ADVERTISEMENT

രേഖകളില്ലാത്ത 15 ലക്ഷത്തിലധികം അഫ്ഗാൻ അഭയാർഥികളെയും കുടിയേറ്റക്കാരെയും പുറത്താക്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനം, താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനുമുള്ള പാക്കിസ്ഥാന്റെ ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരിക്കുന്നു. അഫ്ഗാൻ അഭയാർഥികൾക്ക് പാക്കിസ്ഥാൻ വിടാനുള്ള സമയപരിധി അവസാനിച്ച ഒക്ടോബർ 31 മുതൽ, രണ്ടു ലക്ഷത്തിലധികം അഫ്ഗാനികൾ അഫ്ഗാനിസ്ഥാനിലേക്ക് കടന്നെന്നാണ് റിപ്പോർട്ട്. എന്നാൽ പാക്ക് നടപടിയെ വിമർശിച്ച അഫ്ഗാൻ സർക്കാർ വക്താവ് ബിലാൽ കരിമി, ഇതിനെ അനീതിയെന്നു വിശേഷിപ്പിച്ചു. ‘ഇത് അനീതിയാണ്, ഒരു തരത്തിലും അവഗണിക്കാൻ കഴിയാത്ത അനീതിയാണ്. ആളുകളെ നിർബന്ധിതമായി പുറത്താക്കുന്നത് അയൽപക്കത്തിന്റെ എല്ലാ മാനദണ്ഡങ്ങൾക്കും വിരുദ്ധമാണ്’– ബിലാൽ കരിമി പറഞ്ഞു. എന്നാല്‍, ഭൂരിഭാഗം അഫ്ഗാനികളും സ്വമേധയാ രാജ്യം വിടുകയായിരുന്നെന്നാണ് പാക്കിസ്ഥാന്റെ വാദം. 

1970 കളുടെ അവസാനത്തിലും 1980 കളിലും സോവിയറ്റ് അധിനിവേശത്തെത്തുടർന്ന് പതിനായിരക്കണക്കിന് അഫ്ഗാനികൾ പാക്കിസ്ഥാനിലേക്കു പലായനം ചെയ്തിരുന്നു. 9/11 ആക്രമണത്തെത്തുടർന്ന് അഫ്ഗാനിസ്ഥാനെ യുഎസ് ആക്രമിച്ചതിനു ശേഷമാണ് കൂടുതൽ പലായനം ഉണ്ടായത്. 2021 ൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരമേറ്റതിനു ശേഷം ആറു മുതൽ എട്ടു വരെ ലക്ഷം അഫ്ഗാനികൾ പാക്കിസ്ഥാനിലേക്ക് പലായനം ചെയ്തെന്നാണ് കണക്ക്. പാക്കിസ്ഥാൻ സർക്കാരിന്റെ കണക്കനുസരിച്ച്, ഒക്ടോബർ 31 ന് മുൻപ് രാജ്യത്ത് ഏകദേശം 40 ലക്ഷം കുടിയേറ്റക്കാർ ഉണ്ടായിരുന്നു. അവരിൽ ഏകദേശം 38 ലക്ഷം പേർ അഫ്ഗാനികളാണ്. ഇവരിൽ 22 ലക്ഷം പേർക്കു മാത്രമാണ് സർക്കാർ അംഗീകരിച്ച രേഖ കൈവശമുള്ളത്. 

പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തി കടക്കാൻ ട്രക്കുകളിൽ എത്തുന്ന അഫ്ഗാൻ അഭയാർഥികൾ. (2023 ഒക്ടോബർ 27ലെ ചിത്രം) (Photo by Abdul MAJEED / AFP)
പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തി കടക്കാൻ ട്രക്കുകളിൽ എത്തുന്ന അഫ്ഗാൻ അഭയാർഥികൾ. (2023 ഒക്ടോബർ 27ലെ ചിത്രം) (Photo by Abdul MAJEED / AFP)

∙ അന്ന് പിന്തുണ, ഇന്ന് വിമർശനം

1996ൽ അഫ്ഗാനിൽ അധികാരം പിടിച്ച താലിബാനെ 2001 ലാണു യുഎസ് സഖ്യസേന പുറത്താക്കിയത്. 20 വർഷത്തിനുശേഷം 2021ൽ യുഎസ് സേന പിന്മാറിയതോടെ ഇരട്ടി ശക്തിയോടെ താലിബാൻ അഫ്ഗാനിസ്ഥാനിൽ തിരിച്ചെത്തി. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള അമേരിക്കൻ സേനയുടെ പിന്മാറ്റത്തിനു പിന്നാലെ, ജനാധിപത്യ സർക്കാരിന്റെ തകർച്ചയെത്തുടർന്ന് താലിബാന്‍ അധികാരത്തിലേക്ക് തിരിച്ചെത്തിയതിനെ പാക്കിസ്ഥാൻ പിന്തുണച്ചു. താലിബാന്റെ പുനരുജ്ജീവനത്തിനു സഹായം നൽകിയെന്നു കരുതപ്പെടുന്ന പാക്ക് ജനറൽമാരുടെ വിജയമായും ഇതു വിലയിരുത്തപ്പെട്ടു.

