ADVERTISEMENT

ടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിക്കപ്പെടുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് രാജസ്ഥാൻ പൂർണ സജ്ജമായിക്കഴിഞ്ഞു. നാമനിർദേശപത്രിക സമർപ്പണവും സൂക്ഷ്മ പരിശോധനയും അവസാനിച്ചതോടെ അടുത്ത ഘട്ട പ്രചാരണത്തിലാണ് മുന്നണികൾ. കർണാടകയിലെ തിരഞ്ഞെടുപ്പിൽ പയറ്റിയ തന്ത്രങ്ങൾ രാജസ്ഥാനിൽ പരീക്ഷിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഭരണം തിരിച്ചുപിടിക്കാനും ഒപ്പം അടുത്ത വർഷം സംസ്ഥാനത്തെ 25 ലോക്സഭാ മണ്ഡലങ്ങൾ ഉറപ്പാക്കാനും ബിജെപി ലക്ഷ്യമിടുന്നു.

1993 മുതൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഓരോ അഞ്ചു വർഷവും ബിജെപിയും കോൺഗ്രസും മാറിമാറി ഭരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. ഇത്തവണയും ഭരണമാറ്റം ഉണ്ടാകുമെന്നു തന്നെയാണ് അഭിപ്രായ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ മത്സരത്തിനു കടുപ്പം ഒട്ടും കുറയാൻ സാധ്യതയില്ലെന്ന വിലയിരുത്തലുമുണ്ട്. അതിനാൽത്തന്നെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയതും തിരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പുറത്തിറക്കിയതും അതീവ ശ്രദ്ധയോടെയാണ്. പത്രിക സമർപ്പിക്കാനുള്ള അവസാന മണിക്കൂറുകളിലാണ് പലയിടത്തും സ്ഥാനാർഥി പ്രഖ്യാപനമുണ്ടായത്.

മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റുമാണ് സംസ്ഥാനത്ത് കോൺ​ഗ്രസിന്റെ മുഖം. തിരഞ്ഞെടുപ്പു പ്രചാരണങ്ങൾക്ക് നേതൃത്വം നൽകാനെത്തിയ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സജീവമാണ്. ഗെലോട്ടും സച്ചിനും തമ്മിലുള്ള വാക്പോരുകൾ രാജസ്ഥാനിലെ രാഷ്ട്രീയാന്തരീക്ഷത്തെ കലുഷിതമാക്കിയ നിരവധി സാഹചര്യങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുണ്ടായി. സംസ്ഥാനത്തെ കോൺ​ഗ്രസ് പ്രവർത്തകർക്കിടയിലും ഈ ഭിന്നത രൂക്ഷമായതോടെ പലപ്പോഴും കേന്ദ്രനേതൃത്വത്തിന് ഇടപെടേണ്ടിവന്നു. തർക്കം രൂക്ഷമായ ഒരുഘട്ടത്തിൽ സച്ചിൻ ബിജെപിക്കൊപ്പം ചേർന്നേക്കുമെന്ന അഭ്യൂഹവും പ്രചരിച്ചു. എന്നാൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളുടെ ഫലപ്രദമായ ഇടപെടലിലൂടെ പ്രതിസന്ധികൾ അതിജീവിക്കാനായ കോൺഗ്രസിന് അഞ്ച് വർഷത്തെ ഭരണം പൂർത്തിയാക്കാനുമായി. ഇത്തവണ തിരഞ്ഞെടുപ്പു പ്രചാരണം ആരംഭിക്കുന്ന വേളയിൽ ഗെലോട്ടും സച്ചിനും ഒരുമിച്ച് വേദി പങ്കിട്ടത് പാർട്ടിക്ക് ആശ്വാസം പകരുന്ന ഘടകമാണ്. ഭരണം നിലനിർത്താൻ ക്ഷേമപദ്ധതികൾ വാരിക്കോരി നൽകിയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനിറങ്ങുന്നത്. മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ഉൾപാർട്ടി പോര് അവസാനിച്ചെന്നും പാർട്ടി ഒറ്റക്കെട്ടായാണു തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പാർട്ടി നേതൃത്വം അവകാശപ്പെടുമ്പോഴും ഉള്ളിൽ പുകയടങ്ങിയിട്ടില്ല. 

