ADVERTISEMENT

തിരുവനന്തപുരം∙ രാജ്യാന്തര വിമാനത്താവളത്തിൽ ഒരേ വിമാനത്തിലെത്തിയ രണ്ടു യാത്രക്കാരിൽനിന്നായി രണ്ടു കോടിയോളം രൂപയുടെ സ്വർണം പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി കൈതപ്പറമ്പിൽ സുഹൈബിനെ (34) ആണ് കസ്റ്റംസ് എയർ ഇന്റലിജൻസ് അറസ്റ്റ് ചെയ്തത്. സുഹൈബിന്റെ പക്കൽനിന്നു ഫ്ലാസ്കിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മിശ്രിത രൂപത്തിൽ കടത്തിയ 1.959 കിലോ സ്വർണം കണ്ടെത്തി. ഏകദേശം 1.2 കോടി രൂപയാണ് ഇതിന്റെ മൂല്യം കണക്കാക്കുന്നത്. 

സ്വർണലായനിയിൽ മുക്കിയ ശേഷം മടക്കി ബാഗിനുള്ളിൽ സൂക്ഷിച്ച ലുങ്കികളും പിടികൂടി. തിരുവനന്തപുരം കമലേശ്വരം സ്വദേശി മുഹമ്മദ് അഫ്സറിന്റെ (28) പക്കൽ നിന്നാണു 10 ലുങ്കികൾ പിടികൂടിയത്. ഈ ലുങ്കികളുടെ ഭാരം 4.3 കിലോഗ്രാമായിരുന്നു. ബാഗേജ് എക്സ്റേ പരിശോധന നടത്തിയപ്പോൾ സംശയം തോന്നിയാണു സാധനങ്ങൾ കസ്റ്റഡിയിലെടുത്തത്. ലുങ്കിയിൽനിന്നു സ്വർണം വേർതിരിച്ച് അളവെടുക്കുന്നതിനു കൊച്ചിയിലെ കസ്റ്റംസ് ലബോറട്ടറിയിലേക്ക് അയച്ചു. ഏകദേശം ഒരു കിലോഗ്രാം സ്വർണം ഈ ലുങ്കികളിൽ ഉണ്ടാകുമെന്നാണു കണക്കാക്കുന്നത്. ഏകദേശം 60 ലക്ഷം രൂപ വില വരും. ദുബായിൽനിന്ന് ഇന്നലെ പുലർച്ചെ എത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരാണ് ഇരുവരും. 

കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം അസിസ്റ്റന്റ് കമ്മിഷണർ എ.എം.നന്ദകുമാർ, സൂപ്രണ്ടുമാരായ വി.ടി.രാജശ്രീ, ഐ.വി.സീന, വീരേന്ദ്രകുമാർ, രാജീവ് രഞ്ജൻ, വിക്രാന്ത് കുമാർ വർമ, ഇൻസ്പെക്ടർമാരയ ജെയിംസ് അഗസ്റ്റിൻ, സുജാത വിജയൻ, ഹവിൽദാർമാരായ ബാബു രാജൻ, ഷൈജൻ തോമസ്, വിജയകുമാർ എന്നിവരാണ് സ്വർണം പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

English Summary:

Two crore gold was seized from two passengers in the airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com