ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്നാരോപിച്ച് നൽകിയ ഹർജി ലോകായുക്ത തള്ളിയതിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഹർജിക്കാരനായ ആർ.എസ്.ശശികുമാർ. അനുകൂല വിധി ഉണ്ടായില്ലെങ്കിൽ സുപ്രീം കോടതിയെ സമീപിക്കുമെന്നും ശശികുമാർ പറഞ്ഞു.

വിധി തിരിച്ചടിയായി തോന്നുന്നില്ല; പ്രതീക്ഷിച്ചതാണ്. ജഡ്ജിമാർക്ക് പുതിയ ലാവണങ്ങളിലേക്ക് പോകണമെങ്കിൽ സർക്കാരിന് അനുകൂലമായി വിധി എഴുതണം. ലോകായുക്തയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. ലോകായുക്ത മുട്ടിലിഴയുകയാണ്. ഇങ്ങനെയൊരു സ്ഥാപനം വേണോയെന്ന് ചിന്തിക്കേണ്ട സമയമാണെന്നും ശശികുമാർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന് ആരോപിച്ച് മുഖ്യമന്ത്രിയെയും 18 മുൻ മന്ത്രിമാരെയും എതിർ കക്ഷികളാക്കി ഫയൽ ചെയ്ത ഹർജിയാണ് ലോകായുക്ത തള്ളിയത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റിസ് ഹാറൂൺ അൽ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി. ജോസഫ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണു വിധി പറഞ്ഞത്.

ദുരിതാശ്വാസനിധിയിൽനിന്നു പണം നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്ന് ലോകായുക്ത പറഞ്ഞു. മൂന്നു ലക്ഷത്തിനു മുകളിലാണെങ്കിൽ മന്ത്രിസഭയുടെ അംഗീകാരം മതി. ഈ കേസിൽ അതു പാലിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയോ മന്ത്രിസഭയിലെ അംഗങ്ങളോ വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ തീരുമാനം ആണെന്നതിനും അഴിമതിയും സ്വജനപക്ഷപാതവും നടത്തി എന്നതിനും തെളിവില്ലെന്ന് ലോകായുക്ത വിധിയിൽ പറഞ്ഞു. ഫണ്ട് വിനിയോഗിക്കുന്നതിലെ നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായതായി ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് നിരീക്ഷിച്ചു.

ഹർജി വിധി പറയുന്നതിൽ നിന്ന് രണ്ട് ഉപലോകായുക്തമാരും ഒഴിയണമെന്നാവശ്യപ്പെട്ട് ശശികുമാർ നൽകിയ ഇടക്കാല ഹർജിയും ഇന്നു തള്ളിയിരുന്നു. വാദം കേട്ട രണ്ട് ഉപലോകായുക്തമാർ, ദുരിതാശ്വാസനിധി പരാതിയിൽ ഉൾപ്പെട്ട ചെങ്ങന്നൂർ മുൻ എംഎൽഎ പരേതനായ കെ.കെ.രാമചന്ദ്രൻനായരുടെ ജീവചരിത്രം പ്രകാശനം ചെയ്തത് വിവാദമായ സാഹചര്യത്തിലാണ് വിധി പറയുന്നതിൽ നിന്ന് രണ്ട് ഉപലോകായുക്തമാരും ഒഴിയണമെന്നാവശ്യപ്പെട്ടത്. എന്നാൽ ഇതു ലോകായുക്ത തള്ളുകയായിരുന്നു.

English Summary:

RS Sasikumar Slams Kerala Lok Ayukta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com