കഴിഞ്ഞ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിൽനിന്നു കരകയറുക മാത്രമല്ല രാജസ്ഥാനിൽ ബിജെപിയുടെ ലക്ഷ്യം. സംസ്ഥാനത്ത് പുതിയ നേതൃനിരയെ ഉയർത്തിക്കൊണ്ടുവരിക, അതുവഴി ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ശക്തമായ അടിത്തറ പാകുക എന്ന വ്യക്തമായ കാഴ്ചപ്പാടോടെയാണ് അവർ ഇത്തവണ തിരഞ്ഞെടുപ്പു ഗോദയിലിറങ്ങുന്നത്. ആദ്യഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിൽ പോലും ഇതിന്റെ വ്യക്തമായ സൂചനകളുണ്ട്. മുൻമുഖ്യമന്ത്രി വസുന്ധര രാജെയെപ്പോലും തഴഞ്ഞാണ് കേന്ദ്ര നേതൃത്വം ആദ്യ പട്ടിക പുറത്തിറക്കിയത്. ഏഴ് സിറ്റിങ് എംപിമാരെ പട്ടികയിൽ ഉൾപ്പെടുത്തിയതോടെ പാർട്ടിക്കുള്ളിൽ കലാപമാരംഭിച്ചു. ചിലർ സ്വതന്ത്രരായി മത്സരിക്കുമെന്നു വരെ അഭ്യൂഹമുയർന്നു. പ്രതിഷേധം പാർട്ടിയുടെ സംസ്ഥാന കാര്യാലയത്തിനു മുന്നിൽവരെ എത്തിയതോടെ വസുന്ധരയെ ഉൾപ്പെടെ പ്രമുഖ നേതാക്കളെ പിന്നീടുള്ള പട്ടികയിൽ ബിജെപി ഉൾപ്പെടുത്തി. മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതിനാൽ നേതാക്കൾക്കിടയിൽ ഇനിയും അസ്വാരസ്യം ഉയരാനുള്ള സാധ്യത അവശേഷിക്കുന്നുണ്ട്. ഭരണവിരുദ്ധ വികാരം ഗെലോട്ട് സർക്കാരിനെ വീഴ്ത്തുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടി വോട്ടു പിടിക്കുന്ന പതിവു ഫോർമുലയ്ക്കൊപ്പം, വസുന്ധര രാജെയടക്കമുള്ള സംസ്ഥാന നേതാക്കളെയും രംഗത്തിറക്കിയിട്ടുണ്ട്. 

സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും. File Photo: PTI
സച്ചിൻ പൈലറ്റും അശോക് ഗെലോട്ടും. File Photo: PTI

∙ ക്ഷേമത്തിലൂന്നി കോൺഗ്രസ് പ്രചാരണം

അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നേട്ടങ്ങൾ അവതരിപ്പിച്ചുകൊണ്ടാണ് കോൺഗ്രസിന്റെ പ്രചാരണം. ഒപ്പം തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രകടന പത്രികയിലെ ഏഴ് വാഗ്ദാനങ്ങളും അവരുടെ പ്രചാരണ ആയുധമാണ്. ‘‘ഞങ്ങൾ ഹൃദയത്തിൽ നിന്ന് കഠിനപ്രയത്നം ചെയ്തു, കോൺഗ്രസിന് വീണ്ടും വോട്ട് ചെയ്യൂ’’ എന്നതാണ് കോൺഗ്രസിന്റെ മുദ്രാവാക്യം. 2011ൽ കോൺഗ്രസിന് അവരുടെ സർക്കാരിനെയും സർക്കാർ ചെയ്ത പ്രവർത്തനങ്ങളെയും ആളുകളിലേക്കെത്തിക്കാൻ സാധിക്കാതിരുന്നത് മറികടന്നുകൊണ്ടാണ് ഇത്തവണ ഗെലോട്ട് ജനങ്ങൾക്ക് മുമ്പിലേക്ക് വരുന്നത്. സൗജന്യ മരുന്ന് നൽകിയതുൾപ്പെടെയുള്ള കാര്യങ്ങൾ പരസ്യങ്ങളിലൂടെ കൃത്യമായി ആളുകളിലേക്കെത്തിക്കാൻ ഗെലോട്ടിനു സാധിച്ചു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും സമർഥമായി പരസ്യങ്ങളിലൂടെ തന്റെ സർക്കാരിനെ കൃത്യമായി ആളുകളിലേക്കെത്തിച്ച മുഖ്യമന്ത്രി അശോക് ഗെലോട്ടായിരിക്കും. ഇന്ത്യയിലെ എല്ലാ പ്രാദേശിക ഭാഷാ പത്രങ്ങളിലും രാജസ്ഥാൻ സർക്കാരിന്റെ പരസ്യങ്ങൾ വന്നിരുന്നു. 2010-11 കാലഘട്ടത്തിൽ ഗുജറാത്തിലെ മോദി സർക്കാരിന്റെ പരസ്യങ്ങൾ വന്നതിനു സമാനമായിരുന്നു ഇത്. എന്നാൽ ബിജെപിക്ക് ഗുണം ചെയ്തതുപോലെ അത് കോൺഗ്രസിന് ഗുണം ചെയ്യുമോ എന്നത് കണ്ടറിയണം. അശോക് ഗെലോട്ട് സാദര്‍പുരയില്‍ നിന്നും സച്ചിന്‍ പൈലറ്റ് ടോങ്കില്‍ നിന്നും ജനവിധി തേടും. മുതിര്‍ന്ന നേതാവ് സിപി ജോഷി നത്‌വാരയില്‍ നിന്നാണ് മത്സരിക്കുന്നത്. ദിവ്യ മദേര്‍ന ഓസിയായിലും പിസിസി അധ്യക്ഷൻ ഗോവിന്ദ് സിങ്ങ് ദൊതാസാര ലച്ച്മൻഘട്ടിൽനിന്നും കൃഷ്ണ പൂനിയ സാദുൽപുരിൽനിന്നും മത്സരിക്കും.

