ADVERTISEMENT

ആലുവ∙ ആലുവയില്‍ അതിഥിത്തൊഴിലാളിയുടെ അഞ്ചുവയസ്സുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ തൂക്കിലേറ്റാൻ വിധിക്കപ്പെട്ട പ്രതി ബിഹാര്‍ സ്വദേശി അസ്ഫാക് ആലം, മുൻപും ഇത്തരം കേസുകളിൽ അകപ്പെട്ടിരുന്നതായി ചൂണ്ടിക്കാട്ടി എഡിജിപി എം.ആർ. അജിത് കുമാർ. ഇത്തരം കേസുകളിലെ പ്രതികളെ പ്രത്യേകം ശ്രദ്ധിക്കാനും അവരുടെ യാത്രാവിവരങ്ങൾ ഉൾപ്പെടെ നിരീക്ഷിക്കാനും രാജ്യത്ത് പ്രത്യേക സംവിധാനം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ച കോടതിക്കു പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഈ കേസിന്റെ അന്വേഷണത്തിലും വിചാരണയിലും സഹകരിച്ച നാട്ടുകാർ ഉൾപ്പെടെയുള്ള എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.

‘‘കേരള സമൂഹത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചൊരു കൊലപാതകമാണ് ഈ കേസ്. നമ്മൾ സാധാരണ ഗതിയിൽ കാണാത്ത തരത്തിലുള്ള ഒരു കുറ്റകൃത്യമാണ് ഇവിടെ നടന്നിട്ടുള്ളത്. നമ്മുടെ സമൂഹത്തിൽ ഇത്തരം കേസുകൾ സാധാരണ ഉണ്ടാകാറില്ല. അതുകൊണ്ടുതന്നെ ഇത് അപൂർവങ്ങളിൽ അപൂർവമായ കേസ് തന്നെയാണ്. ഈ കേസിലെ കുറ്റവാളിയും ഇരയും ഇതര സംസ്ഥാനങ്ങളിൽനിന്ന് ഇവിടെ ജോലി ചെയ്യാനായി വന്നവരാണ്’’.

‘‘നമ്മുടെ കുഞ്ഞുങ്ങൾക്കെതിരെ ഇത്തരമൊരു കുറ്റകൃത്യം നടക്കാൻ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പാണ് ഈ കുറ്റം റിപ്പോർട്ട് ചെയ്തതു വഴി ആദ്യം ഉണ്ടായത്. ഈ കേസിൽ ആദ്യം മുതൽത്തന്നെ കേരള പൊലീസ് വളരെ ഭംഗിയായിട്ടാണ് അന്വേഷണം നടത്തിയത്. ഈ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട് ആറു മണിക്കൂറിനുള്ളിൽത്തന്നെ, പ്രതിയെ തിരിച്ചറിയുക ബുദ്ധിമുട്ടായിരുന്നിട്ടുകൂടി ഇൻസ്പെക്ടർ മഞ്ജുദാസും എസ്ഐ ശ്രീലാലും അവരുടെ സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു എന്നതാണ് പ്രധാനപ്പെട്ട കാര്യം.

‘‘അന്ന് അതിവേഗം അറസ്റ്റ് നടന്നില്ലായിരുന്നുവെങ്കിൽ പ്രതി രക്ഷപ്പെടാനും ഈ കേസ് ഒരുപക്ഷേ ഒരിക്കലും തെളിയിക്കാനാകാതെ പോവുകയും ചെയ്യുമായിരുന്നു. ഈ കേസിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം എത്രയും വേഗം പ്രതിയെ പിടികൂടാൻ കഴിഞ്ഞു എന്നുള്ളതു തന്നെയാണ്. ഈ കേസിന്റെ അന്വേഷണത്തിൽ ഏറ്റവും സഹായിച്ചത് കൃത്യം നടന്ന സ്ഥലത്തിന് അടുത്തുള്ള നാട്ടുകാരാണ്. ഇത്തരമൊരു കുറ്റകൃത്യം റിപ്പോർട്ട് ചെയ്യുകയും, സാധ്യമായ എല്ലാ സഹായങ്ങളും തെളിവുകളും നമുക്ക് തന്നത് അവരാണ്’’.

‘‘പിന്നീട് ഈ കേസ് മാധ്യമങ്ങൾ ഏറ്റെടുത്തു. മാധ്യമങ്ങളുടെ പിന്തുണ കൊണ്ടാണ് ഈ വിഷയം ഇത്രമാത്രം ചർച്ചയായത്. അതുകൊണ്ടാണ് പ്രോസിക്യൂഷൻ കൊണ്ടുവന്ന സാക്ഷികൾ വിചാരണയുമായി ഏറ്റവുമധികം സഹകരിക്കുകയും വിചാരണ വൻ വിജയമാക്കുകയും ചെയ്തത്. ഈ കേസിന്റെ അന്വേഷണത്തിൽ സഹായിച്ച നാട്ടുകാർക്കും മുൻസിപ്പാലിറ്റി അധികൃതർക്കും സാമൂഹിക പ്രവർത്തകർക്കും രാഷ്ട്രീയ നേതാക്കൾക്കും എംഎൽഎയ്ക്കും മന്ത്രി പി.രാജീവിനും നന്ദി അറിയിക്കുകയാണ്’’.