കാബൂളിലെ രാജ്യാന്തര വിമാനത്താവളത്തിന് പുറത്ത് നൂറുകണക്കിന് ആളുകൾ ഒത്തുകൂടിയപ്പോൾ. 2021 ഓഗസ്റ്റ് 17ലെ ചിത്രം. (AP Photo)
കാബൂളിലെ രാജ്യാന്തര വിമാനത്താവളത്തിന് പുറത്ത് നൂറുകണക്കിന് ആളുകൾ ഒത്തുകൂടിയപ്പോൾ. 2021 ഓഗസ്റ്റ് 17ലെ ചിത്രം. (AP Photo)

താലിബാന്റെ പ്രധാന ഗുണഭോക്താവ് കൂടിയാണ് പാക്കിസ്ഥാൻ. അഫ്ഗാനിസ്ഥാനിൽ ആദ്യമായി അധികാരമേറ്റപ്പോൾ താലിബാനെ അംഗീകരിച്ച മൂന്നു രാജ്യങ്ങളിൽ ഒന്നാണ് പാക്കിസ്ഥാൻ. 9/11 ആക്രമണത്തിനു ശേഷം യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിലെത്തിയതോടെ താലിബാനുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിച്ച അവസാന രാജ്യവും പാക്കിസ്ഥാൻ ആയിരുന്നു. താലിബാനിൽ ചേർന്ന നിരവധി അഫ്ഗാനികൾ പാക്കിസ്ഥാനിൽ മദ്രസ വിദ്യാഭ്യാസം നേടിയെന്നും റിപ്പോർട്ടുണ്ട്. 2021ൽ അഫ്ഗാനിസ്ഥാനിൽ രൂപീകരിച്ച പുതിയ താലിബാൻ സർക്കാരിന്റെ തലവനായ, യുഎൻ ഉപരോധ പട്ടികയിൽ ഉൾപ്പെട്ട മുഹമ്മദ് ഹസൻ അഖുന്ദ് പാക്കിസ്ഥാനിലെ ഒരു മതപാഠശാലയിൽ പഠിച്ചിരുന്നു. 

നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ, താലിബാനുള്ള എല്ലാ സഹായങ്ങളും പിൻവലിക്കുകയും താലിബാൻ നേതാക്കൾക്കുള്ള പ്രത്യേക പരിഗണന റദ്ദാക്കുകയും താലിബാനും രാജ്യാന്തര സമൂഹത്തിനും ഇടയിലുള്ള മധ്യസ്ഥം അവസാനിപ്പിക്കുകയുമാണ് പാക്കിസ്ഥാൻ എന്നാണ് വിവരം.

പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ് വിമാനത്തിൽ കയറാൻ ക്യൂവിൽ നിൽക്കുന്ന യാത്രക്കാർ. 2021 സെപ്റ്റംബർ 13ലെ ചിത്രം. (Photo by Karim SAHIB / AFP)
പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ് വിമാനത്തിൽ കയറാൻ ക്യൂവിൽ നിൽക്കുന്ന യാത്രക്കാർ. 2021 സെപ്റ്റംബർ 13ലെ ചിത്രം. (Photo by Karim SAHIB / AFP)

∙ ആക്രമണങ്ങൾ വർധിച്ചു; പിന്നാലെ പുറത്താക്കൽ

പാക്കിസ്ഥാൻ പുറപ്പെടുവിച്ച ‘പുറത്താക്കൽ’ ഉത്തരവാണ് പാക്കിസ്ഥാനും താലിബാനും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണമായത്. സമീപ വർഷങ്ങളിൽ പാക്കിസ്ഥാനിൽ ആക്രമണങ്ങൾ വർധിച്ചതിനു പിന്നാലെ അഫ്ഗാൻ അഭയാർഥികളെ പാക്കിസ്ഥാൻ കുറ്റപ്പെടുത്താൻ തുടങ്ങി. രേഖകളില്ലാത്ത ആയിരക്കണക്കിന് അഫ്ഗാൻ കുടിയേറ്റക്കാരെ നാടുകടത്താനും ഇതു കാരണമായി.

