ADVERTISEMENT

തിരുവനന്തപുരം∙ നെല്ല് നൽകിയതിന്റെ പ്രതിഫലമായി, പാഡി റസീപ്റ്റ് ഷീറ്റ് (പിആർഎസ്) വഴി ബാങ്കിലൂടെ വായ്പയായി നൽകുന്ന തുകയുടെ തിരിച്ചടവ് മുടങ്ങിയാല്‍ കർഷകന്റെ സിബിൽ സ്കോറിനെ ബാധിക്കും. സിവിൽ സപ്ലൈസ് കോർപറേഷൻ പണം തിരിച്ചടയ്ക്കുമെന്ന ധാരണയിലാണ് ബാങ്കുകൾ കർഷകനു പ്രതിഫലം വായ്പയായി നല്‍കുന്നത്. കർഷകന്റെ പേരിലാണ് വായ്പ നൽകുന്നത് എന്നതിനാൽ ബാധ്യത കർഷകനാണ്. കടക്കാരൻ കർഷകനായതിനാല്‍ ഇതു സിബിൽ സ്കോറിനെ ബാധിക്കും. മറ്റുള്ള സംസ്ഥാനങ്ങളിൽ പിആർഎസ് പദ്ധതിയില്ല. മിക്ക സംസ്ഥാനങ്ങളിലും സംഭരിക്കുന്ന ധാന്യത്തിന് ഉടനെ പണം നൽകും. സിവിൽ സപ്ലൈസ് കോർപറേഷന് പണം ഇല്ലാത്തതിനാലാണ് കർഷകർക്കാർക്കായി പിആർഎസ് സംവിധാനം ഏർപ്പെടുത്തിയത്.

കെ.ജി.പ്രസാദ്
ആലപ്പുഴയിൽ ആത്മഹത്യ ചെയ്ത കർഷകൻ കെ.ജി.പ്രസാദ്

നെല്ല് നൽകുന്ന കർഷകനും ബാങ്കും സിവിൽ സപ്ലൈസ് കോർപറേഷനുമാണ് വായ്പയ്ക്കായി ധാരണയിലെത്തുന്നത്. കർഷകനു സിവിൽ സപ്ലൈസ് കോർപറേഷൻ നൽകേണ്ട തുക ബാങ്ക് വായ്പയായി നൽകുന്നു. വായ്പയുടെ മുതലും പലിശയും തിരിച്ചടയ്ക്കുന്നത് സിവിൽ സപ്ലൈസ് കോർപറേഷന്റെ ഉത്തരവാദിത്തമാണ്. കർഷകന്റെ പേരിലാണ് വായ്പാ അക്കൗണ്ട് തുടങ്ങുന്നത്. തിരിച്ചടവ് മുടങ്ങിയാൽ കർഷകനെയാണ് ബാധിക്കുന്നത്. കർഷകനു ബാധ്യതയില്ലെന്ന സിവിൽ സപ്ലൈസ് കോർപറേഷന്റെ വാദം ശരിയല്ലെന്ന് ബാങ്ക് അധികൃതർ പറയുന്നു.

വായ്പാ കുടിശിക ഒത്തുതീർപ്പ് ചെയ്താലും കർഷകന്റെ പേരിലായിരിക്കും കാണിക്കുന്നത്. പിആർഎസ് വായ്പ നിലവിലുള്ളത് മറ്റുള്ള വായ്പ എടുക്കുന്നതിനു തടസ്സമായി മിക്ക ബാങ്കുകളും സാധാരണ കണക്കാക്കാറില്ല. കുടിശിക ഉണ്ടെങ്കിലും വായ്പ കൊടുക്കാറുണ്ട്. പക്ഷേ, സിബിലിനെ ബാധിക്കും. കുടിശികയുടെ പേരിൽ ബാങ്കുകൾക്ക് ലോൺ കൊടുക്കാതെയുമിരിക്കാം. ആലപ്പുഴയിൽ മരിച്ച കർഷകന് കുടിശികയുടെ പേരിൽ വേറെ ലോൺ അനുവദിച്ചിരുന്നില്ലെന്ന് ആക്ഷേപമുണ്ട്.

