ADVERTISEMENT

ന്യൂഡൽഹി∙ ജയ്‌ഷെ മുഹമ്മദ് (ജെഇഎം) തലവൻ മൗലാന മസൂദ് അസ്ഹറിന്റെ അടുത്ത സഹായി മൗലാന റഹീം ഉല്ലാ താരിഖിനെ അജ്ഞാതർ വെടിവച്ചു കൊന്നു. ഞായറാഴ്ച കറാച്ചിയിലെ ഓറഞ്ച് ടൗണിൽ വച്ചാണ് താരിഖിനു വെടിയേറ്റത്. ഭീകരാക്രമണമാണ് നടന്നതെന്നു കറാച്ചി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. 

താരിഖിന്റെ കൊലപാതകത്തിൽ പ്രാദേശിക ഭീകരരുടെ പങ്കും ജയ്‌ഷെ ‌മുഹമ്മദ് കേഡർമാർക്കിടയിലുള്ള ഉൾപോരു സംബന്ധിച്ചും അന്വേഷിക്കുകയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. വിശാലമായ ചേരിപ്രദേശമായ ഓറഞ്ച് ടൗണിന്റെ ഭൂപ്രകൃതിയെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. താരിഖിനു നേരേ അക്രമികൾ ഒന്നിലധികം തവണ നിറയൊഴിച്ചു. സംഭവസ്ഥലത്ത് തന്നെ ഇയാൾ മരിക്കുകയും ചെയ്തു. ഇന്ത്യയ്ക്കും കശ്മീരിനുമെതിരായ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യാൻ താരിഖ് പോകുകയായിരുന്നെന്നാണ് വിവരം.

ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച ഭീകരരിൽ കഴിഞ്ഞ ഒരു മാസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്ത ആളാണ് താരിഖ്. ലഷ്‌കറെ തയിബയുടെയും ഖലിസ്ഥാൻ കമാൻഡോ ഫോഴ്‌സിന്റെയും പ്രധാന അംഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു മുൻ കൊലപാതകങ്ങൾ. പാക്കിസ്ഥാനിലെ ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിൽ വച്ച് ലഷ്‌കറെ തയിബ കമാൻഡർ അക്രം ഗാസിയെ അജ്ഞാതർ വെടിവച്ച് കൊന്നിരുന്നു. പത്താൻകോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ഇന്ത്യയുടെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരരിൽ ഒരാളുമായ ഷാഹിദ് ലത്തീഫും കഴിഞ്ഞമാസം കൊല്ലപ്പെട്ടിരുന്നു. പാക്കിസ്ഥാനിലെ സിയാൽകോട്ടിൽ അജ്ഞാതരുടെ വെടിയേറ്റാണ് ഷാഹിദ് മരിച്ചത്. 41 കാരനായ ഷാഹിദ് ലത്തീഫ് നിരോധിത ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് (ജെഇഎം) അംഗവും 2016 ജനുവരി രണ്ടിന് ആരംഭിച്ച പത്താൻകോട്ട് ആക്രമണത്തിന്റെ പ്രധാന സൂത്രധാരനുമാണ്. സിയാൽകോട്ടിൽ നിന്ന് ആക്രമണം ഏകോപിപ്പിച്ചതും ആക്രമണം നടപ്പാക്കാൻ നാലു ജെയ്‌ഷെ ഭീകരരെ പത്താൻകോട്ടിലേക്ക് അയച്ചതും ഇയാളായിരുന്നു.

അക്രം ഗാസിയുടെയും താരിഖിന്റെയും കൊലപാതകങ്ങൾ കൃത്യമായ ആസൂത്രണത്തോടെയായിരുന്നെന്ന് പൊലീസ് പറയുന്നു. 2018-2020 കാലയളവിൽ ലഷ്‌കറിലേക്ക് ഏറ്റവും കൂടുതൽ റിക്രൂട്ടമെന്റ് നടത്തിയവരിൽ ഒരാളായിരുന്നു ഗാസി. കഴിഞ്ഞ രണ്ട് വർഷത്തിനിടെ കശ്മീർ താഴ്‌വരയിൽ ഒന്നിലധികം ബാച്ചുകളായി നുഴഞ്ഞുകയറിയ നിരവധി ഭീകരരെ പരിശീലിപ്പിച്ചതും ഇയാളായിരുന്നു. ജെഇഎം തലവനായ മസൂദ് അസ്ഹറിന്റെ അടുത്ത സഹായിയായി അറിയപ്പെട്ടിരുന്ന ആളാണ് മൗലാന റഹീം ഉല്ലാ താരിഖ്.

English Summary:

Jaish-e-Muhammed chief's close aide shot dead in Pakistan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com