അനധികൃത അഭയാർഥികളെ നാടുകടത്താനുള്ള തീരുമാനം പ്രഖ്യാപിച്ച ഒക്ടോബർ മൂന്നിന്, പാക്കിസ്ഥാന്റെ ഇടക്കാല ആഭ്യന്തര മന്ത്രി സർഫ്രാസ് ബുഗ്തി ഈ വർഷം രാജ്യത്ത് നടന്ന 24 ചാവേർ ബോംബാക്രമണങ്ങളിൽ 14 എണ്ണം നടത്തിയത് അഫ്ഗാൻ പൗരന്മാരാണെന്ന് ആരോപിച്ചിരുന്നു. പാക്കിസ്ഥാന്റെ സുരക്ഷയ്ക്ക് നാടുകടത്തല്‍ ആവശ്യമാണെന്ന് പാക്കിസ്ഥാന്‍ കെയർടേക്കർ പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കകാറും വാദിച്ചു. 2021-ൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരത്തിലെത്തിയതിന് ശേഷം ഭീകരാക്രമണങ്ങൾ വർധിച്ചെന്നും തീവ്രവാദ പ്രവർത്തനങ്ങളിൽ 60 ശതമാനവും ചാവേർ ബോംബാക്രമണത്തിൽ 500 ശതമാനംവും വർധനവുണ്ടായെന്നും കകാർ ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങാൻ എത്തുന്ന അഫ്ഗാൻ പൗരന്മാർ.  2021 ഓഗസ്റ്റ് 16 ലെ ചിത്രം. (Photo by - / AFP)
പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങാൻ എത്തുന്ന അഫ്ഗാൻ പൗരന്മാർ. 2021 ഓഗസ്റ്റ് 16 ലെ ചിത്രം. (Photo by - / AFP)

പിന്നാലെ, പാക്കിസ്ഥാനിലെ ക്രമസമാധാന പ്രശ്നങ്ങൾക്ക് അഫ്ഗാനിസ്ഥാന്‍ ഉത്തരവാദിയല്ലെന്നും തങ്ങളെ കുറ്റപ്പെടുത്തുന്നത് പാക്കിസ്ഥാൻ അവസാനിപ്പിക്കണമെന്നും താലിബാൻ പ്രസ്താവന പുറപ്പെടുവിച്ചു. അഭയാർഥികളെ പുറത്താക്കാനുള്ള പാക്ക് തീരുമാനം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് അഫ്ഗാനിസ്ഥാന്റെ ഇടക്കാല പ്രധാനമന്ത്രി മുല്ല മുഹമ്മദ് ഹസൻ അഖുന്ദും പറഞ്ഞു. 

∙ ടിടിപിയുടെ ഉദയം

‘പാക്കിസ്ഥാൻ താലിബാൻ’ എന്നും അറിയപ്പെടുന്ന തെഹ്‌രീകെ താലിബാൻ പാക്കിസ്ഥാൻ (ടിടിപി) ആണ് അയൽരാജ്യങ്ങളായ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാകാനുള്ള പ്രധാന കാരണം. താലിബാനോട് കൂറ് പുലർത്തുന്ന ടിടിപിയുടെ ഉദയമാണ് പാക്കിസ്ഥാനിലെ ഭീകരവാദ പ്രവർത്തനങ്ങൾ വൻതോതിൽ വർധിക്കാൻ കാരണമായതെന്നാണ് വിലയിരുത്തൽ. 2007 ല്‍ സ്ഥാപിതമായ ടിടിപി, താലിബാന്റെ വിജയത്തോടെ ശക്തി പ്രാപിക്കുകയും പാക്കിസ്ഥാൻ സൈനികർ, ഐഎസ്‌ഐ, പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ആക്രമണം ശക്തമാക്കുകയും ചെയ്തു. വർധിച്ചുവരുന്ന അക്രമത്തിന് മറുപടിയായി, പാക്കിസ്ഥാൻ താലിബാനിൽനിന്ന് നടപടി ആവശ്യപ്പെട്ടു. വെടിനിർത്തലിന് താലിബാൻ മധ്യസ്ഥത വഹിച്ചെങ്കിലും അതു പരാജയപ്പെട്ടു. 

അടുത്തിടെ, പഞ്ചാബ് പ്രവിശ്യയിലെ മിയാൻവാലിയിൽ പാക്ക് വ്യോമസേനാ താവളത്തിൽ ആക്രമണം നടത്തിയ ടിടിപി മൂന്നു വിമാനങ്ങൾക്കു കേടുപാടുകൾ വരുത്തിയിരുന്നു. ഭൂരിഭാഗം ടിടിപി ആക്രമണങ്ങളും നടന്നത് ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ പ്രവിശ്യകളിലാണ്. ഇവ രണ്ടും അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്നു. ടിടിപിക്ക് അഫ്ഗാനിസ്ഥാനിൽ സുരക്ഷിത താവളങ്ങളുണ്ടെന്നും പാക്ക് സുരക്ഷാ സേനകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ആക്രമണം നടത്താൻ അഫ്ഗാന്റെ മണ്ണ് ഉപയോഗിക്കുന്നുവെന്നും പാക്കിസ്ഥാൻ ആരോപിക്കുന്നു. എന്നാൽ, അഫ്ഗാൻ അധികൃതർ ഈ ആരോപണങ്ങൾ നിഷേധിച്ചിരുന്നു.

