ADVERTISEMENT

പെരുമ്പാവൂർ ∙ മുടിക്കലിൽ പുഴയുടെ തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത് കൊലപാതകമെന്നു തെളിഞ്ഞു. സംഭവത്തിൽ അസം സ്വദേശികളായ നൗഗാവ് പാട്ടിയചാപ്പരിയിൽ മുക്സിദുൽ ഇസ്‌ലാം (31), മുരിയാഗൗവിൽ മുഷിദാ ഖാത്തൂൻ (31) എന്നിവരെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. സ്വദേശമായ അസമിൽ എത്തിയാണ് കേരള പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഒരുമിച്ചു താമസിച്ചിരുന്ന ഇരുവരും പത്ത് ദിവസം പ്രായമായ പെൺകുഞ്ഞിനെയാണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

ഒക്ടോബർ 8ന് വൈകിട്ട് 6 മണിയോടെ മുടിക്കൽ ഇരുമ്പുപാലത്തിനടുത്ത് പുഴയോടു ചേർന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തുണിയിൽപ്പൊതിഞ്ഞ് ബിഗ്ഷോപ്പറിലാക്കിയ നിലയിലായിരുന്നു മൃതദേഹം. അസ്വാഭാവിക മരണത്തിന‌ു കേസെടുത്ത് ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്.

അതിഥിത്തൊഴിലാളികൾ ജോലി ചെയ്യുന്ന ഇടങ്ങൾ, താമസിക്കുന്ന സ്ഥലങ്ങൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. മേതലയിലെ പ്ലൈവുഡ് കമ്പനിയിലെ അസം സ്വദേശിനിക്ക് അടുത്തിടെ കുഞ്ഞ് ജനിച്ചിരുന്നതായി വിവരം ലഭിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇവരെ കാണാനില്ലെന്നു മനസ്സിലാക്കിയ അന്വേഷണസംഘം അസമിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ജനിക്കാൻ പോകുന്ന കുഞ്ഞിനെ വളർത്തുന്നതിനെച്ചൊല്ലി പ്രസവത്തിനു മുൻപേ ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നു. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തുണിയിൽപ്പൊതിഞ്ഞ് കവറിലാക്കി ഓട്ടോറിക്ഷയിൽ വന്നാണ് ഇവിടെ ഉപേക്ഷിച്ചത്. തുടർന്ന് അന്നുതന്നെ അസമിലേക്കു കടന്നു. ആദ്യ വിവാഹം വേർപെടുത്തിയശേഷം കേരളത്തിൽ വന്ന് ഒരുമിച്ച് ജീവിക്കുകയാണ് ഇവർ. പ്രസവ പരിചരണത്തിന് ആശുപത്രിയിൽ പോയിരുന്നുമില്ല.

ഇൻസ്പെക്ടർ ആർ.രഞ്ജിത്ത്, എസ്ഐ ജോസി.എം ജോൺസൻ, എഎസ്ഐമാരായ എൻ.കെ.ബിജു, എൻ.ഡി ആന്റോ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എ.അബ്ദുൽ മനാഫ്, ജിഞ്ചു കെ.മത്തായി, പി.നോബിൾ, ശാന്തി കൃഷ്ണൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

English Summary:

Perumbavoor New Born Baby Murder: Assam Natives Arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com