച് 10–ാം വർഷം മകളും ജീവനൊടുക്കി
Mail This Article
ഹൈദരാബാദ്∙ പിതാവിന്റെ അമിത മദ്യപാനത്തിൽ മനംനൊന്ത് കോളജ് വിദ്യാർഥിനി തൂങ്ങിമരിച്ചു. തെലങ്കാന കച്ചെഗുഡയിൽ ജി.സൗമ്യ (21) ആണ് മരിച്ചത്. ഗാർഹിക പ്രശ്‌നങ്ങളെ തുടർന്ന് 2013ൽ സൗമ്യയുടെ അമ്മ അനിത ജീവനൊടുക്കിയിരുന്നു. അനിത മരിച്ച് കൃത്യം 10 വർഷം പൂർത്തിയാകുമ്പോഴാണ് മകളുടെയും മരണം. വ്യാഴാഴ്ച രാവിലെ വീട്ടിലെ മുറിയിൽ സീലിങ് ഫാനിൽ തൂങ്ങിയ നിലയിലാണ് സൗമ്യയെ കണ്ടെത്തിയത്. സഹോദരനും പിതാവും ചേർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
ജിഎച്ച്എംസിയിൽ ശുചീകരണത്തൊഴിലാളിയായിരുന്ന പിതാവ് യാദയ്യ ദിവസേന മദ്യപിക്കാറുണ്ടെന്നും മദ്യലഹരിയിൽ നിസാര കാര്യങ്ങളുടെ പേരിൽ പോലും കുട്ടികളുമായി വഴക്കിടാറുണ്ടെന്നും പൊലീസ് പറഞ്ഞു. പിതാവിന്റെ ഈ പെരുമാറ്റം സൗമ്യയെ മാനസികമായി തളർത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
സംഭവദിവസം യാദയ്യ ജോലിക്കും സൗമ്യയുടെ സഹോദരൻ ഗൗതം കോളജിലും പോയിരുന്നു. വീട്ടിൽ സൗമ്യ തനിച്ചായിരുന്നു. ഉച്ചയ്ക്ക് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യാദയ്യ മകളുടെ മുറി അടച്ചിട്ടിരിക്കുന്നതു കണ്ടു. ഏറെനേരം വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് ഗൗതമിനെ കോളജിൽനിന്ന് വിളിച്ചുവരുത്തി. തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറിയപ്പോൾ സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ സൗമ്യയെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)