തിരഞ്ഞെടുപ്പു പ്രകടനപത്രികയിൽ കോൺഗ്രസ് പറഞ്ഞ ഏഴ് വാഗ്ദാനങ്ങൾ: കുടുംബത്തിലെ ഗൃഹനാഥയ്ക്ക് പ്രതിവർഷം 10,000 രൂപ, സർക്കാർ കോളജുകളിലെ ആദ്യവർഷ വിദ്യാർഥികൾക്ക് സൗജന്യ ലാപ്ടോപ് അല്ലെങ്കിൽ ടാബ്‌, പ്രകൃതിദുരന്തങ്ങളിൽനിന്നു സാമ്പത്തിക പരിരക്ഷയ്ക്ക് 15 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ്, വിദ്യാർഥികൾക്ക് ഇംഗ്ലിഷ് മീഡിയം പഠനം, 1.04 കോടി കുടുംബങ്ങൾക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ, സർക്കാർ ഉദ്യോഗസ്ഥർക്കായി പഴയ പെൻഷൻ സ്കീം പുനഃസ്ഥാപിക്കൽ, കിലോയ്ക്ക് 2 രൂപ നിരക്കിൽ കർഷകരിൽനിന്ന് ചാണകം വാങ്ങൽ എന്നിവയാണ് ഏഴ് ഗാരന്റികൾ.

വസുന്ധര രാജെ സിന്ധ്യ. ചിത്രം. രാഹുൽ ആർ.പട്ടം∙ മനോരമ
വസുന്ധര രാജെ സിന്ധ്യ. ചിത്രം. രാഹുൽ ആർ.പട്ടം∙ മനോരമ

∙ വസുന്ധരയെ അനുനയിപ്പിച്ച് ബിജെപി, ഒപ്പം ജാതി സമവാക്യവും

മുതിർന്ന നേതാവ് വസുന്ധര രാജെയെ പിണക്കാതെയാണ് ബിജെപി മുന്നോട്ടു പോകുന്നത്. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ പുറത്തുവിട്ട ആദ്യ പട്ടികയിൽ ബിജെപി വസുന്ധരയെ ഉൾപ്പെടുത്തിയിരുന്നില്ല. രണ്ടാം പട്ടികയിൽ, സ്വന്തം സീറ്റായ ജലാറപഠാനിൽനിന്ന് വസുന്ധരയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ബിജെപി ആ പട്ടികയിലും അടുത്ത പട്ടികയിലും വസുന്ധര പക്ഷക്കാർക്കു കൂടുതൽ സീറ്റുകൾ നൽകി. ആദ്യ പട്ടികയിൽ വസുന്ധരയുടെ വിശ്വസ്തനും മുൻ ഉപരാഷ്ട്രപതി ഭൈറോൺ സിങ് ഷെഖാവത്തിന്റെ മരുമകനുമായ നർപട് രാജ്‌വിയെ ഒഴിവാക്കി സിറ്റിങ് എംപി ദിയാകുമാരിക്കു സീറ്റ് നൽകിയിരുന്നു. കടുത്ത പ്രതിഷേധം പ്രകടിപ്പിച്ച രാജ്‌വി വസുന്ധരയെ കാണുകയും നിരാശ അറിയിക്കുകയും ചെയ്തു. പാർട്ടി നടപടിയിൽ രജപുത്ര സമുദായത്തിനും അമർഷമുണ്ടെന്നു വസുന്ധര ബോധ്യപ്പെടുത്തി. തുടർന്ന് അടുത്ത പട്ടികയിൽ ചിത്തോർഗഡിൽ രാജ്‌വിക്കു സീറ്റു നൽകി. 