കർഷകൻ കെ.ജി. പ്രസാദിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് തകഴി ജംക്‌ഷനിൽ റോഡ് ഉപരോധിച്ചപ്പോൾ (ചിത്രം: വി.വിഘ്നേഷ് ∙ മനോരമ)
കർഷകൻ കെ.ജി. പ്രസാദിന്‍റെ മരണത്തിൽ പ്രതിഷേധിച്ച് തകഴി ജംക്‌ഷനിൽ റോഡ് ഉപരോധിച്ചപ്പോൾ (ചിത്രം: വി.വിഘ്നേഷ് ∙ മനോരമ)

സംസ്ഥാനത്തെ എല്ലാ ജില്ലകളിൽനിന്നും സിവിൽ സപ്ലൈസ് കോർപറേഷൻ നെല്ല് സംഭരിക്കുന്നുണ്ട്. സംഭരിക്കുന്ന നെല്ല് അരിയാക്കി സിവിൽ സപ്ലൈസ് കോർപറേഷനു കൈമാറും. അരി റേഷൻ കടകളിലൂടെ ജനങ്ങൾക്ക് നൽകും. നെല്ല് സംഭരണ പദ്ധതിയിൽ താൽപര്യമുള്ള കർഷകർക്ക് സപ്ലൈക്കോയുടെ സൈറ്റിൽ റജിസ്റ്റർ ചെയ്യാം. റജിസ്റ്റർ ചെയ്യുന്ന അപേക്ഷകൾ അതതു സ്ഥലത്തെ കൃഷി ഓഫിസർമാർ പരിശോധിച്ച് ഓൺലൈനായി സാക്ഷ്യപ്പെടുത്തും. ബന്ധപ്പെട്ട പാഡി മാർക്കറ്റിങ് ഓഫിസറും രേഖകൾ പരിശോധിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ കർഷകർക്ക് നെല്ല് സംഭരണ റജിസ്ട്രേഷൻ ലഭിക്കും. നെല്ല് സംഭരിക്കുന്നതിനായി സപ്ലൈക്കോ സംസ്ഥാനത്തെ അരി മില്ലുകളുമായി കരാറിൽ ഏർപ്പെടും. കേന്ദ്രസർക്കാരിന്റെ മാനദണ്ഡപ്രകാരം നിശ്ചിത ഗുണനിലവാരമുള്ള നെല്ലാണ് സംഭരിക്കുന്നത്.

നെല്ലിന്റെ ഗുണനിലവാരം, തൂക്കം എന്നിവ പരിശോധിക്കുന്നതിനായി സപ്ലൈക്കോ ഉദ്യോഗസ്ഥരെ നിയോഗിക്കും. നെല്ല് സംഭരിച്ചശേഷം കർഷകർക്ക് കംപ്യൂട്ടർ അധിഷ്ഠിത രസീത് (പിആർഎസ്) നൽകും. 2022–23 സീസൺ മുതൽ കർഷകരുടെ അക്കൗണ്ടിലേക്ക് ഡിജിറ്റൽ പേയ്മെന്റായാണ് പണം നൽകുന്നത്. ഇപ്പോഴത്തെ സംഭരണവില കിലോയ്ക്ക് 28.20 രൂപയാണ്. കേന്ദ്രത്തിന്റെ താങ്ങുവില 20.40രൂപയും സംസ്ഥാന പ്രോത്സാഹന ബോണസ് 7.80 രൂപയും. കേന്ദ്ര വിഹിതം 21.83 രൂപയായി വർധിപ്പിച്ചെങ്കിലും സംസ്ഥാന വിഹിതത്തിൽ മാറ്റമുണ്ടായില്ല. സംസ്ഥാന വിഹിതം കുറഞ്ഞ് 6.37രൂപയായി. ബാങ്കുകളിൽ സർക്കാർ പണം അടയ്ക്കാത്തിനാൽ കുടിശിക തുകയും വർധിച്ചു.

സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ പിആർഎസ് പദ്ധതിയിലൂടെയല്ലാതെ നേരിട്ട് പണം നൽകാൻ സർക്കാരിന് മാർഗമില്ല. പഞ്ചാബിലും ഹരിയാനയിലും ധാന്യം സംഭരിച്ചാൽ 10 ദിവസത്തിനകം കർഷകന്റെ അക്കൗണ്ടിൽ പണം വരും. വേറെ സംസ്ഥാനങ്ങളിൽ പിആർഎസ് സംവിധാനമില്ല. സിവിൽ സപ്ലൈസ് കോർപറേഷന് വേറേ മാർഗമില്ലാത്തതിനാലാണ് ഈ സംവിധാനം കൊണ്ടുവന്നത്. റസീപ്റ്റുമായി ബാങ്കിൽ ചെന്നാൽ കർഷകന് വായ്പയായി പണം കൊടുക്കും. വായ്പയ്ക്ക് പലിശയുമുണ്ട്. പിആർഎസ് പദ്ധതിയല്ലാതെ, ബാധ്യതകൾ തീർക്കാൻ സിവിൽ സപ്ലൈസ് കോർപറേഷന്‍ അല്ലാതെയും വായ്പ എടുത്തിട്ടുണ്ട്. ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്ന് 2500 കോടിരൂപയാണ് സിവിൽ സപ്ലൈസ് കോർപറേഷൻ വായ്പ എടുത്തിട്ടുള്ളത്.

English Summary:

PRS System For Paddy Farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com