ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ–3 ദൗത്യത്തെ ബഹിരാകാശത്തേക്കു വഹിച്ച എൽവിഎം3 എം4 എന്ന അത്യാധുനിക റോക്കറ്റിന്റെ ഭാഗം ഭൂമിയില്‍ പതിച്ചതായി ഐഎസ്ആർഒ. ജൂലായ് 14ന് ചന്ദ്രയാന്‍–3 പേടകത്തെ ഭ്രമണപഥത്തിലെത്തിച്ച ശേഷം വേര്‍പെട്ട ഭാഗമാണു മാസങ്ങൾക്കുശേഷം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് 2.42ന് റോക്കറ്റ് ഭാഗം അനിയന്ത്രിതമായി ഭൂമിയിലേക്കു തിരിച്ചെത്തി. ഇന്ത്യയ്ക്കു മുകളിലൂടെ ഇതു കടന്നു പോയിട്ടില്ലെന്നും വടക്കന്‍ പസിഫിക് സമുദ്രത്തിൽ പതിച്ചെന്നാണു കണക്കാക്കുന്നതെന്നും ഐഎസ്ആർഒ പ്രസ്താവനയിൽ വ്യക്തമാക്കി. വിക്ഷേപണം കഴിഞ്ഞ് 124 ദിവസങ്ങള്‍ക്കു ശേഷമാണിത്.

43.5 മീറ്റർ പൊക്കവും 4 മീറ്റർ വിസ്തീർണവുമുള്ള എൽവിഎം3 എം4 ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ റോക്കറ്റാണ്. ജിഎസ്എൽവി മാർക് ത്രീ എന്നാണു മുൻപ് അറിയപ്പെട്ടിരുന്നത്. വിക്ഷേപണ സമയത്തു 640 ടണ്ണായിരുന്നു ഭാരം. ജിയോസിങ്ക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലേക്ക് 4,000 കിലോയും ലോവർ എർത് ഓർബിറ്റിലേക്ക് 8,000 കിലോയും ഭാരമെത്തിക്കാനാകും. 2014 ഡിസംബർ 18നാണ് ആദ്യമുപയോഗിച്ചത്.

ഇന്റര്‍-ഏജന്‍സി സ്പേസ് ഡെബ്രിസ് കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ (ഐഎഡിസി) നിര്‍ദേശമനുസരിച്ചു ലോവർ എർത് ഓർബിറ്റിൽ 25 വര്‍ഷമേ വിക്ഷേപണ വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ ഉണ്ടാവാന്‍ പാടുള്ളൂ. ഇതനുസരിച്ചാണ് എൽവിഎം3 എം4 റോക്കറ്റിന്റെ ഭാഗങ്ങൾ ഭൂമിയിൽ പതിച്ചത്. ഓഗസ്റ്റ് 23ന് ആണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ ‘ശിവശക്തി പോയിന്റിൽ’ വിക്രം ലാൻഡറും പ്രഗ്യാൻ റോവറും സോഫ്റ്റ്ലാൻഡിങ് നടത്തിയത്. ആദ്യത്തെ 10 ദിവസത്തിൽ ലക്ഷ്യങ്ങളെല്ലാം നിറവേറ്റി. പിന്നീട് ‘ഉറങ്ങിയ’ ദൗത്യഭാഗങ്ങൾ വീണ്ടും ഉണരുമോയെന്ന ആകാംക്ഷ ബാക്കിയാണ്.

English Summary:

'Uncontrolled Re-entry': Part of Chandrayaan-3 Enters Earth's Atmosphere, Crashes in Pacific Ocean

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com