വള്ളം മറിഞ്ഞത് ചക്കക്കൊമ്പനെയും 8 ആനകളെയും കണ്ട് ഭയന്നു തുഴയവേ; സജീവന്റെ അമ്മയെ കൊന്നതും കാട്ടാന
Mail This Article
തൊടുപുഴ∙ ഇടുക്കി ആനയിറങ്കൽ ജലാശയത്തിൽ വള്ളംമറിഞ്ഞു കാണാതായ രണ്ടു പേർക്കായി തിരച്ചിൽ തുടരുന്നു. ചിന്നക്കനാൽ 301 ആദിവാസി കോളനി സ്വദേശികളായ നിരപ്പേൽ ഗോപി (62), പാറക്കൽ സജീവൻ (38) എന്നിവരെയാണ് കാണാതായത്. മറുകരയിലെ ആനക്കൂട്ടത്തെ കണ്ടു ഭയന്നു തുഴയുമ്പോഴാണു വള്ളം മറിഞ്ഞതെന്നാണ് വിവരം. വള്ളം മറിഞ്ഞതിന്റെ മറുഭാഗത്തു ജലാശയത്തിൽ 8 ആനകളുടെ ഒരു കൂട്ടവും ചക്കക്കൊമ്പൻ എന്ന ഒറ്റയാനും നിൽക്കുന്നുണ്ടായിരുന്നു. വള്ളം മറിഞ്ഞു കാണാതായ സജീവന്റെ അമ്മ വർഷങ്ങൾക്കു മുൻപ് കാട്ടാനയുടെ ആക്രമണത്തിലാണ് മരിച്ചത്. 2008ലാണ്, സജീവന്റെ അമ്മ മോളി കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇന്നലെ രാവിലെ പൂപ്പാറ ടൗണിൽ പോയി സാധനങ്ങൾ വാങ്ങി ആനയിറങ്കലിലെത്തിയ ഗോപിയും സജീവനും ഉച്ചയ്ക്കു 12നു ജലാശയത്തിലൂടെ വള്ളത്തിൽ കോളനിയിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം. വെള്ളത്തിൽ വീണ ഗോപി ഉടൻ മുങ്ങിപ്പോയി. കരയിലേക്കു നീന്തിക്കയറാൻ ശ്രമിച്ച സജീവന്റെ നിലവിളി ഇയാളുടെ മരുമകൻ രഞ്ജിത് കേട്ടിരുന്നു. രഞ്ജിത് ഓടിയെത്തിയപ്പോഴേക്കും ഗോപിയും മുങ്ങിത്താഴ്ന്നു.
അഗ്നിരക്ഷാസേനയും സ്കൂബ ടീമും ഇന്നലെ മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. തിരച്ചിൽ ഇന്നു രാവിലെ പുനരാരംഭച്ചു. സജീവന്റെ ഭാര്യ അനി. മക്കൾ: സനു, സംഗീത, സമൃദ്ധ, സന. പരേതയായ ലക്ഷ്മിയാണു ഗോപിയുടെ ഭാര്യ. മക്കൾ: സുമ, മോഹനൻ. മരുമക്കൾ: രഞ്ജിത്, ലത.