ADVERTISEMENT

വാഷിങ്ടൻ ∙ യുഎസിന്റെ ആതിഥേയത്വത്തിൽ സാൻഫ്രാൻസിസ്കോയിൽ നടക്കുന്ന അപെക് (ഏഷ്യ–പസിഫിക് ഇക്കണോമിക് കോ–ഓപറേഷൻ) കോൺഫറൻസിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങുമായി നിർണായക കൂടിക്കാഴ്ച നടക്കും. ബുധനാഴ്ചയാണു യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഷി ചിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുള്ളത്. ‘വ്യാപാരയുദ്ധ’ത്തിന്റെ പശ്ചാത്തലത്തിൽ ഇരുനേതാക്കളുടെയും കൂടിക്കാഴ്ച നിർണായകമാണെന്നാണു റിപ്പോർട്ട്.

ലോകത്തെ ഏറ്റവും വലിയ രണ്ടു സാമ്പത്തിക ശക്തികളുടെ തലവന്മാരുടെ സമാഗമത്തെ മറ്റു രാജ്യങ്ങൾ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. നവംബർ 11ന് തുടങ്ങിയ അപെക് യോഗം 17ന് സമാപിക്കും. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ഇന്തൊനീഷ്യ പ്രസിഡന്റ് ജോകോ വിദോദോ തുടങ്ങിയവരും കോൺഫറൻസിൽ പങ്കെടുക്കും. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തനിക്കുപകരം ഉപപ്രധാനമന്ത്രിയെയാണ് അയച്ചത്. അപെകിൽ ഇന്ത്യ അംഗമല്ലെങ്കിലും കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പങ്കെടുക്കുന്നുണ്ട്.

അപെക് യോഗത്തിന്റെ ഭാഗമായി ഷി ചിൻപിങ്ങുമൊത്ത് അത്താഴവിരുന്നിന് അവസരം ലഭിക്കുമെന്ന സന്തോഷത്തിലാണു യുഎസിലെ വ്യവസായ പ്രമുഖർ. ചൈനയിൽ യുഎസ് കമ്പനികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ നേരിട്ടു ഷിയെ ബോധ്യപ്പെടുത്താനും പരിഹാരമുണ്ടാക്കാനും സാധിക്കുമെന്നാണു വ്യവസായികളുടെ പ്രതീക്ഷ. പതിനായിരക്കണക്കിനു ഡോളർ ഫീസാണ് അത്താഴവിരുന്നിൽ പങ്കെടുക്കാൻ ചില യുഎസ് കമ്പനികൾ ഈടാക്കുന്നതെന്നു റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു.

പസിഫിക് സമുദ്രത്തിനു ചുറ്റുമുള്ള രാജ്യങ്ങൾക്കിടയിൽ വ്യാപാരം, നിക്ഷേപം, സാമ്പത്തിക വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫോറമാണ് അപെക്. ഈ വർഷമാദ്യം യുഎസിൽ ചൈനീസ് ചാര ബലൂണുകൾ വെടിവച്ചിട്ടതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. വിദേശ നിക്ഷേപത്തിൽ ചൈനയിൽ കുറവുണ്ടായതു കണക്കിലെടുത്ത്, യുഎസ് കമ്പനികൾക്കായി ചൈന ഇപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നു ഷി പ്രസംഗിക്കുമെന്നാണു നിഗമനം. ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടിയിൽനിന്ന് ഷി ചിൻപിങ് വിട്ടുനിന്നിരുന്നു. ഷിയുടെ നിലപാടിൽ‌ നിരാശയുണ്ടെന്നായിരുന്നു അന്നു ബൈഡന്റെ പ്രതികരണം.

English Summary:

US Firms To Pay Tens Of Thousands Of Dollars For Dinner With Xi: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com