ADVERTISEMENT

മുംബൈ ∙ എൻസിപി പിളർത്തിയ ശേഷം പാർട്ടി ചിഹ്നവും പേരും സ്വന്തമാക്കാനുള്ള നിയമപോരാ‍ട്ടം നടത്തുന്ന വിമത നേതാവും ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. പിന്നാലെ ഡൽഹിയിലെത്തി അമിത് ഷായെ സന്ദർശിച്ചത് അഭ്യൂഹങ്ങൾക്കു കാരണമായി. 

ശരദ് പവാറിന്റെ അനുജൻ പ്രതാപ്റാവു പവാറിന്റെ പുണെയിലെ വസതിയിൽ ദീപാവലിയോട് അനുബന്ധിച്ച് നടത്തിയ കുടുംബസംഗമത്തിലാണ്  ശരദും അജിത്തും കണ്ടുമുട്ടിയത്. ഇരുവരും രണ്ടര മണിക്കൂറോളം അവിടെ ചെലവഴിച്ചു. തന്റെ പക്ഷത്തെ മുതിർന്ന േനതാക്കളായ പ്രഫുൽ പട്ടേൽ, സുനിൽ തത്കരെ എന്നിവര്‍ക്കൊപ്പമാണ് അമിത് ഷായെ അജിത് കണ്ടത്. മറഠാ സംവരണപ്രക്ഷോഭം, എൻസിപിയിലെ നിയമപോരാട്ടം എന്നിവയുടെ പശ്ചാത്തലത്തിലായിരുന്നു കൂടിക്കാഴ്ച. 

ദീപാവലിക്ക് പവാർ കുടുംബാംഗങ്ങൾ ബാരാമതിയിൽ ശരദ് പവാറിന്റെ തറവാട്ടിൽ ഒത്തുകൂടുക പതിവാണ്. അജിത് പാർട്ടി പിളർത്തിയ ശേഷമുള്ള ആദ്യത്തെ ദീപാവലിയാണ് ഇത്തവണത്തേത്. ഡെങ്കിപ്പനിയെത്തുടർന്ന് രണ്ടാഴ്ചയിലേറെയായി അജിത് വിശ്രമത്തിലായിരുന്നു. ഇന്നലെയാണ് ആദ്യമായി വീട്ടിൽ നിന്നു പുറത്തിറങ്ങിയത്. ജൂലൈയിൽ അജിത് പാർട്ടി പിളർത്തിയ ശേഷം ശരദ് പവാറുമായി നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. നേരത്തെ കുടുംബസുഹൃത്തായ പുണെയിലെ വ്യവസായിയുടെ വസതിയിൽ ഇരുവരും ചർച്ച നടത്തിയത്   വാർത്തയായിരുന്നു. 

അജിത് ധനമന്ത്രിയായിരിക്കേ, മറ്റു വകുപ്പുകളിലെ ഫയലുകൾ ധനവകുപ്പിലേക്ക് നേരിട്ട് അയയ്ക്കാതെ തന്നിലൂടെ സമർപ്പിക്കണമെന്ന മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നിർദേശത്തിൽ അസ്വസ്ഥനാണ് അജിത്. 

അജിത് വിഭാഗം നൽകിയ രേഖകൾ വ്യാജമെന്ന് പവാർ വിഭാഗം

മുംബൈ ∙ പാർട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും അവകാശപ്പെട്ട് എൻസിപി അജിത് പവാർ വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷനു സമർപ്പിച്ച 20,000 സത്യവാങ്മൂലങ്ങളിൽ വ്യാജരേഖകളും അബദ്ധങ്ങളും ഇടംപിടിച്ചിട്ടുണ്ടെന്നു എൻസിപി ശരദ് പവാർ വിഭാഗം ആരോപിച്ചു. അജിത് വിഭാഗത്തിനെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും പിഴ ചുമത്തണമെന്നും ശരദ് പവാർ വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർഥിച്ചു. 

മരിച്ചവരുടെ പേരിലും പ്രായപൂർത്തിയാകാത്തവരുടെ പേരിലും സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം കമ്മിഷൻ നടന്ന വാദം കേൾക്കലിൽ ശരദ് പവാർ വിഭാഗം ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ അജിത് പവാർ വിഭാഗം നേതാവ് സുനിൽ തത്കരെ തള്ളി. ചെറിയ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാണിച്ച് വാദം കേൾക്കൽ നീട്ടിവയ്പിക്കാനുള്ള ശ്രമമാണിതെന്ന് തത്കരെ ആരോപിച്ചു. ഈ മാസം 20 മുതൽ തുടർച്ചയായി വാദം കേൾക്കണമെന്ന തങ്ങളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Sharad Pawar And Ajit Pawar Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com