താലിബാൻ ബദ്രി 313 സൈനിക യൂണിറ്റിലെ അംഗങ്ങൾ. (Photo by WAKIL KOHSAR / AFP)
താലിബാൻ ബദ്രി 313 സൈനിക യൂണിറ്റിലെ അംഗങ്ങൾ. (Photo by WAKIL KOHSAR / AFP)

2007 മുതൽ 2014 വരെ, പാക്കിസ്ഥാൻ താലിബാനും മറ്റു ഗ്രൂപ്പുകളും വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ഇതിനകം നിരവധി ആക്രമണങ്ങൾ നടത്തിയിരുന്നു; 2014 ലെ പെഷവാർ സ്കൂൾ കൂട്ടക്കൊല (ആറ് തോക്കുധാരികൾ 140 പേരെ കൊലപ്പെടുത്തിയ സംഭവം) ഉൾപ്പെടെ. അതിനു ശേഷമുള്ള വർഷങ്ങളിൽ, പ്രത്യേകിച്ച് കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ, ടിടിപിയുടെ പുതിയ നേതാവ് നൂർ വാലി മെഹ്‌സൂദ് പാക്കിസ്ഥാൻ താലിബാനെ പുനര്‍രൂപീകരിച്ചു. 

രണ്ട് വർഷം മുൻപ് അഫ്ഗാനിസ്ഥാനിൽ താലിബാൻ നേടിയ വിജയം ടിടിപിക്ക് ഊർജം നൽകി. അഫ്ഗാനിലെ താലിബാൻ സർക്കാരിനു സമാനമായ ഒരു ഭരണ സംവിധാനം പാക്കിസ്ഥാനിലും സ്ഥാപിക്കാനാണ് ടിടിപിയുടെ ശ്രമമെന്നാണ് റിപ്പോർട്ട്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ, പാക്കിസ്ഥാനിലുടനീളമുള്ള ഭീകരവാദ ആക്രമണങ്ങൾ 80 ശതമാനം വർധിച്ചിരുന്നു. ഇവയിൽ മിക്കതിനു പിന്നിലും ടിടിപി ആണെന്ന് സംശയിക്കുന്നു. വെടിനിർത്തൽ കരാർ അവസാനിപ്പിച്ചതിനു ശേഷം നൂറുകണക്കിന് ആക്രമണങ്ങളാണ് ടിടിപി നടത്തിയത്.

അഫ്ഗാൻ സർക്കാർ ടിടിപിയെ നിയന്ത്രിക്കുന്നില്ലെന്ന് കഴിഞ്ഞ മാസങ്ങളിലാണ് പാക്കിസ്ഥാൻ നേതൃത്വം പരസ്യമായി കുറ്റപ്പെടുത്താൻ തുടങ്ങിയത്. എന്നാല്‍, അതു നിഷേധിച്ച അഫ്ഗാൻ സർക്കാർ, ടിടിപിക്ക് അഭയമോ പരോക്ഷമായ പിന്തുണയോ നൽകുന്നില്ലെന്ന് വ്യക്തമാക്കുന്നു. 

ടിടിപിയുടെ ആക്രമണങ്ങൾ വർധിച്ചതിന്, അഫ്ഗാനിസ്ഥാനിൽനിന്ന് യുഎസിന്റെ പെട്ടെന്നുള്ള പിൻവാങ്ങലിനെയും പാക്കിസ്ഥാൻ ഭാഗികമായി കുറ്റപ്പെടുത്തുന്നുണ്ട്. അതിനുശേഷമാണ് ആയുധങ്ങളും മറ്റു ഉപകരണങ്ങളും പിടിച്ചെടുക്കാൻ ടിടിപിക്ക് കഴിയുന്നതെന്നാണ് വാദം. അതും താലിബാൻ തള്ളിക്കളഞ്ഞു.

അതേസമയം, ടിടിപിയുടെ ആക്രമണങ്ങളെ ചെറുക്കാൻ കഴിയാത്ത പാക്കിസ്ഥാൻ, അതിന് അഫ്ഗാനെ നിർബന്ധിതരാക്കാനാണ് അഭയാർഥികളെ പുറത്താക്കുന്നതെന്ന് നിരീക്ഷകർ പറയുന്നു.

English Summary:

Pakistan Deports Afghan Refugees, tense Afghanistan ties come in sharp focus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com