എംപി രാജ്യവർധൻ സിങ് റാത്തോഡ് മത്സരിക്കുന്ന ജോട്‌വാരയിൽ 4 തവണ എംഎൽഎ ആയിരുന്ന രാജ്പാൽ ഷെഖാവത്തിന് പാർട്ടി ഇത്തവണ അവസരം നല്‍കിയില്ല. നാഗർ മണ്ഡലത്തിൽനിന്നു മാറ്റപ്പെട്ട അനിത സിങ്, 2018 ൽ മറ്റൊരു മണ്ഡലത്തിൽ തോറ്റ മുൻ മന്ത്രി ജവാഹർ സിങ് ബേധാമിനു സീറ്റ് കൊടുത്തതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചു. തിജാര മണ്ഡലത്തിൽ സീറ്റ് നിഷേധിക്കപ്പെട്ട മുൻ എംഎൽഎ മാമൻസിങ് യാദവ്, എംപി ബാബാ ബാലക്നാഥിനെതിരെ പ്രതിഷേധവുമായി വന്നു. സാഞ്ചോറിൽ ദേവ്ജി പട്ടേൽ എംപിക്കെതിരെയും എതിർപ്പുയർന്നിരുന്നു. രണ്ടാംപട്ടികയിലെ 83 സ്ഥാനാർഥികളിൽ 27 പേർ വസുന്ധര പക്ഷക്കാരാണ്. വസുന്ധരയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പ്രചാരണത്തിൽ അവർ മുഖ്യമന്ത്രിയാകുമെന്ന മട്ടിലാണ് അവതരിപ്പിക്കുന്നത്. എന്നാൽ ജയിക്കാനായാൽ ബാബാ ബാലക്നാഥിനേയോ പ്രതിപക്ഷ നേതാവ് രാജേന്ദ്ര റാത്തോഡിനേയോ മുഖ്യമന്ത്രി പദവിയിലേക്ക് പാർട്ടി പരിഗണിച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്രമോദി. (Photo by PIB / AFP)
പ്രധാനമന്ത്രി നരേന്ദ്രമോദി. (Photo by PIB / AFP)

ആദ്യ സ്ഥാനാർഥിപ്പട്ടികയ്ക്കു പിന്നാലെ ജയ്പുർ മേഖലയിലെ രജപുത്രർക്കിടയിൽ പൊട്ടിപ്പുറപ്പെട്ട അതൃപ്തി ശമിപ്പിക്കാൻ മേവാർ രാജകുടുംബത്തിലെ ഇളമുറക്കാരനെ ബിജെപി പാർട്ടിയിലെത്തിച്ചു. മഹാറാണാ പ്രതാപിന്റെ പിന്മുറക്കാരനായ വിശ്വരാജ് സിങ് മേവാറും കർണി സേന നേതാവായിരുന്ന ലോകേന്ദ്ര സിങ് കൽവിയുടെ മകൻ ഭവാനി കൽവിയും ബിജെപിയിൽ ചേർന്നു. വിശ്വരാജിന്റെ പിതാവ് മഹേന്ദ്രസിങ് 1989 ൽ ചിത്തോർഗഡിൽ നിന്നുള്ള ബിജെപി എംപിയായിരുന്നു. രജപുത്ര വിഭാഗത്തിലെ 2 പ്രമുഖർ പാർട്ടിയിലെത്തിയതു ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. കിഷൻഗഡിൽ എംപി ഭാഗീരഥ് ചൗധരിയെയാണ് ബിജെപി നിർത്തിയിരിക്കുന്നത്. രാജേന്ദ്ര റാത്തോഡ് താരാനഗറില്‍ നിന്നും സതീഷ് പുനിയ ആംബര്‍ മണ്ഡലത്തില്‍ നിന്നുമാണ് ജനവിധി തേടുന്നത്. എതിർപ്പുകൾ ഉയർന്നെങ്കിലും പത്രിക സമർപ്പണത്തിന്റെ അവസാന ദിനമായ നവംബർ 6ന് പുറത്തുവിട്ട ലിസ്റ്റിലെ 18 പേരുൾപ്പെടെ 200 മണ്ഡലത്തിലും ബിജെപി സ്ഥാനാർഥി നിർണയം പൂർത്തിയാക്കി. 

