ADVERTISEMENT

‌കാസർകോട്∙ ഒരുവർഷം മുൻപുവരെ കുമ്പള അനന്തപത്മനാഭ ക്ഷേത്രത്തിൽ എത്തുന്ന ഭക്തർ ക്ഷേത്രക്കുളം സന്ദർശിക്കാതെ മടങ്ങില്ലായിരുന്നു. കാരണം അവിടെയാണു അവർക്കു പ്രിയപ്പെട്ട ബബിയ എന്ന മുതലയുണ്ടായിരുന്നത്. ഭക്തർക്കു പുറമേ സഞ്ചാരികളും ബബിയയെന്ന കൗതുകത്തെ കാണാൻ എത്തിയിരുന്നു. കഴിഞ്ഞവർഷം പ്രായാധിക്യത്തെ തുടർന്നു മുതല ചത്തു. എന്നാലിപ്പോൾ ഇതേ ക്ഷേത്രക്കുളത്തിൽ മറ്റൊരു മുതലയുടെ സാന്നിധ്യം കണ്ടെത്തിയെന്നാണു വിവരം. 

രണ്ടു ദിവസം മുമ്പാണു കാഞ്ഞങ്ങാടുനിന്നും ക്ഷേത്രത്തിലെത്തിയ സംഘം ആദ്യം മുതലയെ കണ്ടത്. മുതലയുടെ ചിത്രം ഇവർ എടുക്കുകയും  ക്ഷേത്രഭാരവാഹികളെ അറിയിക്കുകയും ചെയ്തു. ക്ഷേത്ര ജീവനക്കാർ തിരച്ചിൽ നടത്തിയെങ്കിലും മുതലയെ കണ്ടെത്താനായില്ല. ശനിയാഴ്ച ഉച്ചയ്ക്കു കുളത്തിനുള്ളിലെ മടയിൽ മുതലയെ കണ്ടെത്തി. വിദഗ്ധർക്കു ചിത്രം അയച്ചുനൽകിയതിൽനിന്നും ബബിയയുടെ അതേവിഭാഗത്തിൽപ്പെട്ട മുതലയാണിതെന്നു സ്ഥിരീകരിച്ചതായും വിവരം മലബാർ ദേവസ്വം ബോർഡിനെ അറിയിച്ചതായും ക്ഷേത്രം ഭാരവാഹി പറഞ്ഞു. അങ്ങനെ ബബിയയ്ക്കു പിൻഗാമി  എത്തിയിരിക്കുകയാണ്. 

തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധമുള്ള അനന്തപത്മനാഭ ക്ഷേത്രക്കുളത്തിലെ ബബിയ ഭക്തര്‍ക്ക് എന്നുമൊരു അദ്ഭുതമായിരുന്നു. കുളത്തിനു നടുവിലായാണു ക്ഷേത്രം. ഭക്തരെ ബബിയ ആക്രമിച്ചിരുന്നില്ലെന്നും ക്ഷേത്രത്തിലെ നിവേദ്യമായിരുന്നു പ്രധാന ഭക്ഷണമെന്നുമായിരുന്നു ക്ഷേത്രവുമായി ബന്ധപ്പെട്ടവർ പറഞ്ഞിരുന്നത്. 1945 ല്‍ ക്ഷേത്രത്തിലുണ്ടായ മറ്റൊരു മുതലയെ ബ്രിട്ടിഷ് സൈന്യം വെടിവച്ചു കൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണു ഭക്തർ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com