ADVERTISEMENT

ന്യൂഡൽഹി ∙ പാക്ക് – ചൈനീസ് സഹകരണത്തിന്റെ ഭാഗമായി കറാച്ചി തുറമുഖത്ത് നാവികാഭ്യാസം തുടങ്ങിയത് സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യൻ ഏജൻസികൾ. ചൈനീസ് യുദ്ധക്കപ്പലുകൾ, അന്തർവാഹിനി, അനുബന്ധ കപ്പലുകൾ തുടങ്ങിയവ കറാച്ചി തുറമുഖത്ത് എത്തിയതിന്റെ ഉപഗ്രഹ ചിത്രങ്ങൾ ഒരു ദേശീയമാധ്യമം പുറത്തുവിട്ടു. ഇന്ത്യൻ മഹാസമുദ്രത്തിൽ സ്വാധീനം വർധിപ്പിക്കുന്നതു ലക്ഷ്യമിട്ട് ചൈന ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് സീ ഗാർഡിയൻ – 3 നാവികാഭ്യാസം. ശനിയാഴ്ച തുടങ്ങിയ നാവികാഭ്യാസം നവംബർ 17 വരെയാണ്.

∙ ഇന്ത്യൻ മഹാസമുദ്രം നിരീക്ഷിച്ച് ചൈന

കഴിഞ്ഞ വർഷം ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ നിരവധി നിരീക്ഷണ, ഓഷാനോഗ്രഫിക് സർവേ കപ്പലുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ മാസം ആദ്യം ചൈനയുടെ സമുദ്ര ഗവേഷണ കപ്പലായ ഷി യാൻ 6 കൊളംബോയിൽ നങ്കൂരമിട്ടിരുന്നു. തമിഴ്നാട് തീരത്തിനും ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കുമിടയിൽ ബംഗാൾ ഉൾക്കടലിലൂടെയും ഈ കപ്പൽ യാത്ര ചെയ്തു. ഇന്ത്യൻ മഹാസമുദ്രത്തിൽ കാര്യമായ നിരീക്ഷണം ചൈന നടത്തുന്നുവെന്നാണ് ഇതിൽനിന്നു വ്യക്തമാകുന്നത്. ഇത്തരം ഗവേഷണങ്ങളിലൂടെ, അന്തർവാഹിനികൾക്ക് പോകാനാകുന്ന വഴികൾ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും വിഷയവുമായി ബന്ധപ്പെട്ടവർ സൂചിപ്പിക്കുന്നു.

നിലവിൽ കറാച്ചിയിൽ നങ്കുരമിട്ടിരിക്കുന്നവയിൽ ടൈപ്പ് 039 ഡീസൽ – ഇലക്ട്രിക് അന്തർവാഹിനിയുണ്ട്. എത്രത്തോളം നിശബ്ദമായി ഈ അന്തർവാഹിനിക്ക് പ്രവർത്തിക്കാനാകുമെന്ന് പുറത്തുവന്നിട്ടില്ലെങ്കിലും അറേബ്യൻ കടലിൽ ഇതിന്റെ വിന്യാസം ചൈനീസ് സേനയുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ പോകുന്നതാണെന്ന് വ്യക്തമാകുന്നു. 2013നുശേഷം ഇത് എട്ടാം തവണയാണ് ചൈനയുടെ നാവികസേന ഇന്ത്യൻ മഹാസമുദ്രത്തിൽ അന്തർവാഹിനി വിന്യസിക്കുന്നത്. ആണവ ഊർജം ഉപയോഗിച്ചു പ്രവർത്തിക്കുന്ന അറ്റാക്കിങ് അന്തർവാഹിനികൾ ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന വിന്യസിച്ചിട്ടുണ്ട്. ഇവയ്ക്ക് ദീർഘനാൾ സമുദ്രത്തിനടിയിൽ കഴിയാനാകും. നിലവിൽ കറാച്ചിയിലെത്തിയ സംഘത്തിനൊപ്പം ആണവ അന്തർവാഹിനിയുണ്ടോ എന്നു വ്യക്തമല്ല.

നാവികാഭ്യാസത്തിനിടെ ഇരുരാജ്യങ്ങളും സംയുക്തമായി മാരിടൈം പട്രോളിങ് നടത്തുമെന്ന് ചൈനീസ് മാധ്യമമായ പീപ്പിൾസ് ലിബറേഷൻ ആർമി ഡെയ്‌ലി റിപ്പോർട്ട് ചെയ്തു. നവംബർ ഏഴു മുതൽ ഒൻപതു വരെ ഇന്ത്യൻ മഹാസമുദ്രത്തിൽ റഷ്യ – മ്യാൻമർ നാവികാഭ്യാസം നടന്നിരുന്നു. ആഫ്രിക്കൻ മുനമ്പിലെ ജിബൂത്തിയിൽ പ്രധാനപ്പെട്ട താവളം അവർ പണിയുന്നുണ്ട്. ഇതിനൊപ്പം പല രാജ്യങ്ങളിലെയും നാവിക സേനകൾക്ക് ഫ്രിഗേറ്റ് എന്ന വേഗമേറിയ അത്യാധുനിക ചെറു യുദ്ധക്കപ്പൽ പോലുള്ളവ ചൈന വിൽക്കുന്നു. അടുത്തിടെ ഇത്തരം നാലു ഫ്രിഗേറ്റുകൾ (ടൈപ്പ് – 054 എ/പി) പാക്കിസ്ഥാൻ നാവികസേനയ്ക്കും ചൈന വിറ്റിരുന്നു.