പതിവുപോലെ കേന്ദ്രത്തിന്റെ വികസന നേട്ടവും നരേന്ദ്ര മോദിയും തന്നെയാണ് ബിജെപിയുടെ പ്രധാന പ്രചാരണ വിഷയങ്ങൾ. ഒപ്പം, സംസ്ഥാനത്ത് നടക്കുന്നത് വ്യാപക അഴിമതിയാണെന്നും കോൺഗ്രസ് നേതാക്കളെ ഇ.ഡി പിന്തുടരുന്നത് അതിന്റെ ഭാഗമാണെന്നുമുള്ള ആരോപണങ്ങൾ ബിജെപി ശക്തമായി ഉന്നയിക്കുന്നുണ്ട്. കേന്ദ്രപദ്ധതികൾ സംസ്ഥാനത്ത് കൂടുതൽ ഫലപ്രദമായി നടപ്പാക്കാൻ ഭരണമാറ്റം വേണമെന്നും ബിജെപി പറയുന്നു. വസുന്ധര മുന്നിൽനിന്ന് നയിക്കുന്ന പ്രചാരണ ജാഥയിലും സമ്മേളനങ്ങളിലും കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യം എപ്പോഴുമുണ്ട്. മോദി നൽകിയ ഉറപ്പുകൾ സംസ്ഥാനത്ത് നടപ്പാക്കുമെന്ന് ബിജെപി പറയുന്നു. അടുത്ത അഞ്ച് വര്‍ഷത്തേക്ക് സൗജന്യ റേഷൻ നൽകുന്നതുൾപ്പടെയുള്ള വാഗ്ദാനങ്ങളാണ് അവർ മുന്നോട്ടുവയ്ക്കുന്നത്.

അശോക് ഗെലോട്ട്. ചിത്രം: രാഹുൽ ആർ.പട്ടം∙ മനോരമ
അശോക് ഗെലോട്ട്. ചിത്രം: രാഹുൽ ആർ.പട്ടം∙ മനോരമ

∙ അഭിപ്രായ സർവേകൾ ബിജെപിക്കൊപ്പം

രാജസ്ഥാന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രമുഖ മാധ്യമങ്ങളും തിരഞ്ഞെടുപ്പു സർവേ ഏജന്‍സികളും ചേർന്ന് നടത്തിയ അഭിപ്രായ സർവേകളിൽ പൊതുവെ ബിജെപിക്ക് അനുകൂലമായ ഫലമാണ് പുറത്തുവന്നത്. അഞ്ചു വർഷം കൂടുമ്പോൾ ഭരണമാറ്റം നടക്കുന്ന സംസ്ഥാനത്ത് ഇക്കുറിയും പതിവ് തെറ്റില്ലെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. എന്നാല്‍ ചില മണ്ഡലങ്ങളിൽ നടക്കുന്ന ഇഞ്ചോടിഞ്ച് പോരാട്ടവും ചെറു പാർട്ടികളുടെ സ്വാധീനവും ഇതിൽ എത്രത്തോളം മാറ്റം കൊണ്ടുവരുമെന്നത് കാത്തിരുന്നുതന്നെ കാണണം. കോൺഗ്രസിനും ബിജെപിക്കും പുറമെ ഹാനുമാൻ ബെനിവാളിന്റെ രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി, ബിഎസ്പി, എഎപി, സിപിഎം തുടങ്ങിയവയ്ക്ക് ചില മണ്ഡലങ്ങളിൽ മുന്നേറ്റം നടത്താനായേക്കും. 