‘‘30 ദിവസത്തിനുള്ളിലാണ് ഈ കേസിൽ നമ്മൾ അന്വേഷണം പൂർത്തിയാക്കിയത്. വിവിധ ടീമുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. ടീമുകളായി തിരിഞ്ഞ് നടത്തിയ അന്വേഷണം ഇത്ര വേഗത്തിൽ ‍പൂർത്തിയാക്കുന്നത് ഇത് ആദ്യമായിട്ടായിരിക്കും. ബിഹാർ, ബംഗാൾ, ഡൽഹി, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ വരെ പോയി അവിടുത്തെ പൊലീസുകാരുടെ സഹായം കൂടി തേടിയാണ് അന്വേഷണം നടത്തിയത്. എല്ലാ തെളിവുകളും ശാസ്ത്രീയമായിത്തന്നെ ശേഖരിക്കാനായി. ഈ കേസിന്റെ ഭാഗമായി സഹായം നൽകിയ എല്ലാ വകുപ്പുകൾക്കും നന്ദി’’.

‘‘ഈ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾത്തന്നെ വലിയ ചർച്ചയായി. എത്രയും വേഗം വിചാരണ പൂർത്തിയാക്കി പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയായിരുന്നു കേരള സർക്കാരിന്റെ ദൗത്യം. അങ്ങനെയാണ് സമാനമായ ഒട്ടേറെ കേസുകൾ കൈകാര്യം ചെയ്തിട്ടുള്ള ജി. മോഹൻരാജിനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയോഗിക്കുന്നത്. അദ്ദേഹം ഒരു മാസത്തോളം ഇവിടെ ക്യാംപ് ചെയ്താണ് വാദം നടത്തിയത്. കേസ് അതിവേഗം വിചാരണ നടത്താൻ കോടതിയും പരമാവധി സഹകരിച്ചു. സുപ്രീം കോടതി തന്നെ ഇത്തരം കേസുകൾ വേഗത്തിൽ തീർക്കേണ്ടതിനെക്കുറിച്ച് അടുത്തിടെ നിരീക്ഷണം നടത്തിയിരുന്നു. അതിനുശേഷം ആദ്യമായിട്ടാണ് ഇത്ര വേഗത്തിൽ കുറ്റവിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കുന്നത്’’.

‘‘സംഭവം നടന്ന് 110–ാം ദിവസമാണ് ശിക്ഷ വിധിക്കുന്നത്. 30 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കി, അടുത്ത 60 ദിവസം കൊണ്ട് വിചാരണയും പൂർത്തിയാക്കി. 100–ാം ദിവസം വിധിയും 110–ാം ദിവസം ശിക്ഷയും വിധിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസാണെന്നു തെളിയിക്കാനായതാണ് പൊലീസിന്റെയും പ്രോസിക്യൂഷന്റെയും വിജയം. അതുകൊണ്ടാണ് പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കാനായത്. കേസുമായി സഹകരിച്ച എല്ലാ പൊലീസുകാർക്കും പരിഭാഷയ്ക്കു സഹായിച്ചവർക്കും പബ്ലിക് പ്ലോസിക്യൂട്ടറിനും നന്ദി’’.

‘‘ഈ കേസുമായി ബന്ധപ്പെട്ട് നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്. ഇയാളുടെ പൂർവ ചരിത്രം പരിശോധിച്ചപ്പോൾ, ഇതിനു മുൻപും ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയിട്ടുള്ളതായി കണ്ടെത്തിയിരുന്നു. ഡൽഹിയിലും ബിഹാറിലുമെല്ലാം കേസുകളുണ്ട്. ഇതു കാണിക്കുന്നത് ഇയാളുടെ ഒരു അടിസ്ഥാന സ്വഭാവമാണ്. ഇയാൾ ഒരു പെഡോഫൈൽ പോലുള്ള ആളായിട്ടാണ് നമ്മൾ മനസ്സിലാക്കുന്നത്. ഇത്തരത്തിലുള്ള വ്യക്തികളെ കേസിൽ അകപ്പെടുമ്പോൾത്തന്നെ ശ്രദ്ധിക്കാനും അവരുടെ യാത്രാവിവരങ്ങൾ സാധ്യമായ രീതിയിൽ നിരീക്ഷിക്കാനുമുള്ള സംവിധാനം നമ്മുടെ രാജ്യത്ത് അത്യാവശ്യമാണ്.’’ – അജിത്കുമാർ പറഞ്ഞു.

English Summary:

ADGP MR Ajithkumar on Aluva child murder case verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com