ദീപാവലിക്ക് വൈദ്യുതി മോഷ്ടിച്ചതിന് കുമാരസ്വാമിക്കെതിരെ കേസ്; തെറ്റു സമ്മതിച്ചതിന് അഭിനന്ദിച്ച് ഡികെ
Mail This Article
ബെംഗളൂരു ∙ ദീപാവലി ദിവസം വീട് അലങ്കരിക്കാൻ പോസ്റ്റിൽ നിന്ന് വൈദ്യുതി മോഷ്ടിച്ചെന്ന പരാതിയിൽ മുൻ മുഖ്യമന്ത്രിയും ജനതാദൾ (എസ് ) നിയമസഭാ കക്ഷി നേതാവുമായി കുമാരസ്വാമിക്കെതിരെ വൈദ്യുതി വിതരണ കമ്പനി (ബെസ്കോം) വിജിലൻസ് വിഭാഗം കേസെടുത്തു. കുമാരസ്വാമിയുടെ ജെപി നഗറിലെ വസതിയിലെ വൈദ്യുതാലങ്കാരത്തിന്റെ വിഡിയോ ഉൾപ്പെടെ കോൺഗ്രസ് പ്രവർത്തകരാണ് പരാതി നൽകിയത്.
ദൾ സംസ്ഥാന അധ്യക്ഷൻ കൂടിയായ കുമാരസ്വാമി സാമ്പത്തിക പ്രശ്നം അനുഭവിക്കുന്നുണ്ടെങ്കിൽ സൗജന്യമായി 200 യൂണിറ്റ് വൈദ്യുതി നൽകുന്ന സർക്കാരിന്റെ ഗൃഹജ്യോതി പദ്ധതിക്കായി അപേക്ഷിക്കാമായിരുന്നെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു.
വീട് അലങ്കരിക്കാൻ ഒരു സ്വകാര്യ വ്യക്തിയെയാണ് ഏൽപിച്ചിരുന്നതെന്നും ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടയുടൻ പോസ്റ്റിൽ നിന്നുള്ള കണക്ഷൻ വിഛേദിച്ചതായും കുമാരസ്വാമി വിശദീകരിച്ചു. ഏതന്വേഷണത്തിനും തയാറാണെന്നും ഒരു ചെറിയ പ്രശ്നത്തെ കോൺഗ്രസ് ഊതിവീർപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം തെറ്റു തുറന്നു സമ്മതിക്കാൻ തയാറായ കുമാരസ്വാമിയെ ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡി.കെ.ശിവകുമാർ അഭിനന്ദിച്ചു. സർക്കാർ ഈ അന്വേഷണത്തിൽ ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ വൈദ്യുതി മോഷ്ടാവ് എന്നെഴുതിയ ചില പോസ്റ്ററുകളും കുമാരസ്വാമിയുടെ വീടിനു മുന്നിൽ പ്രത്യക്ഷപ്പെട്ടു.