ADVERTISEMENT

കോട്ടയം∙ ലൈഫ് പദ്ധതി പോലുള്ള നല്ല പദ്ധതികൾ ദുഷ്ടമനസ്സുള്ളവർ തകർക്കാൻ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ഏജൻസികളെയും ദുഷ്ടമനസ്സുകൾക്ക് സ്വാധീനിക്കാൻ പറ്റി. അന്വേഷണത്തിനായി കേന്ദ്ര ഏജൻസികൾ കേരളത്തിൽ വട്ടമിട്ടു പറന്നു. എന്നാൽ, പദ്ധതിയുമായി നമ്മൾ മുന്നോട്ടുപോയി. വലിയ കോപ്പുമായി ഇറങ്ങിയവർ ഒന്നും ചെയ്യാനാകാതെ ജാള്യതയോടെ നിൽക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീടില്ലാത്തവരുടെ പ്രശ്നം ഗൗരവമായാണ് സർക്കാർ കണ്ടത്. ഇനിയും വീടുകൾ ഇല്ലാത്തവർക്ക് വീട് നൽകാനാണ് സർക്കാർ തീരുമാനം. കോട്ടയം കുട്ടിക്കലിൽ സിപിഎം നിർമിച്ചു നൽകിയ വീടുകളുടെ താക്കോൽ കൈമാറ്റ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

‘ഇതൊരു നല്ല കാര്യം എന്ന നിലയ്ക്ക് പിന്താങ്ങുക എന്നാണ് നല്ല മനസ്സുള്ളവരെല്ലാം പ്രതീക്ഷിക്കുന്നത്. പക്ഷേ, നല്ല മനസ്സിന്റെ ഉടമകൾ മാത്രമല്ലലോ സമൂഹത്തിൽ ഉണ്ടാവുക. ജനങ്ങൾ മഹാഭൂരിഭാഗവും നല്ല മനസ്സിന്റെ ഉടമകളാണ്. എന്നാൽ, ഏതാനും ചിലർക്ക് ആ മനസ്സല്ല. മാത്രമല്ല, ഒരു പ്രത്യേക രീതിയിലുള്ള ദുഷ്ടമനസ്സും ഏതാനും ആളുകൾക്കുണ്ട്. അതുകൊണ്ടാണ് അവർ ഇതുപോലൊരു നല്ല പദ്ധതിയെ തകർക്കാൻ വേണ്ടിയുള്ള ശ്രമം നടത്തിയത്. 

ഏതെല്ലാം രീതിയിലുള്ള ശ്രമമാണ് നടത്തിയത്. നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്തുള്ള കേന്ദ്ര സർക്കാരിന്റെ അന്വേഷണ ഏജൻസികള്‍ ഇത്തരം ദുഷ്ടമനസ്സുകൾക്ക് സ്വാധീനിക്കാൻ പറ്റുന്നവരായി മാറി. അതിന്റെ ഫലമായി മറ്റു ഉദ്ദേശ്യങ്ങളോടെ അത്തരം വ്യക്തികൾ ഈ വലിയൊരു പദ്ധിക്കെതിരെ പരാതികളുമായി ചെന്നു.

ആ പരാതി സ്വീകരിച്ച് കേന്ദ്ര ഏജൻസികൾ കേരളത്തില്‍ വട്ടമിട്ടു പറക്കുന്നത് കണ്ടു. അവർ ഈ പദ്ധതിക്കെതിരെ വല്ലാത്ത കുപ്രചാരണവും അഴിച്ചുവിട്ടു. പക്ഷേ, പദ്ധതിയുമായി നാം മുന്നോട്ടുപോയി. വലിയ കോപ്പോടെ ഒരുങ്ങിപ്പുറപ്പെട്ടവർക്ക് അതിന്റെ ഭാഗമായി ഒന്നും ചെയ്യാനാകില്ല എന്നു ബോധ്യപ്പെട്ടപ്പോൾ അൽപം ജാള്യതയോടെ അടങ്ങി നിൽക്കുന്ന അവസ്ഥയാണ് കാണാൻ കഴിയുന്നത്’’– മുഖ്യമന്ത്രി പറഞ്ഞു. 

English Summary:

CM Pinarayi Vijayan on Life Mission Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com