എൻഡിടിവി – സിഎസ്ഡിഎസ് ലോക്നിതി സർവേയിൽ, ബിജെപി അധികാരത്തിലേറുമെന്ന് പറയുന്നു. സർവേയിൽ പങ്കെടുത്ത 55 ശതമാനം പേരും കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിൽ തൃപ്തരാണെന്ന് പ്രതികരിച്ചു. അഴിമതി നിയന്ത്രണത്തിലുൾപ്പെടെ സംസ്ഥാന സർക്കാരിനേക്കാൾ മികച്ചത് കേന്ദ്രമാണെന്ന പ്രതികരണമാണുണ്ടായത്. എബിപി–സീവോട്ടർ സർവേയും ബിജെപിക്ക് അനുകൂലമായി വിധിയെഴുത്തുണ്ടാകുമെന്നാണ് കണ്ടെത്തിയത്. 44.8 ശതമാനം വോട്ട് ഷെയറോടെ 114 മുതൽ 124 സീറ്റു വരെ ബിജെപി സ്വന്തമാക്കുമെന്ന് എബിപി–സീവോട്ടർ സർവേ ഫലം വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് 67–77 സീറ്റിലേക്ക് ഒതുങ്ങും. എന്നാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പേർ നിർദേശിക്കുന്നത് അശോക് ഗെലോട്ടിനെയാണ്. രണ്ടാമതുള്ളത് വസുന്ധര രാജെയും. ഈ ട്രെൻഡ് സംസ്ഥാനത്ത് കടുത്ത പോരാട്ടത്തിനുള്ള സാധ്യത ചൂണ്ടിക്കാണിക്കുന്നതായും സർവേ പറയുന്നു.

മധ്യപ്രദേശിലെ സത്‌നയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പൊതുറാലിയെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി സംസാരിക്കുന്നു (ചിത്രം:X/@INCIndia)
മധ്യപ്രദേശിലെ സത്‌നയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പൊതുറാലിയെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി സംസാരിക്കുന്നു (ചിത്രം:X/@INCIndia)

മനോരമ ന്യൂസ് വിഎംആറുമായി ചേർ‌ന്നു നടത്തിയ പ്രീപോൾ സർ‌വേയിലും കോൺഗ്രസ് സർക്കാരിനെ വീഴ്ത്തി ബിജെപി ഭരണം പിടിക്കുമെന്ന് പറയുന്നു. 200 അംഗ നിയമസഭയിൽ 110 മുതൽ 118 വരെ സീറ്റുകൾ ബിജെപി നേടുമെന്നാണ് സർവേ പറയുന്നത്. ഭരണകക്ഷിയായ കോൺഗ്രസ് 67 മുതൽ 75 വരെ സീറ്റുകളിലേക്ക് ഒതുങ്ങും. 2018 ൽ 100 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. ബിജെപിക്ക് 73 സീറ്റ് മാത്രമായിരുന്നു അന്ന് നേടാനായത്. ഇത്തവണ മറ്റുള്ളവർ 10 മുതൽ 21 വരെ സീറ്റു നേടുമെന്നും സർ‌വേ പറയുന്നു. 2018 ൽ 27 സീറ്റാണ് മറ്റുള്ളവർ നേടിയത്.

തിരഞ്ഞെടുപ്പിന് ഇനി രണ്ടാഴ്ച തികച്ചില്ല. പ്രചാരണം ഇനിയും കൊഴുക്കും. ആരോപണ പ്രത്യാരോപണങ്ങൾ ഉയരും. കോൺഗ്രസ് തുടർഭരണത്തിനും ബിജെപി ഭരണ മാറ്റത്തിനും വേണ്ടിയുള്ള തന്ത്രങ്ങൾ മെനയും. സംസ്ഥാനത്തെ 5.25 കോടി വോട്ടർമാര്‍ നവംബർ 25ന് വിധിയെഴുതും. വോട്ടു ചെയ്യാൻ 2.73 കോടി പുരുഷന്മാരും 2.52 കോടി സ്ത്രീകളുമാണുള്ളത്. ഇതിൽ 22.04 ലക്ഷം പേർ പുതിയ വോട്ടർമാരാണ്. 11 ലക്ഷത്തിലേറെ വോട്ടർമാർ 80 വയസ്സിനു മുകളിൽ പ്രായമുള്ളവരാണ്. തിരഞ്ഞെടുപ്പിന്റെ ഫലം മറ്റ് നാല് സംസ്ഥാനങ്ങൾക്കൊപ്പം ഡിസംബർ മൂന്നിന് പ്രഖ്യാപിക്കും. 

English Summary:

Political analysis of Rajasthan assembly election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com