∙ മധ്യപൂർവേഷ്യയെ ലക്ഷ്യമിട്ട് യുദ്ധക്കപ്പലുകൾ?

സീ ഗാർഡിയൻസ് – 1 നാവികാഭ്യാസം 2020 ജനുവരിയിൽ അറേബ്യൻ കടലിൽ വച്ചായിരുന്നു നടത്തിയത്. രണ്ടാമത്തേത് കഴിഞ്ഞ വർഷം ജൂലൈയിൽ ഷാങ്ഹായിൽ വച്ചും. മധ്യപൂർവേഷ്യയിൽ ഹമാസ് – ഇസ്രയേൽ സംഘർഷം അതിരൂക്ഷമായ സാഹചര്യത്തിലാണ് ഈ നാവികാഭ്യാസം. മേഖലയിലെ സാഹചര്യം കൈവിട്ടുപോയാൽ നേരിടുന്നതിനായി ആറോളം യുദ്ധക്കപ്പലുകൾ ചൈന സജ്ജമാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 44ാം നേവൽ എസ്കോർട്ട് ടാസ്ക് ഫോഴ്സ് – ടൈപ്പ് 052ഡി ഗൈഡഡ് – മിസൈൽ ഡിസ്ട്രോയർ സിബോയും ഫ്രിഗേറ്റ് ജിങ്ഴോയും ഒക്ടോബർ ആദ്യം ഒമാനിലും കുവൈത്തിലും എത്തിയിരുന്നു. അതേസമയം, മധ്യപൂർവേഷ്യയിലെ പ്രശ്നങ്ങൾ കാരണമാണ് യുദ്ധക്കപ്പലുകൾ വിന്യസിച്ചിരിക്കുന്നതെന്ന വാദം ചൈന തള്ളി.

അതേസമയം, ഇത്തരം നാവികാഭ്യാസങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ സുരക്ഷയും ഇത്തരം അഭ്യാസങ്ങളിലൂടെ ഉറപ്പുവരുത്തുകയാണ് ചൈന ലക്ഷ്യമിടുന്നത്.

∙ ഇന്ത്യൻ നിലപാട്

പാക്ക് തുറമുഖങ്ങളിലെത്തുന്ന ചൈനീസ് കപ്പലുകളെ ഇന്ത്യൻ ഏജൻസികൾ നിരീക്ഷിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. ഒരു സമയം മൂന്നു മുതൽ ആറ് ചൈനീസ് യുദ്ധക്കപ്പലുകൾ വരെ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ വിന്യസിക്കപ്പെട്ടിരുന്നുവെന്ന് നാവികസേനാധിപൻ അഡ്മിറൽ ആർ. ഹരികുമാർ ഏപ്രിലിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ പ്രവേശിക്കുന്ന ചൈനീസ് കപ്പലുകൾ മലാക്ക സ്ട്രെയ്റ്റ്സ്, ലൊംബോക്, സൺഡ സ്ട്രെയ്റ്റ്സ് എന്നിവ വഴിയാണ് കറാച്ചി തുറമുഖത്തേക്ക് എത്തുക. ഇന്ത്യൻ നാവികസേനയുടെ പി8 മാരിടൈം റെക്കൊണെയ്സ്സൻസ് എയർക്രാഫ്റ്റും യുദ്ധക്കപ്പലുകളും ചൈനീസ് കപ്പലുകളെ നിരീക്ഷിക്കുകയും മറ്റും ചെയ്യുന്നുണ്ട്.

കഴിഞ്ഞയാഴ്ച 2 + 2 ചർച്ചകൾക്കായി യുഎസിൽനിന്ന് വിദേശകാര്യ, പ്രതിരോധ മന്ത്രിമാർ ഇന്ത്യയിൽ എത്തിയിരുന്നു. ചൈനീസ് യുദ്ധക്കപ്പലുകളുടെ തൽസമയ വിവരങ്ങളറിയാൻ ഇന്ത്യ യുഎസുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഇന്തോ – പസിഫിക് മേഖല സ്വതന്ത്രവും സുതാര്യവുമായി നിലനിർത്താൻ പ്രതിജ്ഞാബദ്ധമാണെന്ന് ഈ യോഗങ്ങൾ അടിവരയിട്ടു പറയുകയും ചെയ്തു.

English Summary:

China's Increasing Influence in the Indian Ocean: A Cause for Concern

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com